ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിനായി ഗൃഹ ലക്ഷ്മി യോജന എന്ന പുത്തൻ പദ്ധതി മുന്നോട്ടു വെച്ച് കർണാടക കോൺഗ്രസ്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പാചകവാതകത്തിന്റെ വില വർദ്ധനവ് ഉൾപ്പെടെ, ദൈനംദിന ചെലവുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നും 1.5 കോടിയിലധികം സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
കർണാടകയിലെ ഓരോ സ്ത്രീക്കും സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും സംസ്ഥാനത്തെ ഓരോ സ്ത്രീയും ശാക്തീകരിക്കപ്പെടണമെന്നും പാർട്ടി അറിയിച്ചു.
സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകണമെന്നും അവരുടെ മക്കളെ സംരക്ഷിക്കാൻ പ്രാപ്തരാകണമെന്നും പാർട്ടി ആഗ്രഹിക്കുന്നതായും സംസ്ഥാന കോൺഗ്രസ് ഘടകം വ്യക്തമാക്കി. വനിതാ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രിയങ്കാ ഗാന്ധി നൽകിയ വാഗ്ദാനമാണ് തങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് അറിയിച്ചു.
‘ഞങ്ങൾ അധികാരത്തിൽ വന്നാൽ ഓരോ ഗൃഹനാഥയ്ക്കും പ്രതിമാസം 2000 രൂപ നൽകുമെന്ന് കോൺഗ്രസ് ഉറപ്പുനൽകുന്നു. അവരുടെ അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് അയക്കും. കുടുംബത്തെ നയിക്കുന്നയാളാണ് സ്ത്രീ. ഓരോ സ്ത്രീക്കും ലഭിക്കുന്ന ഈ വരുമാനം വിലക്കയറ്റത്തിനിടയിലും പാചകവാതക വില വർദ്ധനവിനിടയിലും പിടിച്ചു നിൽക്കാനും കുടുംബം മുന്നോട്ടു കൊണ്ടുപോകാനും അവരെ സഹായിക്കും’, കോൺഗ്രസ് വ്യക്തമാക്കി.
Post Your Comments