Latest NewsKerala

ലോകസഭാ തെരഞ്ഞെടുപ്പ് : സീറ്റ് വിഭജനത്തില്‍ മാണിയും ജോസഫും ഇടയുന്നു

സീറ്റ് കിട്ടിയില്ലെങ്കില്‍ പിളരുമെന്ന് ജോസഫ് വിഭാഗത്തിന്റെ ഭീഷണി

കോട്ടയം : ലോക്‌സഭാ സീറ്റിന്റെ പേരില്‍   മാണിയും ജോസഫും ഇടയുന്നു .സീറ്റ് കിട്ടിയില്ലെങ്കില്‍ പിളരുമെന്ന് ജോസഫ് വിഭാഗം ഭീഷണിപ്പെടുത്തി. ജോസ്. കെ. മാണി നയിക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതെ പി.ജെ. ജോസഫ് അതൃപ്തി വ്യക്തമാക്കിരുന്നു. ഇതിനു പിന്നാലെയാണ് ജോസഫ് ഗ്രൂപ്പ് നിലപാട് ശക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് 2 സീറ്റു ചോദിക്കണമെന്നും അതില്‍ ഒന്നു തങ്ങള്‍ക്കു വേണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ ഇന്നലെ പറഞ്ഞതോടെയാണ് ഭിന്നത പുറത്തായത്. ഭിന്നത ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) അടുത്തയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റേ ഉള്ളുവെങ്കില്‍ അതു തങ്ങള്‍ക്കു വേണമെന്നും ഇടുക്കിയിലോ കോട്ടയത്തോ മത്സരിക്കാന്‍ പി.ജെ. ജോസഫ് തയാറാണെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ കെ.എം. മാണിയും പി.ജെ. ജോസഫുമാണെന്ന വാദവും ജോസഫ് വിഭാഗം ഉയര്‍ത്തുന്നു. 2 സീറ്റ് ലഭിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ പിന്നീടു തീരുമാനിക്കുമെന്നു മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. സീറ്റു ലഭിച്ചില്ലെങ്കില്‍ ജോസഫിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ തുടരാനാണു നീക്കം. കേരള കോണ്‍ഗ്രസിലെ (എം) അസംതൃപ്തരായ മുതിര്‍ന്ന നേതാക്കള്‍ തങ്ങളോടൊപ്പം എത്തുമെന്നും ജോസഫ് വിഭാഗം കരുതുന്നു.

അതേസമയം, കഴിഞ്ഞ തവണ ജോസ് കെ. മാണി വിജയിച്ച കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കേണ്ടെന്നാണു മാണി വിഭാഗത്തിന്റെ ഉറച്ച നിലപാട്. തിങ്കളാഴ്ച കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ 2 സീറ്റ് ആവശ്യപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button