ഫോർട്ട്കൊച്ചി: കടൽ കാണാനെത്തുന്നവർ ഒന്നു ശ്രദ്ധിച്ചാൽ ദുഖിക്കേണ്ടി വരില്ല. കടൽത്തീരത്ത് അടിഞ്ഞുകൂടിയ പായലിനിടയിൽ പാമ്പുകളുണ്ട്. മഴ ആരംഭിച്ചതോടെയാണു ബീച്ചിലേക്കു പായൽ കൂട്ടത്തോടെ ഒഴുകി എത്താൻ തുടങ്ങിയത്. ഫോർട്ട്കൊച്ചി സൗത്ത്, നോർത്ത്, മധ്യ ബീച്ചുകളെല്ലാം പായൽകൂമ്പാരം നിറഞ്ഞ നിലയിലാണ്. ചീഞ്ഞളിഞ്ഞു കിടക്കുന്ന പായലിനൊപ്പം ഒഴുകിയെത്തുന്ന പാമ്പുകൾ കരിങ്കൽ കെട്ടുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നു. നടപ്പാതയിലൂടെ മുകളിലേക്കു കയറുന്നവ കല്ലുവിരിച്ച ഭാഗത്തു കൂടെ ഇഴഞ്ഞു നീങ്ങുന്നു.
സായാഹ്നങ്ങളിൽ ബീച്ചിലെത്തുന്നവർ നടപ്പാതയ്ക്കു താഴെയുള്ള കരിങ്കൽ കെട്ടിൽ സൊറ പറഞ്ഞിരിക്കുന്നതു പതിവാണ്. കരിങ്കൽ കെട്ടുകളുടെ വിടവിൽ പാമ്പുകളുണ്ടോ എന്ന് കൂടി ഉറപ്പുവരുത്തണം.
കഴിഞ്ഞ ദിവസങ്ങളിൽ കച്ചവടക്കാർ സൗത്ത് ബീച്ചിൽ മൂന്നു പാമ്പുകളെ കൊന്നു. ലൈഫ് ഗാർഡുമാരും ഇന്നലെ ഒരെണ്ണത്തിനെ തല്ലിക്കൊന്നു. ടൂറിസം സീസൺ ആരംഭിച്ചതോടെ ബീച്ചിലേക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ബീച്ചിലേക്ക് ഇറങ്ങാൻ കഴിയാത്ത വിദേശികൾ മാലിന്യം നിറഞ്ഞ ബീച്ചിന്റെ ചിത്രം പകർത്തി മടങ്ങുന്നതു ടൂറിസം മേഖലയെ ബാധിക്കുമെന്നത് ഉറപ്പാണ്.
Post Your Comments