KeralaLatest News

പ്രമുഖ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിനെ പ്രതിരോധത്തിലാഴ്ത്തി സ്റ്റിംഗ് ഓപ്പറേഷന്‍. പ്രമുഖ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയിരിക്കുന്നത് സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ദേശീയ ചാനലായ ടി വി 9 ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയത് യു ഡി എഫിന്റെ കോഴിക്കോട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എം കെ രാഘവനാണ്. ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ ആളാണെന്ന വ്യാജേന ഹോട്ടല്‍ വ്യവസായത്തിനായി ഭൂമി വാങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടെത്തിയ റിപ്പോര്‍ട്ടറോട് രണ്ട് കോടി രൂപ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഓപ്പറേഷന്‍ ഭാരത് വര്‍ഷ് എന്ന് പേരിട്ട ടിവി 9 ചാനലിന്റെ അന്വേഷണാത്മക സ്റ്റിംഗ് ഓപ്പറേഷനിലാണ് എം കെ രാഘവന്‍ കുടുങ്ങിയത്.

തനിക്ക് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി 20 കോടി രൂപവരെ ചെലവായിട്ടുണ്ടെന്നും എം കെ രാഘവന്‍ റിപ്പോര്‍ട്ടറോട് പറയുന്നുണ്ട്. ഈ പണം കറന്‍സി ആയിട്ടാണ് വാങ്ങുകയും ചെലവാക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

ഡമ്മി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനും പ്രചാരണത്തിനിറങ്ങുന്ന അണികള്‍ക്ക് മദ്യം വാങ്ങുന്നതിനുമെല്ലാം ലക്ഷക്കണക്കിനു രൂപ ചെലവാകാറുണ്ടെന്നും എം കെ രാഘവന്‍ പറയുന്നതായും ദൃശ്യങ്ങളിലുണ്ട്.

പാര്‍ട്ടി 2 കോടി രൂപ മുതല്‍ അഞ്ചുകോടിരൂപ വരെ നല്‍കാറുണ്ടെന്നും അതും കണക്കില്‍പ്പെടാതെ കറന്‍സിയായാണ് നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ ആളായെത്തിയ റിപ്പോര്‍ട്ടര്‍ നല്‍കാമെന്നേറ്റ കോഴപ്പണവും കറന്‍സിയായിത്തന്നെ വേണമെന്നും അതിനായി തന്റെ സെക്രട്ടറിയെ വിളിച്ചാല്‍ മതിയെന്നും എം കെ രാഘവന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും ഇളക്കി മറിക്കുന്ന ഈ സ്റ്റിംഗ് ഓപ്പറേഷന്‍ എതിരാളികള്‍ പ്രചാരണായുധമാക്കും. ഇക്കാര്യം യുഡിഎഫിനെ പ്രതിരോധത്തിലാക്കും എന്ന കാര്യത്തില്‍ സംശമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button