സിഡ്നി : ആകാശത്ത് ഇപ്പോള്‍ പ്രത്യക്ഷമാകുന്നത് പൈറോക്യുമുലോനിംബസ് മേഘങ്ങള്‍. അതിതീവ്ര ഇടിമിന്നലുകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും വഴിവെയ്ക്കുന്നത് ഡെഡ്ലി കോമ്പിനേഷന്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന ഈ മേഘങ്ങള്‍. കാട്ടു തീയെ തുടര്‍ന്ന് ആസ്ട്രേലിയയുടെ ആകാശത്താണ് ഈ പ്രതിഭാസം. തീ തുപ്പുന്ന മേഘവ്യാളി- ആകാശത്തെ ആ മേഘക്കൂട്ടത്തെ യുഎസ് ബഹിരാകാശ ഗവേഷണ സംഘടനയായ നാസ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് ഇതു രൂപപ്പെടുക. അഥവാ രൂപപ്പെട്ടാല്‍ തന്നെ അഗ്നിശമനസേനാംഗങ്ങള്‍ക്ക് പിന്നീടങ്ങോട്ട് ദുഃസ്വപ്നങ്ങളുടെ നാളുകളായിരിക്കും. അത്രയേറെ നശീകരണ പ്രവണതയുള്ളവയാണ് പൈറോക്യുമുലോനിംബസ് എന്നു കുപ്രസിദ്ധമായ മേഘപടലം. സ്വന്തമായി ഒരു മേഖലയിലെ കാലാവസ്ഥയെ ‘തീരുമാനിക്കാന്‍’ വരെ കഴിവുള്ള മേഘക്കൂട്ടം
Read Also : കാട്ടുതീ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സിഡ്നി ഭരണകൂടം
ഇപ്പോള്‍ ഓസ്ട്രേലിയയെ വിഴുങ്ങുന്ന കാട്ടുതീയെത്തുടര്‍ന്നും ആ മേഘം രൂപപ്പെട്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ കൊണ്ട് കൂടുതല്‍ ഇടങ്ങളിലേക്കു കാട്ടുതീ പടരുന്നതിനും നാശനഷ്ടങ്ങള്‍ വര്‍ധിക്കുന്നതിനും മരണത്തിനും വരെ ഇതിടയാക്കിയിരിക്കുന്നു. കാട്ടുതീയെത്തുടര്‍ന്നു മുകളിലേക്കുയരുന്ന കനത്ത പുകയാണ് തണുത്തുറഞ്ഞ് പൈറോക്യുമുലോനിംബസ് മേഘങ്ങളായി മാറുന്നത്.
എന്നാല്‍ ഇവ മഴയുണ്ടാക്കുന്നതിനേക്കാളും കൂടുതലായി ഇടിമിന്നലാണു സൃഷ്ടിക്കുന്നത്. ഒപ്പം കൊടുങ്കാറ്റും. ഇടിമിന്നല്‍ വഴി പുതിയ ഇടങ്ങളില്‍ കാട്ടുതീ സൃഷ്ടിക്കപ്പെടുമ്പോള്‍ കൊടുങ്കാറ്റ് തീക്കനലുകള്‍ പടരാന്‍ സഹായിക്കുന്നു. അതോടെ മാധ്യമങ്ങള്‍ ‘ഡെഡ്ലി കോംബിനേഷന്‍’ എന്നു വിശേഷിപ്പിക്കുന്ന അപൂര്‍വ പ്രതിഭാസത്തിനും പൈറോക്യുമുലോനിംബസ് മേഘം കാരണമാകുന്നു.
എന്നാല്‍ ഓസ്ട്രേലിയയില്‍ ഇവയ്ക്കൊപ്പം ‘ഫയര്‍ ടൊര്‍ണാഡോ’ കൂടി രൂപപ്പെട്ടിരിക്കുകയാണ്. ഈ തീച്ചുഴലിക്കാറ്റിന്റെ പിടിയില്‍പ്പെട്ട് ഒരു അഗ്നിശമനസേനാംഗം കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതിന്റെ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്നു.
ലോകത്തെ ഞെട്ടിച്ച രണ്ടു ഫയര്‍ ടൊര്‍ണാഡോകളാണ് നേരത്തേ രൂപപ്പെട്ടിട്ടുള്ളത്. അതിലൊന്ന് 2018ല്‍ കലിഫോര്‍ണിയയില്‍, മറ്റൊന്ന് ഓസ്ട്രേലിയയിലെത്തന്നെ കാന്‍ബറയില്‍ 2003ല്‍. കാട്ടുതീയ്ക്കൊപ്പം പൈറോക്യുമുലോനിംബസ് മേഘങ്ങള്‍ വഴിയുള്ള ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനും ഫയര്‍ ടൊര്‍ണാഡോയ്ക്കും മുന്നില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് ഓസ്ട്രേലിയന്‍ ജനത.
പൈറോക്യുമുലോനിംബസ് മേഘങ്ങള്‍ വഴിയുള്ള കൊടുങ്കാറ്റ് വിക്ടോറിയയിലെ തെക്കന്‍ മേഖലകളില്‍ രൂപപ്പെടുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. സിഡ്നിക്കു തെക്കായി 387 കിലോമീറ്റര്‍ മാറി സമാനമായ കാലാവസ്ഥ രൂപപ്പെട്ടതിന്റെ മുന്നറിയിപ്പ് ജനുവരി നാലിനും വന്നു.
Post Your Comments