കര്‍ണ്ണാടകയില്‍ ബി.ജെ.പി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണ്ണാടക ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി മുംബൈയില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ് ശിവകുമാറിന്റെ ആരോപണം.
സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാര്‍ക്കിഹോളിയും എം.എല്‍.എമാരായ ആനന്ദ് സിങ്, ബി. നാഗേന്ദ്ര എന്നിവരെയാണ് മറുകണ്ടം ചാടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇവര്‍ നിലവില്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന് നില്‍ക്കുകയാണ്. ഇവരെ ഉപയോഗിച്ച് സംസ്ഥാനത്ത് വീണ്ടും ഓപറേഷന് താമര നടപ്പിലാക്കാനാണ് ശ്രമമെന്നാണ് ഡി.കെയുടെ ആരോപണം.
‘മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പം മുംബൈയിലെ ഹോട്ടലിലുണ്ട്. അവര്‍ക്കെന്താണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ കൂറുമാറ്റനിരോധന നിയമം നിലവിലുള്ളതിനാല്‍ ഈ നീക്കം എളുപ്പമാകില്ല’ എന്നാണ് ഡി.കെ ശിവകുമാര്‍ പറഞ്ഞത്. അതേസമയം മുഖ്യമന്ത്രി കുമാരസ്വാമി ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നില്ലെന്ന സൂചനയും ശിവകുമാര്‍ നല്കി.
‘ഞങ്ങളുടെ മുഖ്യമന്ത്രി ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങളെ ഗൗരവമായി എടുക്കുന്നില്ല. വരുന്നിടത്തുവെച്ച് കാണാമെന്ന നിലപാടാണ് അദ്ദേഹത്തിന്. അറിയുന്ന കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി പുറത്തുപറയുന്നില്ല’ എന്നാണ് ശിവകുമാര്‍ പറഞ്ഞത്. നിലവിലെ സാഹചര്യത്തെക്കുറിച്ച് കുമാരസ്വാമിക്കൊപ്പം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയോടും ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചെന്നും ശിവകുമാര്‍ പറഞ്ഞു.
കര്‍ണ്ണാടകയില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി 2008ല്‍ നടത്തിയ കുതിരക്കച്ചവടമാണ് ഓപറേഷന് താമരയെന്ന പേരില്‍ അറിയപ്പെടുന്നത്. 110 സീറ്റുകളുമായി ബി.ജെ.പി അന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകളുടെ കുറവുണ്ടായിരുന്നു. എം.എല്‍.എമാരെ വാഗ്ദാനങ്ങളും ഭീഷണിയുമുപയോഗിച്ച് സ്വന്തം പാളയത്തിലെത്തിക്കാനാണ് ബി.ജെ.പി അന്ന് ശ്രമച്ചത്. ആറ് എം.എല്‍.എമാര്‍ അന്ന് ബി.ജെ.പി പാളയത്തെത്തുകയും യെദിയൂരപ്പ മുഖ്യമന്ത്രിയാവുകയും ചെയ്തു.
Post Your Comments