ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡല്‍ഹിയില്‍ എത്തി. മലയാളികള്‍ അടക്കം 323 ഇന്ത്യക്കാരും ഏഴ് മാലിദ്വീപ് സ്വദേശികളുമാണ് വിമാനത്തിലുള്ളത്. തിരികെ എത്തിയവരെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബംങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും. ഇവിടെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവരെ സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവദിക്കും. ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് പടരുകയാണ്.
ചൈനയില്‍ കുടുങ്ങിയ 324 പേരെ ഇന്നലെ തിരികെ എത്തിച്ചിരുന്നു. 42 മലയാളികളും ഇതില്‍ പെടും. ഇവരും ക്യാംപുകളിലാണ് കഴിയുന്നത്. 14 ദിവസത്തെ നിരീക്ഷണത്തിന് മാത്രമേ ഇവരെയും നാട്ടിലേക്ക് തിരികെ അയക്കൂ.
അതേസമയം കേരളത്തില്‍ രണ്ടാം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും മടങ്ങി എത്തിയയാളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇദ്ദേഹം ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ ആണെന്നും ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. എന്നാല്‍ എവിടെയുള്ള ആള്‍ക്കാണ് കൊറോണ വൈറസ് ബധിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
Post Your Comments