Latest NewsKerala

രാജ്യം ഉറ്റുനോക്കുന്ന ശബരിമല പു:നപരിശോധന ഹര്‍ജി : സുപ്രീംകോടതിയുടെ തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും മറ്റ് അപേക്ഷകളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികളും ഹൈക്കോടതിയില്‍നിന്ന് കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷയുമാണ് പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം കേള്‍ക്കുന്നത്.

ബുധനാഴ്ച രാവിലെ 10.30-ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പാക്കിയശേഷമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവയും ഭരണഘടനാ ബെഞ്ചിനു മുമ്പാകെ തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, തന്ത്രിക്കും മറ്റുമെതിരേ എ.വി. വര്‍ഷ, ഗീനാകുമാരി എന്നിവര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഇതോടൊപ്പം ലിസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ അഭിഭാഷകനോടും ബുധനാഴ്ച ഹാജരാകാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവരും രേഷ്മാ നിഷാന്ത്, ഷനിലാ സതീഷ് എന്നിവരും പുനഃപരിശോധനാ ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിധിയെ അനുകൂലിച്ചുകൊണ്ട് കക്ഷിചേരാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സെപ്റ്റംബര്‍ 28-നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22-നു കേള്‍ക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ മാറ്റിവെച്ചു.
ശബരിമല തന്ത്രി, എന്‍.എസ്.എസ്., പന്തളം കൊട്ടാരം, പീപ്പിള്‍ ഫോര്‍ ധര്‍മ്മ തുടങ്ങിയവരുടെ 55 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിക്കു മുമ്പാകെയുള്ളത്. ഇത്രയധികം പുനഃപരിശോധനാ ഹര്‍ജികള്‍ ഒരു കേസില്‍ വരുന്നതുതന്നെ അത്യപൂര്‍വമാണ്.

നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈലജാ വിജയന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്. ജയാ രാജ്കുമാര്‍, ചെന്നൈ സ്വദേശി ജി. വിജയകുമാര്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button