പലരുചികളില്‍ പലവര്‍ണ്ണങ്ങളില്‍ അണിനിരക്കുന്ന പലഹാരങ്ങള്‍ തന്നെയാണ് ദീപാവലിയടെ ഏറ്റവും വലിയ ആഘോഷങ്ങളള്, പണ്ട് പഞ്ചസാരയും റവയും ചേര്‍ത്ത വിഭവങ്ങളായിരുന്നു കൂടുതലായും ഉണ്ടായിരുന്നത് എന്നാല്‍ ഇന്ന് ഖോവയും പാല് ഉല്പന്നങ്ങളുമാണ് ഏറെയും ദീപാവലി മീഠായികളായി എത്തുന്നത്. അത്തരം ചില പലഹാരങ്ങള്‍ ഈ ദീപാവലിക്ക് നമുക്ക് തയ്യാറാക്കാം
1) കാഷ്യു നട്സ് ഫഡ്ജ്
ആവശ്യമുള്ള സാധനങ്ങള്‍
മൈദ – 250 ഗ്രാം
പഞ്ചസാര – 300 ഗ്രാം
അണ്ടിപ്പരിപ്പ്
(പൊടിച്ചത്) – 150 ഗ്രാം
നെയ്യ് – 75 ഗ്രാം
വെള്ളം – 500 മില്ലി ലിറ്റര്‍
ഏലയ്ക്കാപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു സോസ്പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ നെയ്യ് ഒഴിക്കുക. അതിലേക്ക് മൈദയിട്ട് ഒരുമിനിറ്റ് വറുക്കുക. തുടരെ ഇളക്കിയ ശേഷം വാങ്ങിവയ്ക്കുക.
500 മില്ലി ലിറ്റര്‍ വെള്ളവും പഞ്ചസാരയും ഒരു സോസ്പാനില്‍ എടുത്ത് 15 മിനിറ്റ് തിളപ്പിക്കുക. മൈദാ മിശ്രിതം ഇതില്‍ ചേര്‍ത്ത് വെള്ളം വറ്റും വരെ തുടരെ ഇളക്കുക. അണ്ടിപ്പരിപ്പും ഏലയ്ക്കയും പൊടിച്ചതും ഇതില്‍ ചേര്‍ക്കണം. നന്നായി ഇളക്കി മിശ്രിതം കുറുകാന്‍ അനുവദിക്കുക. ഇനിയിത് നെയ്യ് തടവിയ ഒരു പ്ലേറ്റിലേക്ക് പകര്‍ന്ന് ആറാന്‍ വയ്ക്കുക. ആറിയ ശേഷം കഷണങ്ങള്‍ ആക്കി വിളമ്പാം.
2) പൊട്ടറ്റോ ഹല്‍വ
ചേരുവകള്‍
ഉരുളക്കിഴങ്ങ്- കാല് കിലോ
അണ്ടിപ്പരിപ്പ് -100 ഗ്രാം
പൊടിച്ച പഞ്ചസാര -200 ഗ്രാം
ഖോവ -100 ഗ്രാം
നെയ്യ് -125 ഗ്രാം
ഏലക്കാപ്പൊടി, ജാതിക്കാപ്പൊടി- 1/2 ടിസ്പൂണ്‍ വീതം
ബദാം, പിസ്ത (അലങ്കരിക്കാന്‍ )- 1 ടേബിള്‍ സ്പൂണ്‍ വീതം
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങു പുഴുങ്ങിയത് തൊലി കളഞ്ഞ് ഒരു ബൗളില്‍ ഇട്ട് നന്നായി ഉടയ്ക്കുക. ഇത് കട്ട കെട്ടരുത്. അണ്ടിപ്പരിപ്പ് വറുത്ത് പൊടിക്കുക. ഖോവ ഗ്രേറ്റ് ചെയ്യുക.
ഒരു നോണ്‍ സ്റ്റിക് പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഉടച്ചു വച്ച ഉരുളക്കിഴങ്ങും പൊടിച്ച അണ്ടിപ്പരിപ്പും പഞ്ചസാരയും ചേര്‍ക്കുക. ചെറുതീയില്‍ വച്ച് തുടരെ ഇളക്കുക. ഉരുളക്കിഴങ്ങ് ബ്രൗണ്‍ നിറം ആകുമ്പോള്‍ നെയ്യ് മീതെ തെളിഞ്ഞിരിക്കും. ഹല്‍വ കുറുകുമ്പോള്‍ നെയ്യ് തടവിയ ഒരു ട്രേയിലേക്ക് പകര്‍ന്ന് ബദാം, പിസ്ത എന്നിവ അരിഞ്ഞതിട്ട് അലങ്കരിച്ച് സമചതുര കഷണങ്ങള്‍ ആയി മുറിച്ച് വിളമ്പുക.
3) മധുരക്കിഴങ്ങ് ഗുലാബ് ജാമുന്
ചേരുവകള്‍
മധുരക്കിഴങ്ങ് – അര കിലോ
പഞ്ചസാര – ഒന്നര കപ്പ്
പനിനീര് – 1 ടേബിള്‍ സ്പൂണ്‍
ഖോവ – അര കപ്പ്
നെയ് – ആവശ്യത്തിന്
സോഡാ പൊടി – ഒരു നുള്ള്
മൈദാ – ഒന്നര ടേബിള്‍ സ്പൂണ്‍
കിസ്മിസ് – 15 എണ്ണം
തയാറാക്കുന്ന വിധം
മധുരക്കിഴങ്ങ് പുഴുങ്ങി എടുക്കുക. ഇതിന്റെ തൊലി കളഞ്ഞ് ഒരു ബൗളില്‍ ഇട്ട് നന്നായി ഉടയ്ക്കുക. ഇതില്‍ മൈദയും സോഡാപ്പൊടിയും ചേര്‍ത്ത് വീണ്ടും നന്നായി കുഴയ്ക്കുക. ഇത് 15 സമഭാഗങ്ങള്‍ ആക്കി അല്പം ഒന്ന് പരത്തി, മധ്യത്തിലായി അല്പം ഖോവയും ഒരു കിസ്മിസും വച്ച് ഉരുള ആക്കി വക്കുക.
ഒരു പാത്രത്തില്‍ 3/4 കപ്പ് വെള്ളവും പഞ്ചസാരയും എടുത്ത് ചൂടാക്കുക. ഇത് നൂല് പരുവം ആകും മുന്‍പ് വാങ്ങുക. നെയ്യ് ചൂടാക്കി ഈ ഉരുളകള്‍ ഇട്ട് വറുത്ത് ബ്രൗണ്‍ നിറം ആക്കി കോരുക. ഇത് ചൂട് പഞ്ചസാരപ്പാനിയില്‍ ഇട്ട് നന്നായി പിടിപ്പിക്കുക. ഇതില്‍ പനിനീര് തളിക്കുക.
4) മൈസൂര്‍ പാക്
ചേരുവകള്‍
കടലമാവ്: ഒരു കപ്പ്
പഞ്ചസാര: ഒന്നേകാല്‍ കപ്പ്
നെയ്യ്: മൂന്നു കപ്പ്
വെള്ളം: ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം നെയ്യ് നന്നായി ഉരുക്കി വയ്ക്കുക. പിന്നീട് കടലമാവില്‍ രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ത്തിളക്കി വയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ പഞ്ചസാരയും വെള്ളവും കലര്‍ത്തി നന്നായി ചൂടാക്കുക. നന്നായി ചൂടാകാന്‍ തുടങ്ങുമ്പോള്‍ കടലമാവ് ഇതിലിട്ട് ഇളക്കുക. ഇതില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. ചെറു തീയില്‍ ഒരു വിധം കുറുകാന്‍ തുടങ്ങുമ്പോള്‍ അല്പ്പാല്പ്പം നെയ്യ് ചേര്‍ത്തിളക്കുക. നന്നായി ഇളകിയ ശേഷം ഒരു പരന്ന പാത്രത്തില്‍ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ കഷ്ണങ്ങളായി മുറിക്കുക. തണുത്ത ശേഷം ഉപയോഗിക്കാം
5)പാല്‍പ്പേഡ
ചേരുവകള്‍
1 കപ്പ് പഞ്ചസാര
1 കപ്പ് പാല്‍പ്പൊടി
1 നുള്ള് ഏലയ്ക്കാപ്പൊടി
2 ടേബിള്‍ സ്പൂണ്‍ പശുനെയ്യ്
2 ടേബിള്‍ സ്പൂണ്‍ വെണ്ണ
അരക്കപ്പ് മൈദ
അരക്കപ്പ് കണ്ടന്സ്ഡ്മില്ക്ക്
തയ്യാറാക്കുന്ന വിധം
പാല്‍പ്പൊടി, മൈദ എന്നിവ ചേര്‍ത്ത് കുഴച്ച് നന്നായി മിക്സാക്കി വെക്കുക. പഞ്ചസാര കുറച്ചു വെള്ളത്തില്‍ അടികട്ടിയുള്ള പാത്രത്തില്‍ തിളപ്പിക്കുക അത് രണ്ട് നൂല് മൂപ്പാവുമ്പോള്‍, അതിലേക്ക് നേരത്തേ ചേര്‍ത്തുവെച്ച പാല്‍പ്പൊടി മിക്സ് കുറേശ്ശെയായി ചേര്‍ത്തു കൊടുക്കുക. തീ കുറയ്ക്കണം.
അതിനുശേഷം അതിലേക്ക് പശുനെയ്യ് അല്പാല്പമായി ചേര്‍ത്തതിനു ശേഷം വെണ്ണ ചേര്‍ത്തിളക്കി ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. ഇത് പാത്രത്തില്‍ ഉരുണ്ടുകൂടുമ്പോള്‍ വാങ്ങിയതിനു ശേഷം തണുത്താല്‍ കൈവെള്ളകളില്‍ നെയ്യ് പുരട്ടി ഉരുട്ടിയെടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ രൂപപ്പെടുത്തിയെടുക്കാം. വിവിധ ഫുഡ്കളറുകള് ചേര്‍ത്ത് നമുക്ക് പാല്‍പ്പേഡ മനോഹരമാക്കാം.
Post Your Comments