ന്യൂഡൽഹി : പാവപ്പെട്ടവർക്ക് സൗജന്യ പാചക വാതകം നൽകുന്ന പദ്ധതിയായ ഉജ്ജ്വല ഇനി എല്ലാ പാവപ്പെട്ടവർക്കും നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.ക്യാബിനറ്റ് കമ്മിറ്റീ ഓഫ് എക്കണോമിക് അഫയേഴ്സ് പദ്ധതി വിപുലീകരിക്കുന്നതിന് അനുവാദം നൽകിയെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. തവണ വ്യവസ്ഥയിൽ ഗ്യാസ് സ്റ്റൗ വാങ്ങാനുള്ള സംവിധാനവും പദ്ധതിയിൽ നൽകും.
നേരത്തെ 2011 ലെ സാമൂഹ്യ സാമ്പത്തിക ജാതി സെൻസസിന് അനുസരിച്ച് താഴേത്തട്ടിലുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് മാത്രമായിരുന്നു പാചകവാതക കണക്ഷൻ സൗജന്യമായി അനുവദിച്ചിരുന്നത്. ഉജ്ജ്വല പദ്ധതിയിൽ ഇതുവരെ 5,85,55,611 കണക്ഷനുകളാണ് കഴിഞ്ഞ ഡിസംബർ 10 വരെ നൽകിയിട്ടുള്ളത്.
ഇന്ത്യയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്ത്രീകൾ മരിക്കുന്നതിന് പ്രധാന കാരണം വിറക് ഉപയോഗിച്ചുള്ള പാചകമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ പാവപ്പെട്ടവർക്കും സൗജന്യ പാചക വാതക കണക്ഷനുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്.
98 ലക്ഷത്തിലധികം കണക്ഷനുകൾ ലഭിച്ച ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്. ബീഹാറിൽ 69 ലക്ഷവും ബംഗാളിൽ 68 ലക്ഷവും പേർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ ലഭിച്ചു. കേരളത്തിൽ ഒന്നര ലക്ഷം പേർക്ക് ഉജ്ജ്വല പദ്ധതി പ്രകാരം സൗജന്യ കണക്ഷൻ ലഭ്യമായി.
Post Your Comments