നീലേശ്വരം: നീലേശ്വരത്ത് തിയേറ്റര്‍ വരുന്നു. സിനിമാ തിയറ്റര്‍ ഇല്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയാണ് നീലേശ്വരമെന്ന പേരുദോഷമാണ് ഇതോടെ മാറുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് നീലേശ്വരം നഗരസഭയ്ക്ക് അനുവദിച്ച മള്‍ട്ടിപ്ലക്സ് തിയറ്റര്‍ തുടങ്ങാന്‍ ചിറപ്പുറത്ത് സ്ഥലം വിട്ടുകൊടുക്കും. ഇതു സംബന്ധിച്ച വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതിയുടെ ശുപാര്‍ശയില്‍ ഇന്ന് തീരുമാനമാകും. ഉച്ചയ്ക്ക് 2.30ന് അനക്സ് ഹാളില്‍ ചേരുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ഒന്‍പതാമത്തെ അജന്‍ഡയായി ഇത് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സ്ഥിരം സമിതി യോഗമാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. മുനിസിപ്പല്‍ വായനശാലയുടെ മുന്‍വശത്ത് ചിറപ്പുറം എബിസി ക്ലബ്ബിന്റെ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുകയെന്നറിയുന്നു. എബിസിക്ക് പകരം സ്ഥലം നല്‍കാമെന്ന ധാരണയിലാണ് ഇത്. തിയറ്റര്‍ അനുവദിച്ച ഘട്ടത്തില്‍ കോട്ടപ്പുറം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ നഗരസഭയുടെ സ്ഥലമാണു പരിഗണിച്ചത്.
കോര്പറേഷന് ചെയര്മാന് ലെനിന് രാജേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ഇവിടം സന്ദര്‍ശിച്ചു തൃപ്തി രേഖപ്പെടുത്തി. തിയറ്റര്‍ പണിയാന്‍ ചിറപ്പുറം റെഡിഎന്നാല് സ്കൂളിന്റെ ഭാവി വികസനത്തിനാവശ്യമായ സ്ഥലം തിയറ്ററിനു വിട്ടുകൊടുക്കില്ലെന്നു നാട്ടുകാരും പിടിഎയും കോട്ടപ്പുറം അനുയോജ്യമല്ലെന്നു ഒരു വിഭാഗം സിനിമാസ്വാദകരും വാദമുയര്‍ത്തി. നാട്ടുകാരും പിടിഎയും ഹൈക്കോടതിയില്‍ നിന്നു സ്റ്റേയും വാങ്ങി. ഈ ഘട്ടത്തില്‍ ചിറപ്പുറത്ത് തിയറ്റര്‍ പണിയാം എന്ന സാധ്യത കൗണ്‍സില്‍ യോഗത്തില്‍ ആദ്യമുയര്‍ത്തിയത് കോണ്‍ഗ്രസ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എറുവാട്ട് മോഹനനാണ്. ഭരണപക്ഷം ഇത് അംഗീകരിച്ചില്ല. വീണ്ടും അഭിപ്രായമുയരുകയും സിപിഎം മുനിസിപ്പല്‍ സബ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെയാണ് തിയറ്റര്‍ എന്ന നീലേശ്വരത്തിന്റെ ആവശ്യം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
Post Your Comments