ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബിലെ സിയാല്‍ കോട്ടില്‍ 1000 വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം 72 വര്‍ഷത്തിനു ശേഷം തുറന്നു കൊടുത്തു. വിഭജന സമയത്ത് അടച്ചിട്ടതാണ് സര്‍ദാര്‍ തേജസിങ് നിര്‍മിച്ച ധാരോവാലിലെ ഷാ വാലാ തേജ സിങ് ക്ഷേത്രം. അന്തരിച്ച റാഷിദ് നിയാസിന്റെ ‘ഹിസ്റ്ററി ഓഫ് സിയാല്‍കോട്ട്’ എന്ന പുസ്തകത്തില്‍ ലാഹോറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ തിരക്കേറിയ ധരോവല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഷവാല തേജ സിംഗ് ക്ഷേത്രത്തിന് 1,000 വര്‍ഷത്തിലേറെ പഴക്കമുണ്ട് എന്ന് വ്യക്തമാക്കുന്നു. 1992 ല്‍ ബാബ്രി പള്ളിയോടുള്ള പ്രതികരണമായി ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഈ ക്ഷേത്രത്തിന് ഭാഗികമായി നാശനഷ്ടമുണ്ടായിട്ടുണ്ടായിരുന്നു.
വിഭജനത്തിനുശേഷം ഇതാദ്യമായാണ് ക്ഷേത്രം ആരാധനയ്ക്കായി തുറന്നത്. രണ്ടായിരത്തോളം ഹിന്ദുക്കള്‍ ഈ പ്രദേശത്ത് താമസിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയം സന്ദര്‍ശിക്കുന്നതില്‍ പ്രദേശവാസികള്‍ ഏറെ സന്തുഷ്ടരാണ്. ഇപ്പോള്‍ ധാരാളം പ്രാദേശിക ഹിന്ദുക്കള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു. രാജ്യത്തിന്റെ വിവിധഭാഗത്തുള്ള ഹിന്ദുക്കള്‍ ക്ഷേത്രത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments