റാഞ്ചി: ജാര്‍ഖണ്ഡിലെ 81 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നാണ് . പൗരത്വ ബില്‍ ഭേദഗതിയുടെ പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പായതിനാൽ രാജ്യം ഉറ്റുനോക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 24 ജില്ലാ ആസ്ഥാനങ്ങളിലായി രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.1995 മുതല്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് വിജയിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റാണ് സംസ്ഥാനത്തെ ഹോട്ട് സീറ്റായി കണക്കാക്കപ്പെടുന്നത്.
സരയു റായിയ്ക്കെതിരെയാണ് ഇത്തവണ രഘുഭര്‍ ദാസ് മത്സരിച്ചിട്ടുള്ളത്. സീറ്റ് വിഭജനത്തെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം ഉടലെടുത്തതോടെ ബിജെപി നേതാവായ സരയു റായി വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയെന്ന് വന്നാല്‍ ബിജെപിക്ക് ജാര്‍ഖണ്ഡില്‍ ഭരണത്തുടര്‍ച്ച അവകാശപ്പെടാനാവില്ല.മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് രാജ്യത്ത് പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്- ജെഎംഎം സഖ്യത്തിന് നിര്‍ണായകമായിരിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം നടക്കുന്ന മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് ജാര്‍ഖണ്ഡിലേത്. ഹരിയാണയിലും മഹാരാഷ്ട്രയിലും അധികാരത്തിലെത്താമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് രണ്ടിടത്തും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും വോട്ടെണ്ണല്‍ വരെ കാത്തിരിക്കൂ എന്നുമാണ് ബിജെപി ജനറല്‍ സെക്രട്ടറി ദീപക് പ്രകാശ് ഐഎഎന്‍സിനോട് പ്രതികരിച്ചത്.
അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബിജെപി ഭരണ കൊണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതി മുട്ടിയെന്നും വിശാലസഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് ജെഎംഎം സെക്രട്ടറിയുടെ പ്രതികരണം. 44 സീറ്റുകളില്‍ ജെഎംഎമ്മും 27 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ജനവിധി തേടിയത്.
Post Your Comments