തിരുവനന്തപുരം : രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരു ഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ കേരളത്തിൽ ഉയർന്ന വിമർശനങ്ങൾ തള്ളി മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ എംഎൽഎ. ഹിന്ദി ഭാഷയെ സംബന്ധിച്ച വിവാദം അനാവശ്യമെന്നും ഹിന്ദി ദിനത്തിലെ അമിത്ഷായുടെ പരാമർശം വിവാദമാക്കാൻ ഇതര രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമിത് ഷായുടേത് സംഘപരിവാർ അജണ്ടയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചത്. ഹിന്ദി അജണ്ട പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
Also read : ഒരു രാജ്യം ഒരു ഭാഷ : അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് രമേശ് ചെന്നിത്തല
ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു രമേശ് ചെന്നിത്തല വിമർശിച്ചത്. വിഭജനത്തിന്റെയും വേർതിരിവിന്റെയും സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ പുറത്തുവരുന്നത്. എല്ലാ ഭാഷകൾക്കും തുല്യപ്രധാന്യമാണ് ഉള്ളത്. ഹിന്ദിക്ക് പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ല. നിരവധി കോടതി വിധികൾ ഉണ്ട്. ഇവയെല്ലാം മറികടന്നാണ് രഹസ്യ അജണ്ട നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് മലയാളത്തിൽ തൊഴിൽ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി കേരളത്തിൽ നിരാഹാരം സമരം നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഹിന്ദി പ്രേമവും കേരള സർക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ ഒരു രാജ്യം ഒരു ഭാഷ പരാമർശത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്തുണച്ചിരുന്നു. ഒരു ഭാഷ ജനങ്ങളെ ഒന്നിപ്പിക്കും. ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് ഹിന്ദി ഭാഷയാണ്. മാതൃഭാഷയോടൊപ്പം ഹിന്ദിയും തൊഴിൽ മേഖലയിൽ ഉപയോഗിക്കാമെന്നുംഅദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ട്വിറ്ററിലൂടെയാണ് അമിത് ഷാ ഈ പരാമർശം നടത്തിയത് വിവിധ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ ഭാഷകൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. എന്നാൽ ലോകത്തിനു മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments