Latest NewsSports

നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയം; ബാഴ്‌സയ്ക്ക് വെറും സ്വപ്‌നമോ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളില്‍ ഒന്നാണ് ബാഴ്‌സലോണ. ക്ലബിന്റെ ഹോം ഗ്രൗണ്ടായ ന്യൂ കാമ്പില്‍ 99354 സീറ്റുകളാണ് നിലവിലുളളത്. എന്നാല്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയം ബാഴ്‌സയുടെ സ്വപ്നമാണ്. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളാണ് വര്‍ഷങ്ങളായി ന്യൂ കാമ്പിലെ കാഴ്ച്ച. 2017-18 സീസണില്‍ ശരാശരി സ്റ്റേഡിയത്തിന്റെ 71 ശതമാനം മാത്രമാണ് ആരാധകരെത്തിയത്. ലോക ഫുട്‌ബോള്‍ ഇതിഹാസം മെസിയുണ്ടായിട്ടും ഇതാണ് അവസ്ഥ. പലകാരണങ്ങളാണ് ഇതിനുള്ളത്. 2017 ആഗസ്റ്റില്‍ ബാഴ്‌സലോണയും ലോകം ഒന്നടങ്കവും ഞെട്ടിയ ഭീകരാക്രമണത്തിനാണ് ലാ റാംല സാക്ഷ്യം വഹിച്ചത്.

ബാഴ്‌സലോണ സിറ്റിക്ക് വിവരിക്കാനാവാത്ത പ്രത്യാഘാതങ്ങള്‍ വരുത്തിവച്ച ഒന്നായിരുന്നു ആ ഭീകരാക്രമണം. 2017ല്‍ ടൂറിസം മേഖലയില്‍ 13.9 ശതമാനം ഇടിവ് സംഭവിച്ചു. പ്രാദേശികവും വിദേശികളുമായ ആരാധകര്‍ സ്റ്റേഡിയത്തെ മറന്നു. അക്രമണത്തിന് ശേഷം നടന്ന ആദ്യ മത്സരത്തില്‍ കേവലം 54,560 ആരാധകരാണ് കളികാണാനെത്തിയത്. ജനങ്ങള്‍ മറ്റുവിഷയങ്ങളില്‍ തിരക്കിലായതിനാല്‍ ഫുട്‌ബോളിനോട് ആഗ്രഹം കുറഞ്ഞിരിക്കുന്നു എന്നാണ് ടീമിന്റെ വൈസ് പ്രസിഡന്റ് ജോര്‍ഡി കാര്‍ഡോണര്‍ അന്ന് പറഞ്ഞത്.

1957ല്‍ നിര്‍മിച്ച സ്റ്റേഡിയം ഇനിയും പുതുമയോടെ നിലനില്‍ക്കുമോ? ആധുനിക സുഖസൗകര്യങ്ങളില്‍ എത്രയോ പിന്നിലാണ് സ്റ്റേഡിയം. ഇതിനെ മറികടക്കാന്‍ ബാഴ്‌സലോണ സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണത്തിന് പദ്ധതിയിട്ടിട്ടുണ്ട്. ന്യൂ കാമ്പ് കൂടുതല്‍ സൗകര്യവും കൂടുതല്‍ ആധുനികവുമായി പുതുക്കിപണിയുമെന്നാണ് ബാഴ്‌സയുടെ വാഗ്ദാനം. 99,354 നിന്നും 105,000ലേക്ക് സീറ്റ് കപ്പാസിറ്റി ഉയര്‍ത്താനും പദ്ധതിയുണ്ട്.

ഞങ്ങളെപ്പോലെ ഒരു ടീമിന് ലോകത്തിലെ ഏറ്റവും നല്ല സ്റ്റേഡിയമുണ്ടായിരിക്കണമെന്നും 2022ഓടുകൂടി പണിതീരുമെന്നും ബാഴ്‌സലോണ അധികൃതര്‍ പറയുന്നു.ഒരു മത്സരത്തിന് ഏറ്റവും കുറഞ്ഞത് 44 ഡോളര്‍, ഏകദേശം 3100രൂപ! ഇതായിരുന്നു 2017-18 സീസണിലെ ടിക്കറ്റ് റൈറ്റ്. ബാഴ്‌സലോണ ഒരു ശരാശരി ടീമുമായുള്ള മത്സരത്തിന്റെ തുകയാണിത്. ടേബിളില്‍ മധ്യത്തിലുള്ള ടീമുമായാണെങ്കില്‍ ഏറ്റവും കുറഞ്ഞത് 55 ഡോളറാണ് (ഏകദേശം 3851രൂപ) ടിക്കറ്റ് തുക. ഇത് യൂറോപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് തുകകളിലൊന്നാണ്. ഇങ്ങനെ പലപലകാരണങ്ങള്‍ ബാഴ്‌സ സ്റ്റേഡിയത്തെ പിറകോട്ടടിക്കുന്നു.

shortlink

Post Your Comments


Back to top button