ന്യൂഡല്‍ഹി: ആയൂഷ്മാന്‍ ഭാരത് വിജയകരമായ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് അഭിനന്ദനവുമായി ബില്‍ ഗേറ്റ്സ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് ബില്‍ഗേറ്റ്സിന്റെ സന്ദേശം. ഈ പദ്ധതി വളരെ വേഗത്തില്‍ ഇത്രയധികം ആളുകളിലേക്ക് എത്തിയെന്നത് മഹത്തരമാണെന്നും അദ്ദേഹം പറയുന്നു.
നിര്‍ധനര്‍ക്ക് ആരോഗ്യസുരക്ഷ കവചമൊരുക്കുന്ന ആയുഷ്മാന്‍ പദ്ധതി വഴി ആദ്യ നൂറ് ദിവസത്തിനുള്ളില്‍ ചികിത്സ തേടിയത് 6.85 ലക്ഷം പേരാണെന്നാണ് കണക്കുകള്‍. പദ്ധതി ആരംഭിച്ച സെപ്റ്റംബര്‍ 23 മുതല്‍ ഒരു ദിവസംം മാത്രം 5,000 ത്തോളം പേരാണ് ആയുഷ്മാന്‍ പദ്ധതി വഴി ചികിത്സ തേടിയത്. നിലവില്‍ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളടക്കം 16,000 ആശുപത്രികളാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്ളത്.ഇത് വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. പദ്ധതിയെ കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ദ്ധിച്ചതോടെ വരും വര്‍ഷങ്ങളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകും.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്റെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഉദ്ഘാടനം ചെയ്തത്. പത്തുകോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 50 കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാര്‍ അടയ്ക്കും. 12,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്.
Post Your Comments