റോം : കത്തോലിയ്ക്കാ സഭയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമയമായിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുരോഹിതന്മാര്ക്കും ബിഷപ്പുമാര്‍ക്കും എതിരെ ലൈംഗികാരോപണം ഉയരുന്ന സാഹചര്യത്തില്‍ പോപ്പ് ലോകത്താകമാനമുള്ള മുതിര്‍ന്ന ബിഷപ്പുമാരുടെ യോഗം വിളിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ആഗോളതലത്തില്‍ ഇങ്ങനെയൊരു യോഗം ചേരുന്നത്.
ലോകത്താകമാനം കൃസ്തീയ സഭകളെ പ്രതിക്കൂട്ടിലാക്കുന്ന ലൈംഗീകാതിക്രമ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ചരിത്രത്തില്‍ ആദ്യമായി മാര്‍പാപ്പ ബിഷപ്പുമാരെ വിളിച്ചു ചേര്‍ക്കുന്നത്. 10 കന്യാസ്ത്രീകളടക്കം 190 മുതിര്‍ന്ന പുരോഹിതന്മാര് യോഗത്തില്‍ പങ്കെടുക്കും. ഇന്ന് മുതല്‍ ഞായാറാഴ്ച വരെ നാല് ദിവസമാണ് റോമില്‍ മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ യോഗം.
മാധ്യമങ്ങളുടേയും കോടതികളുടേയും ഇടപെടലുകളിലൂടെയാണ് പുരോഹിതന്മാര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ സഭക്ക് പുറത്ത് ചര്‍ച്ചയാകുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളായിരുന്നു ഇതില്‍ കൂടുതലും. പുരോഹിതന്മാര് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോപ് തന്നെ തുറന്ന് പറയുകയു ചെയ്തിരുന്നു.
ലൈംഗികാരോപണങ്ങള്‍ കത്തോലിക്ക സഭകളുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതായി മുതിര്‍ന്ന ബിഷപ്പുമാര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പോപ് യോഗം വിളിച്ചിരിക്കുന്നത്.
പള്ളികളില്‍ കുട്ടികളുടെ സംരക്ഷണം എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുക. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികളും യോഗത്തില്‍ തീരുമാനിക്കും.
Post Your Comments