ന്യൂഡല്‍ഹി : രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ല പതിനേഴാം ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഓം ബിര്‍ലയെ നിര്‍ദേശിച്ചുള്ള പ്രമേയം അവതരിപ്പിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുമെന്ന് ബിര്‍ള അറിയിച്ചു.
ലോക്സഭ മണ്ഡലമായ കോട്ടയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുള്ള ബിര്‍ള സ്പീക്കര്‍ സ്ഥാനത്തിരുന്നും അത് തുടരുമെന്ന് മോദി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണാവശ്യം ശക്തമായി ഉന്നയിക്കുന്ന നേതാക്കളിലൊരാളാണ് മുന്‍ യുവമോര്‍ച്ച ദേശിയ വൈസ് പ്രസിഡന്റായിരുന്ന ബിര്‍ള. ബാബറി മസ്ജിദ് പൊളിച്ച കര്‍സേവ സംഘത്തില്‍ ഉണ്ടായിരുന്ന ഓം ബിര്‍ള ഇതിനായി ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാരും എന്‍ഡിഎ സഖ്യകക്ഷി നേതാക്കളും പിന്തുണച്ചു. അതേസമയം ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം വൈകിട്ട് ചേരും. നീക്കത്തെ എതിര്‍ക്കാനാണു കോണ്‍ഗ്രസ് തീരുമാനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ പങ്കെടുക്കില്ല.
Post Your Comments