റിയാദ്: അത്യാഡംബര വിനോദസഞ്ചാര പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് സൗദി. ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്യാഡംബര വിനോദസഞ്ചാര പദ്ധതിക്കാണ് സൗദി തുടക്കം കുറിക്കുന്നത്. വടക്കുപടിഞ്ഞാറൻ തീരത്ത് ചെങ്കടലിനോട് ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് അമാലാ എന്നാണ് പേരിട്ടിരിക്കുന്നത്. ആരോഗ്യ, ചികിത്സാ മേഖലകളിൽ ഊന്നിയുള്ള ആഡംബര വിനോദ സഞ്ചാരം എന്ന നവീന ആശയമാണ് അമാലാ മുന്നോട്ടുവയ്ക്കുന്നത്. സമശീതോഷ്ണ കാലാവസ്ഥയുള്ള പ്രദേശമായതിനാൽ മധ്യപൗരസ്ത്യദേശത്തെ റിവിയേറ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്താണ് പദ്ധതി സജ്ജമാക്കുന്നത്.
3,800 ചതുരശ്ര കിലോമീറ്റർ സ്ഥലത്തു നടപ്പാക്കുന്ന പദ്ധതിയിൽ 2,500 ഹോട്ടൽ മുറികളും സ്യൂട്ടുകളും 700 വില്ലകളും ഫ്ളാറ്റുകളും 200 മുന്തിയ വ്യാപാര സ്ഥാപനങ്ങളുമുണ്ടായിരിക്കും. ലോകോത്തര ബ്രാൻഡുകളുടെ ഷോറൂമുകളുമുണ്ടാകും. ബോട്ട് ജെട്ടിയിലൂടെയുള്ള യാത്രയായിരിക്കും മറ്റൊരു ആകർഷണം. വർഷത്തിൽ 25 ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ 22,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് പദ്ധതിക്കാവശ്യമായ പ്രാഥമിക മുതൽ മുടക്ക് നടത്തുക. ഉത്തര, പശ്ചിമ സൗദിയിൽ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നാച്വർ റിസർവിന്റെ ഭാഗമായ സവിശേഷ വിനോദ സഞ്ചാര കേന്ദ്രമായി അമാലാ മാറും.പദ്ധതിയിൽ സ്വകാര്യ കമ്പനികൾക്കും നിക്ഷേപം നടത്താൻ അവസരമൊരുക്കും. 2019 ആദ്യ പാദത്തിൽ ശിലാസ്ഥാപനം നടത്തുന്ന അമാലയുടെ ആദ്യ ഘട്ടം 2020 അവസാനം ഉദ്ഘാടനം ചെയ്യും.
Post Your Comments