KeralaLatest NewsNews

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയിട്ടും ജേക്കബ് തോമസിന് ശമ്പളം കൊടുക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയിട്ടും രണ്ട് വര്‍ഷമായി ജേക്കബ് തോമസിന് ശമ്പളം കൊടുക്കാതെ സര്‍ക്കാര്‍. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തി ഷൊറണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡി ആയി ചുമതലയേറ്റിട്ടും ശമ്പളമോ അലവന്‍സോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷമാണ് സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ജേക്കബ് തോമസിന്റെ തിരിച്ചു വരവ്.

സസ്‌പെന്‍ഷന്‍ റദ്ദാക്കി ജേക്കബ് തോമസിനെ തിരികെയെടുക്കാന്‍ ജൂലൈ 29നാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. വ്യവസായ വകുപ്പിലെ ബന്ധുനിയമ കേസില്‍ ഇ.പി.ജയരാജനെ പ്രതിയാക്കിയതോടെയാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സര്‍ക്കാരിന് അനഭിമതനായത്. ഇതേ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ട ജേക്കബ് തോമസ് സസ്‌പെഷനിലുമായി. എന്നാല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ജേക്കബ് തോമസിന് സര്‍ക്കാര്‍ വീണ്ടും നിയമനം നല്‍കിയതും വ്യവസായമന്ത്രിയായ ഇ പി ജയരാജന് കീഴില്‍ ആണെന്നതും ശ്രദ്ധേയമായി

ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് 2017 ഡിസംബറില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചത്. പിന്നീട് അനുമതിയില്ലാതെ പുസ്‌കമെഴുതിയതിനും തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ അഴിമതി കേസും ചൂണ്ടികാട്ടി സസ്‌പെന്‍ഷന്‍ കാലവധി പലതവണ നീട്ടി. തുടര്‍ച്ചയായ സസ്‌പെന്‍ഷനുകള്‍ നിയമലംഘനമെന്ന് ചൂണ്ടികാട്ടിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

2017 ഡിസംബറിലാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ് അവസാനമായി ശമ്പളം വാങ്ങിയത്. സസ്‌പെന്‍ഷന്‍ കാലയളിവിലെ വേതനം നല്‍കിയില്ലെന്ന് മാത്രമല്ല, നിലവില്‍ വഹിക്കുന്ന ചുമതലയുടെ ശമ്പളമോ മറ്റ് അലവന്‍സുകളോ ഒന്നും നല്‍കിയില്ലെന്നു മാത്രമല്ല ഡജിപി റാങ്കിലുളള ഉദ്യോഗസ്ഥനായിട്ടും വാഹനമോ, ജീവനക്കാരേയോ അനുവദിച്ച് നല്‍കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.വിരമിക്കാന്‍ മാസങ്ങള്‍ മാത്രം നിലനില്‍ക്കെയാണ് ജേക്കബ് തോമസിനെ എഡിജിപി റാങ്കിലേക്ക് തരം താഴ്ത്താന്‍ സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതും. സര്‍ക്കാര്‍ നീക്കത്തിന് മുമ്പേ തന്നെ കഴിഞ്ഞ മാര്‍ച്ചില്‍ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button