കൊച്ചി : ഐ എസ് ഭീകരർ കേരളത്തിൽ ഓൺലൈൻ ബുക്കിംഗ് ഹോട്ടലുകൾ,ഹോംസ്റ്റേകൾ എന്നിവ താവളമാക്കിയെന്ന സൂചനകളെ തുടർന്ന് ഇവിടങ്ങളിൽ കർശന പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിവിധ അന്വേഷണ ഏജൻസികൾ പ്രത്യേകമായാണ് പരിശോധനയ്ക്കെത്തിയത് . ഹോം സ്റ്റേ ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങൾ കർശന നിരീക്ഷണത്തിലാക്കിയിരിക്കുകയായിരുന്നു വിവിധ അന്വേഷണ വിഭാഗങ്ങൾ.
ഇതിന്റെ തുടർച്ചയായാണ് സംശയമുള്ള സ്ഥാപങ്ങളിലെ കഴിഞ്ഞ കാലങ്ങളിലെ താമസക്കാരുടെ വിവരങ്ങൾ നേരിട്ടെത്തി ശേഖരിച്ചും,ജീവനക്കാരുടെ മൊഴി പ്രകാരം സംശയകരമായ സാഹചര്യത്തിൽ എത്തിയവരുടെ റൂമുകളിൽ കടന്നുമുള്ള പരിശോധന. വ്യാജ ഇ മെയിൽ വിലാസത്തിലൂടെ ഓൺലൈൻ റൂം ബുക്കിംഗ് ആപ്പിൽ രജിസ്റ്റർ ചെയ്ത് മറ്റാരുടെയെങ്കിലും മൊബൈൽ ഫോൺ നമ്പറിലേക്ക് ഒ ടി പി സ്വീകരിച്ചും കാര്യമായ സുരക്ഷാ പരിശോധനകളിലേക്കൊന്നും കടക്കാതെ എവിടെയും റൂം ബുക്ക് ചെയ്യാമെന്ന സൗകര്യവും വിധ്വംസക പ്രവർത്തകർ പ്രയോജനപ്പെടുത്തുകയാണ്.
കേരളത്തിലെ ഭീകരവാദികൾക്ക് സഹായവുമായി എത്തിയവരാണ് ഓൺ ലൈൻ റൂമുകൾ ഒളിസങ്കേതമാക്കിയതെന്നാണ് വിവരം.ഇവിടത്തെ ഐ എസ് ഭീകരവാദികളുടെ വീടുകളിലോ,സമീപ രഹസ്യകേന്ദ്രങ്ങളിലോ തങ്ങിയാൽ പോലും സംശയകരമായ സാഹചര്യത്തിലുള്ള ആളെ കുറിച്ച് അതിവേഗം വിവരം പുറത്താകുമെന്നതുകൊണ്ടാണ് ഓൺ ലൈൻ റൂം ബുക്കിംഗ് കേന്ദ്രങ്ങളെ ഇവർ ഉപയോഗിച്ചതെന്നാണ് വിവരം. നേരത്തെ മുനമ്പം മനുഷ്യക്കടത്തിലും,ആസൂത്രകരും,കടന്നുകളഞ്ഞവരും ഇത്തരം താമസ കേന്ദ്രങ്ങളെ പ്രയോജനപ്പെടുത്തിയിരുന്നു.ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments