KeralaLatest NewsIndia

വാഗമണില്‍ പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ എം.എല്‍.എ. മുതല്‍ സൂപ്പര്‍ഹിറ്റ്‌ സംവിധായകര്‍ വരെ

ആ സ്‌ഥലങ്ങളെല്ലാം ഇപ്പോഴും കൈയേറ്റക്കാരുടെ പക്കലാണ്‌.കൈയേറ്റഭൂമിയില്‍ മൂന്നു പാറമടകളും പ്രവര്‍ത്തിക്കുന്നുണ്ട്‌.

തിരുവനന്തപുരം : വാഗമണില്‍ പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ വമ്പന്‍മാര്‍ ഒട്ടേറെ. കൈയേറ്റമൊഴിപ്പിക്കാന്‍ എത്തിയ ദൗത്യസംഘത്തിന്റെ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്‌തമായത്‌. പ്രമുഖ മന്ത്രിയുടെ സഹോദരപുത്രന്‍, മുന്‍മന്ത്രി, എം.എല്‍.എ, മലയാള സിനിമയിലെ മൂന്നു പ്രമുഖ സംവിധായകര്‍, തെന്നിന്ത്യയിലെ പ്രമുഖ നടന്‍, ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ആത്മീയാചാര്യന്‍ എന്നിവരുള്‍പ്പെടെ വാഗമണില്‍ സര്‍ക്കാര്‍ഭൂമി കൈയേറി.

റവന്യൂ വകുപ്പ്‌ വാഗമണില്‍ മൂന്നാര്‍ മോഡല്‍ കൈയേറ്റമൊഴിപ്പിക്കലിനു ലക്ഷ്യമിടുന്നതായി “മംഗളം” റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതിനായി നിയോഗിച്ച ദൗത്യസംഘമാണു വമ്ബന്‍മാരുടെ കൈയേറ്റങ്ങള്‍ കണ്ടെത്തിയത്‌. വി.എസ്‌. സര്‍ക്കാര്‍ ബോര്‍ഡ്‌ സ്‌ഥാപിച്ച്‌ ഏറ്റെടുത്ത സ്‌ഥലങ്ങള്‍ വീണ്ടും കൈയേറ്റക്കാരുടെ പക്കലായി.സബ്‌ കലക്‌ടറും രണ്ടു തഹസില്‍ദാര്‍മാരും സംഘത്തിലുണ്ട്‌. റവന്യൂമന്ത്രി വാഗമണിലെത്തി കൈയേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ദൗത്യസംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്‌ റവന്യൂ വകുപ്പിനു കൈമാറി. മോഹന്‍ലാലിനെ നായനാക്കി സൂപ്പര്‍ ഹിറ്റ്‌ ചിത്രമൊരുക്കിയ ഒരു സംവിധായകനു തങ്ങള്‍പാറയ്‌ക്കു സമീപം മൊട്ടക്കുന്നുകള്‍പോലും സ്വന്തമാണ്‌. രാഷ്‌ട്രീയപ്രമുഖരുടെ മക്കള്‍ക്ക്‌ ഉള്‍പ്പെടെ വാഗമണില്‍ ഏക്കര്‍ കണക്കിനു ഭൂമിയുള്ളതായി ‘മംഗളം’ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.സംസ്‌ഥാന യുവജനക്ഷേമ ബോര്‍ഡ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാരാഗ്ലൈഡിങ്‌ നടക്കുന്ന സ്‌ഥലത്തിനു സമീപവും കൈയേറ്റമുണ്ട്‌.

ഒരു രാഷ്‌ട്രീയനേതാവാണ്‌ ഇവിടെ സ്‌ഥലം കൈയേറിയത്‌. പൈന്‍മരക്കാടിനു സമീപം പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ്‌ കൈയേറിയിരിക്കുന്നത്‌ ഏക്കറുകളാണ്‌. നവാഗത എം.എല്‍.എമാരില്‍ ഒരാള്‍ ഒരു മലതന്നെ കൈയേറിയിട്ടുണ്ട്‌. ഇതു പലപ്പോഴായി മുറിച്ചുവില്‍ക്കുകയും ചെയ്‌തു. വി.എസ്‌. സര്‍ക്കാരിന്റെ കാലത്തു കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ൈകേയറ്റം കണ്ടെത്തി 22 സ്‌ഥലങ്ങളില്‍ ബോര്‍ഡ്‌ സ്‌ഥാപിച്ചിരുന്നു.

ആ സ്‌ഥലങ്ങളെല്ലാം ഇപ്പോഴും കൈയേറ്റക്കാരുടെ പക്കലാണ്‌.കൈയേറ്റഭൂമിയില്‍ മൂന്നു പാറമടകളും പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടാണു സര്‍ക്കാരിനു ലഭിച്ചത്‌. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button