പച്ചക്കറികള്‍ വാങ്ങിയാൽ ഒരാഴ്ച തികയും മുമ്പ് തന്നെ കേടായിപ്പോകും. ഇതില്‍ തന്നെ പച്ചമുളക്, ഇഞ്ചി, തക്കാളി-ഇവയെല്ലാമാണ് എളുപ്പത്തില്‍ ചീത്തയായിപ്പോവുക.ഇഞ്ചിയുടെ കാര്യമാണെങ്കില്‍ രുചി മാത്രമല്ല, ഇഞ്ചിയുടെ മണവും കറികള്‍ക്ക് പ്രധാനമാണ്. ചീഞ്ഞു പോകുന്നതിനെക്കാള്‍ പ്രശ്‌നം ഇഞ്ചിയുടെ ‘ഫ്രഷ്‌നെസ്’ നഷ്ടപ്പെടുന്നതാണ്. എന്നാല്‍ ഇഞ്ചി ഫ്രഷായി തന്നെ സൂക്ഷിക്കാന്‍ ചിലവഴികളുണ്ട്.
ഇഞ്ചി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുമ്പോഴേ ശ്രദ്ധിക്കുക. നേര്‍ത്ത തൊലിയോടും എന്നാല്‍ ഉറച്ചിരിക്കുന്നതുമായ ഇഞ്ചിയാണ് വാങ്ങേണ്ടത്.തൂക്കത്തിന് അനുസരിച്ച് കനം തോന്നിക്കുകയും വേണം. അതേസമയം തൊടുമ്പോള്‍ ‘സോഫ്റ്റ്’ ആയതും കനം കുറഞ്ഞതുമായ ഇഞ്ചി വാങ്ങരുത്. ഇത് എളുപ്പത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്.
ഇഞ്ചി സൂക്ഷിക്കാന്‍ പേപ്പര്‍ കവറോ ചെറിയ തുണിക്കഷ്ണമോ ഉപയോഗിക്കുക. ഇവയിലേതിലെങ്കിലും പൊതിഞ്ഞ ശേഷം ഇഞ്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. വായു കയറാത്തവണ്ണമാണ് പൊതിഞ്ഞിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം.
റീസീലബിള്‍ ബാഗില്‍ സൂക്ഷിക്കുന്നതും ഇഞ്ചി ഏറെ നാള്‍ കേടാകാതിരിക്കാന്‍ സഹായിക്കും. വായു കേറാത്ത വണ്ണം റീസീലബിള്‍ ബാഗില്‍ ഇഞ്ചി വച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് ഇഞ്ചിയുടെ മണം പോകാതെ കാക്കാനും സഹായിക്കും.
ഏതെങ്കിലും തരത്തിലുള്ള അസിഡിക് മിശ്രിതത്തില്‍ മുക്കിവയ്ക്കുന്നതും ഇഞ്ചിയെ പുതുമയോടെ സൂക്ഷിക്കാന്‍ സഹായിക്കും. നാരങ്ങാനീരോ വിനാഗിരിയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കും മുമ്പ് ഇഞ്ചി, മൂന്നോ നാലോ തവണ റണ്ണിംഗ് വാട്ടറില്‍ കഴുകിയെടുക്കാന്‍ പ്രത്യേകം ഓര്‍മ്മ വയ്ക്കുക.
തൊലി കളഞ്ഞ് ചെറുതായി മുറിച്ച്, അടപ്പ് മുറുക്കമുള്ള കണ്ടെയ്‌നറില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും ഇഞ്ചി ഏറെ നാള്‍ കേടു കൂടാതിരിക്കും.സാധാരണ ഗതിയില്‍ വലിയ ഹോട്ടലുകളിലെല്ലാം ഈ രീതിയിലാണ് ഇഞ്ചി സൂക്ഷിക്കാറ്. ഇഞ്ചിയുടെ മണം പുതുമയോടെ സൂക്ഷിക്കാനും ഇത് സഹായിക്കും.
Post Your Comments