Latest NewsArticleKerala

എല്‍ദോ എംഎല്‍എയെ തല്ലിയതില്‍ രണ്ട് പക്ഷം;  ഒരു പക്ഷവുമില്ലാത്ത കാനത്തോട് മാറിത്തരണമെന്ന് പ്രവര്‍ത്തകര്‍

സി പി എമ്മും സി പി ഐ യും തമ്മില്‍  ലയിക്കണമെന്ന വാദം തുടങ്ങിയിട്ട് കാലങ്ങളായി. ഏറക്കുറെ സി പി എമ്മിന്റെ പ്രായത്തോളം വരും ലയനവാദത്തിനും. എന്നാല് അടുത്തിടെ അരങ്ങേറുന്ന സംഭവങ്ങള്‍  ലയനം സാധ്യമല്ലെന്നത് മാത്രമല്ല കാര്യങ്ങള്‍  കൂടുതല് സങ്കീര്‍ണമാണെന്ന് കൂടിയാണ് തെളിയിക്കുന്നത്. ഇടത് ഐക്യത്തിന് വേണ്ടി സി.പി.എമ്മുമായി വിട്ടുവീഴ്ച ചെയ്ത് നീങ്ങുന്ന സി.പി.ഐക്കേറ്റ അടിയായി മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോസ് എബ്രഹാം അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് നേരേ നടന്ന പൊലീസ് ലാത്തിച്ചാര്‍ജ്ജ്. കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പാര്‍ട്ടി എംഎല്‍എയ്ക്കും നേതാക്കള്‍ക്കും പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായിക്ക് വിധേയനായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നെന്നാണ് പാര്‍ട്ടി അനുയായികളുടെ പരാതി. അവര്‍ക്ക് അങ്ങനെയൊരു പരാതിയുണ്ടെങ്കില്‍ കുറ്റം പറയാനാകില്ല. കാരണം പാര്‍ട്ടി എംഎല്‍എയക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്.

സംഭവം ഇങ്ങനെയാണ്. വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ നടപടി സ്വീകരിച്ചില്ലെന്നാരാപിച്ച് സി.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ നടത്തിയ മാര്‍ച്ചില്‍ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചു.  പൊലീസ് ലാത്തിച്ചാര്‍ജില്‍ കയ്യൊടിഞ്ഞ എംഎല്‍എയെ  എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൊച്ചി റേഞ്ച് ഐ.ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു സംഘര്‍ഷം.  എംഎല്‍എയെ പൊലീസ് വളഞ്ഞിട്ട് അടിച്ചെന്നാണ്  സിപിഐ പറയുന്നത്. മുതുകത്ത് ലാത്തിയടിയേറ്റ നിലയില്‍ ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച എംഎല്‍എയെ കൈയ്ക്ക് വേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നത്രെ. ഇതോടെയാണ് കൈക്ക് പൊട്ടലുള്ള കാര്യം അറിയുന്നത്. ഇതോടെ അദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മര്‍ദന ചിത്രമടക്കം തെളിവായി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ എം.എല്‍.എ എല്‍ദോ എബ്രഹാം പൊലീസിനെതിരെ മൊഴി നല്‍കി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്ഐ ചൂരലുകൊണ്ട് ആഞ്ഞടിക്കുന്ന ചിത്രമാണ് എല്‍ദോ എബ്രഹാം പുറത്ത് വിട്ടത്. പൊലീസ് അതിക്രമത്തിനുള്ള തെളിവ് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ഇതാണെന്നും എംഎല്‍എ പറയുന്നു. എറണാകുളം സെന്‍ട്രല്‍ എസ്ഐ വിബിന്‍ദാസാണ് ഇരുകൈയ്യും കൂട്ടിപ്പിടിച്ച് എല്‍ദോയെ ആഞ്ഞടിക്കുന്നത്. കേവലമൊരു പ്രതിഷേധ പ്രകടനത്തെ പിരിച്ചുവിടുക എന്നതിലുപരി ലാത്തിചാര്‍ജിനു പിന്നില്‍ പൊലീസിന് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടായിരുന്നു എന്നതിനുളള തെളിവായി കൂടിയാണ് സിപിഐ നേതൃത്വം ഈ ചിത്രത്തെ വ്യാഖ്യാനിക്കുന്നത്. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെ കഴിഞ്ഞദിവസം പൊലീസ് തടഞ്ഞതും ഇതിനിടെ  വിവാദമായിരുന്നു.

അതേസമയം എംഎല്‍എക്ക് തല്ലുകൊണ്ടത് നിര്‍ഭാഗ്യകരമെന്ന് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ദോഎബ്രഹാം എംഎല്‍എ യേയും സിപിഐ നേതാക്കളെയും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും നല്‍കി. ഞാറയ്ക്കല്‍ സി.ഐയെ മാറ്റണമെന്നാണ് സി.പി.ഐയുടെ ആവശ്യം. എന്നാല്‍ സി.പി.എമ്മിന് ഇക്കാര്യത്തില്‍ വലിയ താത്പര്യമില്ല.  ലാത്തിചാര്‍ജ്ജിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ എറണാകുളം കളക്ടര്‍ എസ് സുഹാസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയൊക്കെ  കാര്യങ്ങള്‍ നടന്നിട്ടും പ്രവര്‍ത്തകരുടെ  വികാരം മനസിലാക്കി കൂടെ നില്‍ക്കാന്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ തയ്യാറായില്ല എന്നതാണ് സിപിഐ പ്രവര്‍ത്തകരെ രോഷം കൊള്ളിക്കുന്നത്. പാര്‍ട്ടിയുടെ എംഎല്‍എയും ഒരു ജില്ലാ സെക്രട്ടറിയും പോലീസ് മര്‍ദ്ദനമേറ്റ് 48 മണിക്കൂര്‍ കഴിയുമ്പോഴും ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് കാനം രാജേന്ദ്രന്‍. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കൂടുതലൊന്നും പറയാനില്ലെന്നാണ് കാനം വിഷയത്തില്‍ പ്രതികരിച്ചത്. മന്ത്രിസഭാ യോഗത്തില്‍ എ കെ ബാലന്‍ സിപിഐ മന്ത്രിമാരുടെ വാദത്തെ ചോദ്യം ചെയ്തിട്ടും നിലപാടില്‍ അണുവിട വ്യത്യാസം വരുത്തിയിട്ടില്ല കാനം.

പാര്‍ട്ടി സെക്രട്ടറിയുടെ ഈ നിലപാടില്‍ സിപിഐയില്‍ പല നേതാക്കള്‍ക്കും കടുത്ത വിയോജിപ്പുണ്ട്. ഇതിനിടെ  കാനം രാജേന്ദ്രനെതിരെ
ആലപ്പുഴയില്‍ പോസ്റ്റര്‍ ഒട്ടിച്ച് ചിലര്‍ പ്രതിഷേധമറിയിച്ചുകഴിഞ്ഞു.  പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ചുവരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമര്‍പ്പിച്ചുള്ളതാണ് പോസ്റ്റര്‍. അമ്പലപ്പുഴ സിപിഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  പോലീസ് നടപടിയില്‍ കാനം രാജേന്ദ്രന്റെ മൃദു സമീപനത്തോടുള്ള  കടുത്ത അതൃപ്തിയുടെ ഭാഗമായാണ് ഇത് കരുതപ്പെടുന്നത്.  അതേസമയം കാനത്തിന്റെ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു.

കൊച്ചിയിലെ പ്രാദേശിക പ്രശ്‌നമായതിനാല്‍ അത് സംസ്ഥാനതലത്തില്‍ മുന്നണി ബന്ധത്തെ ബാധിക്കാതെ കൈകാര്യം ചെയ്യണമെന്ന നിലപാടിലായിരുന്നു  സി.പി.എം, സി.പി.ഐ നേതൃത്വങ്ങള്‍. പൊലീസിനെ ന്യായീകരിക്കുന്ന കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സിപിഐ ജില്ലാഘടകത്തിന് കടുത്ത അമര്‍ഷവുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആകുമ്പോഴും കാനം ഗൗരവമായി പ്രശ്‌നത്തില്‍ ഇടപെടാത്തത് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ ആക്കം കൂട്ടുകയേയുള്ളു. എന്തായാലും നിലപാടില്ലാത്ത പാര്‍ട്ടി സെക്രട്ടറിയല്ല താനെന്ന് കാനം മുമ്പ് പല തവണ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കാണിക്കുന്ന വിധേയത്വം സോഷ്യല്‍മീഡിയകളില്‍ ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button