Latest NewsSaudi Arabia

പ്രവാസജീവിതസമ്പാദ്യം മുഴുവൻ കുടുംബത്തിനായി ചിലവാക്കി; വെറും കൈയ്യോടെ ഷൈലജ മടങ്ങി

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ, ഷൈലജയുടെ മനസ്സിൽ വിഷമം നിറഞ്ഞിരുന്നു. ജീവിതകാലം മുഴുവൻ കുടുംബത്തിനായി ചെലവഴിച്ചിട്ടും, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതിന്റെ വേദന ആ മുഖത്ത് ഉണ്ടായിരുന്നു.

കൊല്ലം ചാത്തന്നൂർ സ്വദേശിനിയായ ഷൈലജയുടെ ജീവിതം, സ്വന്തം കുടുംബത്തിന് വേണ്ടി വ്യക്തിജീവിതം ത്യജിച്ചതിന്റെ ബാക്കിപത്രമാണ്. ചെറുപ്പത്തിന്റെ നല്ല പ്രായത്തിലാണ്, കുടുംബത്തിന്റെ സാമ്പത്തികപ്രാരാബ്ധങ്ങൾക്ക് പരിഹാരം കാണാനായി, ഷൈലജ പ്രവാസജീവിതം തുടങ്ങിയത്. കുവൈറ്റിൽ വീട്ടുജോലിക്കാരിയായി കുറെ വർഷം ചിലവഴിച്ചു. കിട്ടിയ ശമ്പളമൊക്കെയും അച്ഛന്റെ പേരിൽ അയച്ചു കൊടുത്തു. ആങ്ങളമാരുടെ ആവശ്യത്തിനായി ആ പണം മുഴുവൻ ചിലവഴിക്കപ്പെട്ടു. കുടുംബത്തിന്റെ പ്രാരാബ്ധം തീർക്കാനുള്ള തിരക്കിൽ, പ്രായം ഏറിയിട്ടും വിവാഹം ഉൾപ്പെടെയുള്ള വ്യക്തിജീവിതം മറന്നു. അച്ഛന്റെ മരണശേഷം പ്രവാസജീവിതം നാട്ടിൽ മടങ്ങിയെത്തിയപ്പോൾ, അവരുടെ പണം മാത്രം വേണമായിരുന്ന ആങ്ങളമാർക്ക് അവർ ബാധ്യതയായി.

വീട്ടുകാരുടെ അവഗണനയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെയായപ്പോൾ, രണ്ടു വർഷം മുൻപ് ഷൈലജ വീട്ടുജോലിക്കാരിയുടെ ഒരു വിസ തരപ്പെടുത്തി സൗദി അറേബ്യയിലേയ്ക്ക് ജോലിയ്ക്കായി എത്തി. പണം കിട്ടാതെയായപ്പോൾ, ആങ്ങളമാർ ഫോൺ വിളിയ്ക്കുക പോലും ചെയ്യാതെയായി. ക്രമേണ സൗദിയിലെ ജോലിയും ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായി. ശമ്പളം പോലും കിട്ടാത്ത അവസ്ഥയുമായപ്പോൾ, ആ വീട്ടിൽ നിന്നിറങ്ങി ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ അഭയം തേടി.

അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ഷൈലജ സഹായം അഭ്യർത്ഥിച്ചു. മഞ്ജു ഷൈലജയുടെ സ്പോൺസറോട് സംസാരിച്ചെങ്കിലും, ഷൈലജയെ താൻ ഒരു വർഷം മുൻപ് ഹുറൂബ് ചെയ്തതായി പറഞ്ഞു സ്പോൺസർ കൈയൊഴിഞ്ഞു. തുടർന്ന് മഞ്ജു ഇന്ത്യൻ എംബസ്സി വഴി ഷൈലജയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു. സാമൂഹ്യപ്രവർത്തകനായ ഷിറാസ് ഇടപ്പറ ഷൈലജയ്ക്ക് വിമാനടിക്കറ്റ് നൽകി. സാമൂഹ്യപ്രവർത്തകരായ നൗഷാദ് താഴവ, അനസ് ബഷീർ എന്നിവർ മറ്റു സഹായങ്ങൾ നൽകി

കുവൈറ്റിൽ വെച്ച് അടുത്ത സുഹൃത്തായ ഒരു ആന്ധ്രാ വനിതയുടെ ക്ഷണമനുസരിച്ച് നാട്ടിൽ അവരുടെ അടുത്തേയ്ക്ക് ഷൈലജ യാത്രയായി. അവിടെ ഒരു ചെറിയ ഹോട്ടൽ തുടങ്ങി അവരോടൊപ്പം ശിഷ്ടജീവിതം നയിയ്ക്കാനാണ് ഷൈലജയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button