Latest NewsNewsDevotional

പഞ്ച ഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് നമ്മുടെ ശരീരം; പഞ്ച ഭൂതങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാം

നമ്മുടെ ശരീരം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച ഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് എന്ന് ഏവര്ക്കും അറിയാവുന്നതാണല്ലോ. പക്ഷെ ഈ പഞ്ചഭൂതങ്ങള്‍ കൂട്ടിച്ചേര്‍ത്തു ഒരു ശരീരം കൃത്രിമമായി നിര്‍മ്മിക്കുവാന്‍ നമുക്ക് സാധ്യവുമല്ല. എന്താണ് കാരണം ? ഈ പഞ്ചഭൂതങ്ങളെക്കൂടാതെ മനസ്സ്; ബുദ്ധി; ബോധം; ഊര്‍ജ്ജം എന്നിവ കൂടിച്ചേര്‍ന്നതാണ് ജീവനുള്ള ഒരു ശരീരം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍; ശരീരത്തിനു ജീവന്‍ കൊടുക്കുന്നത് ജഡ വസ്തുക്കള്‍ ആയ പഞ്ച ഭൂതങ്ങള്‍ അല്ല ; മറിച്ച് സൂക്ഷ്മ തത്വങ്ങള്‍ ആയ മനസ്സ്, ബുദ്ധി, ബോധം, ഊര്‍ജ്ജം എന്നിവയാണ്. പഞ്ച ഭൂതങ്ങളാല്‍ നിര്‍മ്മിതമായ ശരീരത്തെ നമ്മുടെ ഋഷിമാര്‍ സ്ഥൂല ശരീരം എന്നും, മനസ്സ് ബുദ്ധി ബോധം എന്നിവയെ ഒന്ന് ചേര്‍ത്ത് സൂക്ഷ്മ ശരീരം എന്നും പറയുന്നു.

ചുരുക്കി പറഞ്ഞാല്‍ ഈ സൂക്ഷ്മ ശരീരത്തെ തന്നെയാണ് നാം ജീവന്‍ എന്നും; ആത്മാവ് എന്നും പറയുന്നത്. ഇവയെ ശാസ്ത്രീയമായി അറിഞ്ഞു അനുഭവിച്ചു സാക്ഷാത്കരിക്കുക എന്താണ് ഒരു സത്യാന്വേഷിയായ മനുഷ്യന്റെ ജീവിത ലക്‌ഷ്യം. പക്ഷെ ഇവയെ അറിയുന്നതിന് മുമ്പ് ഇവ എന്തെല്ലാം ആണെന്നും ഇവയുടെ ഗുണങ്ങള്‍ എന്തെല്ലാം ആണെന്നും അറിയേണ്ടതുണ്ട്. സനാതന ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന ബ്രഹ്മാവ്‌; വിഷ്ണു; ശിവന്‍; ശക്തി എന്നീ പ്രപഞ്ച ശക്തികളുടെ ഒരു വളരെ ചെറിയ ഒരു പ്രതിബിംബം മാത്രമാണ് നമ്മുടെ മനസ്സ്; ബുദ്ധി; ബോധം; ഊര്‍ജ്ജം എന്നിവ എന്നത് ചിന്തിച്ചു നോക്കിയാല്‍ ആര്‍ക്കും എളുപ്പം മനസ്സിലാകും.

മനസ്സ് / ബ്രഹ്മാവ്‌ / സൃഷ്ടി : ഇവയെല്ലാം ഒന്ന് തന്നെ നമ്മുടെ മനസ്സാണ് പുതിയ പുതിയ ചിന്തകളെ സൃഷ്ടിക്കുന്നത്, ആ ചിന്തകള്‍ക്ക് അനുസരിച്ചാണ് നാം ജീവിക്കുന്നതും , നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നതും. ചിന്തിച്ചാല്‍ നാം ഇന്ന് ആരാണോ ; എന്താണോ എല്ലാം നമ്മുടെ മനസ്സിന്റെ സൃഷ്ടി തന്നെ.

ബുദ്ധി / വിഷ്ണു / സ്ഥിതി : ഇവയും ഒന്ന് തന്നെ. മനസ്സില്‍ രൂപപ്പെട്ട ചിന്തകളെ നാം പിന്തുടര്‍ന്നതും അത് സാക്ഷാത്കരിക്കുവാന്‍ വേണ്ടി പ്രയത്നിച്ചതും; ആ പ്രയത്നത്തില്‍ നേരിട്ട തടസ്സങ്ങളെ മറി കടന്നത്തതും എല്ലാം നാം നമ്മുടെ ബുദ്ധി ഉപയോഗിച്ചാണ്. പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ നമ്മുടെ ബുദ്ധി തന്നെയാണ് അവതാരങ്ങള്‍ എടുത്ത് നമ്മെ അതില്‍ നിന്നും കര കയറ്റുന്നത്.

ബോധം / ശിവന്‍ / സംഹാരം : ഞാന്‍ ഉണ്ട്; എന്ന അറിവിനെ ആണ് ബോധം അഥവാ ആത്മാവ് എന്ന് പറയുന്നത്. മനസ്സ് ; ബുദ്ധി എന്നിവ ഉത്ഭവിക്കുന്നതും നില നില്‍ക്കുന്നതും അവസാനം ലയിക്കുന്നതും “ഞാന്‍”” എന്ന ആ ബോധത്തില്‍ തന്നെ. അതിന് ആരംഭമോ അവസാനമോ ഇല്ല. അതിന്റെ ഉദാഹരണം ആയിട്ടാണ് പുരാണങ്ങളില്‍ ബ്രഹ്മാവ്‌ ഹംസമായും, വിഷ്ണു വരാഹമായും യുഗങ്ങളോളം സഞ്ചരിച്ചിട്ടും ഭഗവാന്‍ പരമശിവന്റെ ആദിയും അന്തവും കണ്ടുപിടിക്കുവാന്‍ കഴിഞ്ഞില്ല എന്ന കഥയിലൂടെ നമ്മെ ഗുരുക്കന്മാര്‍ ഓര്‍മ്മിപ്പിക്കുന്നത്. കാരണം ആ ആത്മാവ് ഉണ്ട് എന്ന് അറിയുവാന്‍ മാത്രമേ മനസ്സും ബുദ്ധിയും ഉപകരിക്കൂ; ആത്മാവിനെ ആത്മാവ് കൊണ്ട് ആത്മാവില്‍ ദര്‍ശിക്കുന്നവന്‍ ആണ് ജ്ഞാനി ; അഥവാ അമൃതത്വം നേടുന്ന പുണ്യ പുരുഷന്‍..,.

ഊര്‍ജ്ജം / ശക്തി / കര്‍മ്മം : കര്‍മ്മം ചെയ്യുവാന്‍ ആവശ്യമായ ഊര്‍ജ്ജം ആണ് ശക്തി. ശാസ്ത്രത്തില്‍ ഇന്നും ഊര്‍ജ്ജത്തിന്റെ അളവായി നാം ശക്തി എന്ന പദം ഉപയോഗിക്കുന്നു. ഊര്‍ജ്ജം ഇല്ലെങ്കില്‍ ഈ പ്രപഞ്ചത്തില്‍ ഒരു ചലനവും ഉണ്ടാകില്ല. മനസ്സിനും ബുദ്ധിക്കും സ്പന്ദിക്കണം എങ്കില്‍ ഊര്‍ജ്ജം ആവശ്യമാണ്‌…,. ഈ ഊര്‍ജ്ജവും ബോധവും കൂടിച്ചേരുമ്പോള്‍ ആണ് ഒരു സൃഷ്ടി നടക്കുന്നത്; അതിനെയാണ് ശിവ-ശക്തി സംയോഗം എന്ന് നാം പറയുന്നത്.

ഒരു കുട്ടി ജനിക്കുമ്പോള്‍ ആ കുട്ടിക്ക് ബോധവും ഊര്‍ജ്ജവും ഉണ്ടായിരിക്കും ; പക്ഷെ ബുദ്ധിയും മനസ്സും ഉണ്ടായിരിക്കുകയില്ല, അഥവാ ഉണ്ടെങ്കില്‍ തന്നെ അവ പ്രവര്‍ത്തിക്കുന്നില്ല. സൃഷ്ടി സമയത്ത് പറയുന്ന വിഷ്ണുവിന്റെ ഉറക്കവും ഇത് തന്നെ. ബുദ്ധിയും മനസ്സും ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയ കാലം മുതല്‍ ഉള്ള കാര്യങ്ങള്‍ മാത്രമേ ആര്‍ക്കും ഓര്‍മ്മയില്‍ ഉണ്ടാകുകയുള്ളൂ. അതായത് ഏതൊരാള്‍ക്കും അയാളുടെ നാലോ അഞ്ചോ വയസ്സ് മുതല്‍ ഉള്ള കാര്യങ്ങള്‍ മാത്രമേ ഓര്‍മിച്ചു പറയുവാന്‍ കഴിയൂ.

ഇത്രയൊക്കെ പറഞ്ഞപ്പോള്‍ നാം തന്നെയാണ് ഈശ്വരന്‍ എന്നാണോ ഈ പറയുന്നത് എന്ന് എല്ലാവര്ക്കും തോന്നുന്നത് സ്വാഭാവികം. പക്ഷെ അങ്ങിനെ പറയുന്നത് ഒരുപോലെ ശരിയും തെറ്റുമാണ്. പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ ഈ കുഞ്ഞു ശരീരത്തില്‍ മനസ്സ്, ബുദ്ധി, ബോധം, ഊര്‍ജ്ജം എന്നിവ ഉണ്ടെകില്‍; പഞ്ച ഭൂതങ്ങളാല്‍ തന്നെ നിര്‍മ്മിതമായ ഈ മഹാ പ്രപഞ്ചത്തില്‍ ഇവയില്ലേ ???

ഉണ്ട് എന്ന് നമ്മുടെ ഋഷിമാര്‍ പറയുന്നു. നമ്മുടെ ശരീരത്തില്‍ സ്ഥിതി ചെയ്യുന്നത് പോലെ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന മനസ്സിനെ ബ്രഹ്മാവ്‌ എന്നും ; ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ബുദ്ധിയെ വിഷ്ണു എന്നും ; ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ബോധത്തെ പരമേശ്വരന്‍ എന്നും ; ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഊര്‍ജ്ജത്തെ ശക്തി അഥവാ ദേവി എന്നും പറയുന്നു.

ഇതില്‍ ആധുനിക ശാസ്ത്രം ഊര്‍ജ്ജം വരെ എത്തിയെന്ന് പറയാം ; ഇനിയങ്ങോട്ട് മുന്‍പിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു…! അവസാനമായി ഈ പ്രപഞ്ചം ഒരു ബൃഹത്തായ ; വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു തലച്ചോറിനു സമം ആണെന്നും പറയാന്‍ തുടങ്ങിയിരിക്കുന്നു; അത് സത്യം ആണെങ്കിലും അല്ലെങ്കിലും സത്യം അറിയുവാന്‍ ഉള്ളതാണ്. അനുഭവിക്കുവാന്‍ ഉള്ളതാണ്… ശാസ്ത്രത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരാം…!

മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കേണ്ടവയായി ഒന്നും തന്നെയില്ല. എല്ലാം സ്വയം അന്വേഷിച്ച് അനുഭവിച്ച് അറിയേണ്ട ശാസ്ത്രം മാത്രമാണ്. അതാണ്‌ സനാതന ധര്‍മ്മത്തിന്റെ മഹത്വവും. ഈ ലോകത്തില്‍ മറ്റൊരു സംസ്കാരത്തിനും അഥവാ മതത്തിനും ഇത്രയും ശാസ്ത്രീയമായി ഈശ്വരനെ നിര്‍വ്വചിക്കുവാന്‍ ഒരു കാലത്തും സാധ്യമല്ല. കാരണം സ്വര്‍ഗ്ഗം; നരകം; വിശ്വാസം മുതലായ അന്ധ വിശ്വാസങ്ങള്‍ മാത്രമേ മതങ്ങള്‍ക്ക് എന്നും പറയുവാന്‍ കഴിയൂ. കാരണം മതങ്ങള്‍ ഉണ്ടായതും നില നില്‍ക്കുന്നതും അന്ധ വിശ്വാസങ്ങളില്‍ മാത്രമാണ്. ഈ അന്ധവിശ്വാസങ്ങള്‍ നശിച്ചാല്‍ മതങ്ങള്‍ നശിക്കും. അതിനാല്‍ അന്ധ വിശ്വാസം പഠിപ്പിക്കുക; പ്രചരിപ്പിക്കുക എന്നതാണ് മതങ്ങളുടെ ലക്‌ഷ്യം.

ഗ്രന്ഥം ഏതുമാകട്ടെ; പറയുന്നത് ദൈവം തന്നെ ആയിക്കൊള്ളട്ടെ; ഒന്നും ഒരിക്കലും വിശ്വസിക്കരുത് ; ബുദ്ധിയിലൂടെയും യുക്തിയിലൂടെയും സത്യത്തെ അന്വേഷിക്കുക ; കണ്ടെത്തുക ; സാക്ഷാത്കരിക്കുക. അതാണ്‌ സനാതന ധര്‍മ്മം അഥവാ ഹൈന്ദവ ധര്‍മ്മം. ഒരു വിശ്വാസി എന്നും വഞ്ചിക്കപ്പെടും; കാരണം അവനു ബുദ്ധിയും ചിന്താ ശക്തിയും ഉണ്ടായിരിക്കുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button