അഡ്വ.എ ജയശങ്കര്‍
കൊടുത്താൽ കൊച്ചിയിലും കിട്ടും. തോമസ് മാഷിന് ഇപ്പോൾ അതു മനസിലായി.
1984ൽ സിറ്റിങ് മെമ്പറായ സേവ്യർ അറക്കലിൻ്റെ പേരു വെട്ടിയിട്ടാണ് കെ കരുണാകരൻ കെവി തോമസിനെ എറണാകുളത്ത് സ്ഥാനാർഥിയാക്കിയത്. അന്ന് അറക്കൽ പരിഭവിച്ചു; വരാപ്പുഴ ആർച്ച് ബിഷപ്പ് പ്രതിഷേധിച്ചു. കരുണാകരൻ കുലുങ്ങിയില്ല. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ട സഹതാപ തരംഗത്തിൽ തോമസ് മാഷ് ജയിച്ചു. 89ലും 91ലും ജയം ആവർത്തിച്ചു.
ഫ്രഞ്ച് ചാരക്കേസിൽ ചീത്തപ്പേരു കേൾപ്പിച്ച മാഷ് 1996ൽ തോറ്റു. ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കൽ വിജയിച്ചു. ഒരു മധുര പ്രതികാരം.
കരുണാകരൻ്റെ കരുണാ കടാക്ഷത്താൽ തോമസ് മാഷ് എറണാകുളം DCC പ്രസിഡന്റായി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രൊഫ ആൻ്റണി ഐസക്കിനെയും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ലിനോ ജേക്കബിനെയും കാലുവാരി തോല്പിച്ചു.
2001ൽ എറണാകുളത്തു നിന്ന് നിയമസഭാംഗമായി. കരുണാകരൻ വാശിപിടിച്ചു തോമസിനെ മന്ത്രിയാക്കി. (അങ്ങനെ ഉമ്മൻചാണ്ടിയുടെ അവസരം ഇല്ലാതാക്കി). മന്ത്രിയായ ഉടൻ മാഷ് ലീഡറെ തളളിപ്പറഞ്ഞ് ആൻ്റണിയുടെ വിശ്വസ്തനായി. 2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ തോമസ് മാഷിനെ ഒഴിവാക്കി. പകരം ഡൊമിനിക്ക് പ്രസൻ്റേഷനെ മന്ത്രിയാക്കി.
2006ലെ വിഎസ് തരംഗത്തിലും മാഷ് ജയിച്ചു കയറി. അതേസമയം ഡൊമിനിക്കിനെ പാരവെച്ചു തോല്പിച്ചു. അതാണ് തോമസ് മാഷ്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എകെ ആൻ്റണിയും നിർദേശിച്ച പേര് ഹൈബി ഈഡൻ്റെയായിരുന്നു. വരാപ്പുഴ മെത്രാൻ കത്ത് കൊടുത്തതും ഹൈബിക്കു തന്നെ. പക്ഷേ, റോബർട്ട് വാദ്രയെ വട്ടം പിടിച്ചു തോമസ് മാഷ് സീറ്റ് ‘വാങ്ങി’. ഭൂരിപക്ഷം കുറഞ്ഞു എങ്കിലും ജയിച്ചു. പിജെ കുര്യനെയും പിസി ചാക്കോയെയും വെട്ടി കേന്ദ്ര മന്ത്രിയായി. 2014ൽ വീണ്ടും ജയിച്ചു. പിഎസി ചെയർമാനായി.
സോണിയാജിയുടെ സ്ഥാനത്ത് രാഹുൽജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു. തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി. ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി. ഹൈബി ഈഡനാണ് ഇത്തവണ സ്ഥാനാർഥി. തിരുതയല്ല, സരിതയാണ് ഇക്കുറി എറണാകുളത്തിൻ്റെ ഐശ്വര്യം.
തോമസ് മാഷ് വളരെ ഖിന്നനും ക്ഷുഭിതനുമാണ്. ബിജെപിയിൽ ചേരുന്ന കാര്യം ആലോചിക്കുന്നു. നരേന്ദ്രമോദിയും അമിത് ഷായും മീൻ കഴിക്കില്ല. അതാണ് ഒരേയൊരു പ്രതിബന്ധം.
(രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ ജയശങ്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഈ ലേഖനം)
Post Your Comments