തിരുവനന്തപുരം: ബിഹാറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ പൊലീസുകാരുടെ മടക്കയാത്ര വാഗണ്‍ ട്രാജഡിക്ക് സമാനം. മാവോയിസ്റ്റു ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പിന് രാപ്പകലില്ലാതെ സുരക്ഷയൊരുക്കിയ പൊലീസുകാരെയാണ് ജനറല്‍ കംപാര്‍ട്ടുമെന്റില്‍ കുത്തിനിറച്ച് മൂന്നു ദിവസത്തെ മടക്കയാത്രക്ക് അയച്ചിരിക്കുന്നത്.പട്ന – എറണാകുളം എക്‌സ്പ്രസില്‍ 114 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ജനറല്‍ കംപാര്‍ട്മെന്റിലാണ് 200 പൊലീസുകാരെ കുത്തിനിറച്ച് കൊണ്ടുവരുന്നത്. ഇന്നലെ വൈകിട്ട് പട്നയില്‍ നിന്നുമാണ് പോലീസുകാര്‍ യാത്ര തുടങ്ങിയത്.
ബിഹാറില്‍ മാവോയിസ്റ്റ്, ബൂത്ത് പിടിത്ത സാധ്യതകളുള്ള ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് കേരളത്തില്‍ നിന്നുള്ള പൊലീസുകാരെ നിയോഗിച്ചിരുന്നത്. സിആര്‍പിഎഫിനു കീഴിലാണ് കേരളത്തില്‍ നിന്നുള്ള കെപി1, കെപി 5 ബറ്റാലിയനുകളെ ബിഹാറിലേക്ക് കൊണ്ടുപോയത്.കോട്ടയത്തു നിന്നുള്ളവരാണ് കെപി5 ബറ്റാലിയന്‍. കെപി1 ല്‍ എറണാകുളം കേന്ദ്രീകരിച്ചുള്ള പൊലീസ് സേനയാണ്.
കടുത്ത ചൂടില്‍ തുടര്‍ച്ചയായ ജോലി കഴിഞ്ഞു ക്ഷീണിതരായി വരുന്ന പൊലീസുകാര്‍ക്ക് ഒന്നു കിടന്നുറങ്ങാന്‍ പോലും ഈ യാത്രയില്‍ കഴിയുന്നില്ല. പൊലീസുകാരുടെ എണ്ണത്തിന് ആനുപാതികമായി സീറ്റ് നല്‍കാനുള്ള കരുണ പോലും തെരഞ്ഞെടുപ്പ് കമ്മിഷനോ പട്ടാള നേതൃത്വമോ കാണിച്ചില്ലെന്ന് പൊലീസുകാര്‍ പറയുന്നു. സീറ്റിങ് കപ്പാസിറ്റിയിലും വളരെ കൂടുതലാണ് പൊലീസുകാര്‍. ജനറല്‍ കംപാര്‍ട്മെന്റായതിനാല്‍ ടിക്കറ്റെടുത്ത് സാധാരണ യാത്രക്കാരും ഇടിച്ചുകയറുന്നുണ്ട്. കനത്ത ചൂടും കിടന്നുറങ്ങാനോ നേരെ ഇരിക്കാനോ പോലും ഇടമില്ലാത്തതും വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി ഇവരെ ആദ്യം നിയോഗിച്ചത് ലക്ഷദ്വീപിലായിരുന്നു. അതിന് ശേഷം കേരളത്തിലെത്തിയ ഇവര്‍ ഇവിടുത്തെ തെരഞ്ഞെടുപ്പ് ചുമതലകളും നിര്‍വഹിച്ച ശേഷമാണ് ബീഹാറിലേക്ക് പോകുന്നത്. ഏപ്രില്‍ 26 ന് തൃശൂരില്‍ നിന്നാണ് യാത്ര തിരിച്ച ഇവര്‍ക്ക് അന്നും ഇത്തരം അവസ്ഥതന്നെ നേരിടേണ്ടി വന്നിരുന്നു.4ദിവസം പല സ്ഥലങ്ങളിലൂടെ കറങ്ങിയാണ് ഏപ്രില്‍ 30ന് ബിഹാറില്‍ ഇവരെ എത്തിച്ചത്. അന്നും ജനറല്‍ കംപാര്‍ട്മെന്റാണ് തന്നെയാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്.
ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു ശേഷം കേരളത്തിലെ തെരഞ്ഞെടുപ്പ് ജോലികളും ചെയ്തവരാണ് വിശ്രമമില്ലാതെ ബിഹാറിലേക്ക് പോയത്. തിരിച്ചുവരുമ്പോള്‍ ക്ഷീണിതരായിരിക്കുമെന്നും സ്ലീപ്പര്‍ ക്ലാസെങ്കിലും ഒരുക്കണമെന്നും പൊലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും തിരഞ്ഞെടുപ്പ് കമ്മിഷനും സിആര്‍പിഎഫും തള്ളിക്കളഞ്ഞതായി പൊലീസുകാര്‍ പറയുന്നു. 25ന് രാവിലെയാണ് പൊലീസ് സംഘം നാട്ടിലെത്തുക.
Post Your Comments