തിരുവനന്തപുരം : വടക്കു കിഴക്കൻ ഡൽഹിയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. ആസൂത്രിതമായ കലാപം ആണ് ഡൽഹിയിൽ നടക്കുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കലാപം നോക്കി നിൽക്കുന്ന അവസ്ഥയാണ്. നിയന്ത്രിക്കാനുള്ള ഇടപെടൽ ഉണ്ടാകുന്നില്ല. ആഹ്വാനം ചെയ്താണ് കലാപം ഉണ്ടാക്കുന്നത്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും സംഭവത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം വടക്കു-കിഴക്കൻ ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡിക്കെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസദ്ദുദീന്‍ ഒവൈസി രംഗത്ത്. ഹൈദരാബാദിൽ തന്നെ നിൽക്കാതെ അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചു വരണം,സ്ഥിതിഗതികൾ നിയന്ത്രിക്കണമെന്നു ഒവൈസി പറഞ്ഞു.
ഡൽഹിയിലെ തീ അദ്ദേഹം കെടുത്തണം. ഇതിനോടകം അവിടെ ഏഴ് ആളുകള്‍ മരിച്ചു. ഇതിനെ ഒരു വര്‍ഗീയ കലാപമായി മാത്രം കാണാന്‍ സാധിക്കില്ല. ബിജെപി നേതാവായ ഒരു മുന്‍ എംഎല്‍എയെക്കൊണ്ടാണ് ഇത് സംഭവിച്ചതെന്നു പറഞ്ഞ ഒവൈസി എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനംപാലിക്കുന്നതെന്നു ചോദിച്ചു. ഡൽഹി സംഘർഷത്തിൽ ബിജെപി നേതാവ് കപില്‍ മിശ്രയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഒവൈസി നേരത്തെ വിമർശിച്ചിരുന്നു.
അതേസമയം സംഘർഷങ്ങളിൽ പോലീസ് അക്രമകാരികളുടെ പക്ഷത്താണെന്ന് പറഞ്ഞ ഒവൈസിക്കെതിരെ കിഷന് റെഡ്ഡി രംഗത്തെത്തിയിരുന്നു. ഒവൈസി ഇതിന് മുന്‍പും ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു റെഡ്ഡിയുടെ ആരോപണം.
Post Your Comments