കൊല്ലം: വിക്ടോറിയ ആശുപത്രി സൂപ്രണ്ട് സൈജു ഹമീദിനെ സസ്പെന്‍ഡ് ചെയ്തു. അശാസ്ത്രീയമായ ജോലി ക്രമീകരണത്തിലൂടെ ആശുപത്രി പ്രവര്‍ത്തനം സങ്കീര്‍ണമാക്കിയതിനും ആര്‍ദ്രം പദ്ധതിയെ അപമാനിച്ചതും സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന സന്ദേശങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ് നടപടി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) അന്വേഷണം നടത്തി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ കൃഷ്ണവേണിക്കാണ് പകരം ചുമതല.അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുള്‍പ്പെടെയുള്ള നിരവധി പരാതികളും സൂപ്രണ്ടിനെതിരെ ലഭിച്ചിരുന്നു.ഡോക്ടര്‍മാരുടെ യോഗം, സ്റ്റാഫ് മീറ്റിങ് എന്നിവ വിളിച്ചു ചേര്‍ക്കാത്തതും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ക്ക് എആര്‍എംഒ എന്ന തസ്തിക സൃഷ്ടിച്ച് ഹൗസ് സര്ജന്മാരുടെ അടക്കം ചുമതലകള്‍ നല്കിയതു മൂലം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി.
‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിച്ച ബാനറില്‍ ധര്‍മചക്ര ഗ്രീന്‍ ക്രെസെന്റ് ഇന്ത്യ എന്ന സംഘടനയുടെ പേര് പ്രദര്‍ശിപ്പിച്ചത് മേലധികാരികളുടെ അനുമതി ഇല്ലാതെയായിരുന്നു. കൂടാതെ ബാനറില്‍ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
Post Your Comments