ന്യൂഡൽഹി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. വാളയാര്‍ സന്ദര്‍ശനത്തോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് അംഗം യശ്വന്ത് ജയിന്‍ ആരോപിച്ചു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വേണ്ട നിയമസഹായം നല്കുമെന്ന് അദ്ദേഹം പറഞ്ഞു.സന്ദര്‍ശനം മുന്‍കൂട്ടി അറിയിച്ചിട്ടും മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സര്‍ക്കാര്‍ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തി.
കേസിലെ ആരോപണ വിധേയരെ രക്ഷിക്കാന്‍ പ്രോസിക്യൂട്ടറെ അടിക്കടി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗം യശ്വന്ത് ജയിനാണ് അടുത്തിടെ വാളയാറില്‍ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശം.
അതിനിടെ, വാളയാര്‍ കേസില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു.പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും കേസ് അട്ടിമറിച്ചെന്ന് വാളയാറിലെ വീട്ടിലെത്തിയ ദേശീയ പട്ടിക ജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍ തുറന്നടിച്ചിരുന്നു. കേസില്‍ വലിയ വീഴ്ചകളുണ്ടായ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കമ്മീഷന്‍ ഡല്‍ഹിയ്ക്ക് വിളിപ്പിക്കും.
Post Your Comments