സംസ്ഥാനം നേരിടുന്ന പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടത്താനിരുന്ന ആഘോഷ പരിപാടികളെല്ലാം റദ്ദാക്കി. എന്നാല്‍ സംസ്ഥാന കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി എകെ ബാലന് പറഞ്ഞതിങ്ങനെയാണ് മേള നടത്തേണ്ടെന്ന തീരുമാനത്തോട് യോജിപ്പില്ല, അത് ശ്മശാന മൂകതയുണ്ടാക്കും, ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേളകള്‍ നടത്താമെന്ന്. അപ്പോള്‍ മന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്? മേളകള്‍ ഇത്രയും കാലം ആര്ഭാടങ്ങളായിരുന്നോ? മേളകള്‍ മാത്രമോ, മറ്റെന്തൊക്കെ പരിപാടികള്‍ ആര്‍ഭാടപൂര്‍വമായിരുന്നു.
കേരളത്തെ പോലൊരു ചെറിയ സംസ്ഥാനത്തില്‍ നടത്താവുന്ന ആര്ഭാടങ്ങളാണോ ഇത്രയും കാലം നടത്തി വന്നത്. ഒരു പ്രളയം വരുമ്പോള്‍ മാത്രമാണോ തിരിച്ചറിവുണ്ടാകേണ്ടത്? എന്തുമാത്രം അധികച്ചിലവുകള്‍ നടത്തി സംസ്ഥാന ഖജനാവ് കാലിയാക്കിയിട്ടുണ്ട്? ഭരണാധികാരികള്‍ തന്നെ ധൂര്‍ത്തടിക്കുന്ന കാഴ്ചകള്‍ എത്രയോ തവണ നാം സംസ്ഥാനത്തു തന്നെ കണ്ടിട്ടുണ്ട്.
Read Also: മീശ നോവലിനെതിരായ ഹര്‍ജിയില്‍ സുപ്രധാന വിധി
പൊതുജനം കഴുതയല്ലെന്ന് ഓര്‍ക്കണം. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ പേരിലാണ് ജനങ്ങള്‍ പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നേരിട്ടത്. അല്ലാതെ നിങ്ങള്‍ രാഷ്ട്രീയക്കാരുടെ മിടുക്ക് കൊണ്ടെല്ലന്നത് ഓര്‍ക്കുന്നതും നല്ലതാണ്. പുതിയ പുതിയ നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും നടത്തുമ്പോള്‍ സ്വന്തമായി നടത്തുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും എത്രത്തോളമുണ്ടെന്ന കണക്കൊന്ന് നോക്കുന്നതും നല്ലതാണ്.
വരുന്ന ഒരു വര്‍ഷത്തേക്കുള്ള ആര്‍ഭാടങ്ങള്‍ ഒഴിവാക്കല്‍ അല്ല നിങ്ങള്‍ ഭരണാധികാരികളില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അത് എന്നന്നേക്കുമായുള്ളതാണ്. അമിതമായി ചിലവഴിക്കുന്ന പണത്തിന് ഓരോ ജനങ്ങളുടേയും വിയര്‍പ്പിന്റെ മണമുണ്ടെന്ന കാര്യം മറക്കരുത്. 50000ത്തിനടുത്ത് രൂപയുടെ കണ്ണട വാങ്ങുന്ന സ്പീക്കറും 30000 രൂപയുടെ കണ്ണട വാങ്ങുന്ന ആരോഗ്യമന്ത്രിയും മകളുടെ കല്യാണം വന്‍ ആര്‍ഭാടമായി നടത്തിയ സിപിഐ നേതാവും ആര്‍ഭാട വണ്ടികള്‍ വാങ്ങുന്ന രാഷ്ട്രീയ നേതാക്കളുമൊക്കെയുള്ള നാടാണിത്.
Read Also: കൗമാരകാലത്തെ അവസാന സമയമാണിത്, ഓരോ നിമിഷവും ആസ്വദിക്കൂ: മകൾക്ക് സുസ്മിത സെന്നിന്റെ പിറന്നാൾ ഉപദേശം
മന്ത്രിമാരുടെ സുഖചികിത്സ, ആര്‍ഭാട പൂര്‍വം നടത്തുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങി ധൂര്‍ത്തിന്റെ ഒരു വലിയ കണക്കു തന്നെയുണ്ട് മലയാളിക്ക് പറയാനായിട്ട്. പിന്നെ ആരുടെ കണ്ണില്‍ പൊടിയിടാനായിട്ടാണ് ഇത്തവണ ഇല്ലാതാക്കുന്ന ആഘോഷപരിപാടികള്‍. ഈ വര്‍ഷം അത് നടത്തിയില്ലെങ്കില്‍ തന്നെ അടുത്ത വര്‍ഷം മുതല്‍ തുടങ്ങില്ലേ. ഭരണാധികാരികളും പാര്‍ട്ടി നേതാക്കളും യഥേഷ്ടം ഖജനാവ് കാലിയാക്കേണ്ട പരിപാടികള്‍ എടുക്കില്ലേ? കോടികള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് ആഡംബര വാഹനങ്ങള്‍ വാങ്ങില്ലേ, സ്വന്തം ചിലവുകള്‍ സര്‍ക്കാര്‍ ചിലവിലേക്ക് എഴുതില്ലേ? പിന്നെ എന്തിനാണ് ഈ വര്‍ഷം മാത്രം ഒരു മുന്‍കരുതല്‍.
നിങ്ങള്‍ നടത്തിയ ആര്‍ഭാടങ്ങള്‍ ഒന്നും താങ്ങുവാനുള്ള കഴിവ് ഈ കൊച്ചു കേരളത്തിനുണ്ടായിരുന്നില്ല. ഇനി അങ്ങോട്ടും അതിന് സാധിക്കില്ല. അതുകൊണ്ടു തന്നെ ഒരു വര്‍ഷത്തേക്കു മാത്രമുള്ള ആര്ഭാടമില്ലായ്മയല്ല കേരളത്തിന് ആവശ്യം. എന്നന്നേക്കുമായുള്ള ധൂര്‍ത്തും ചിലവുകളുമാണ് നിയന്ത്രിക്കേണ്ടത്. അതിന് മാതൃകയാവേണ്ടത്, നിങ്ങള്‍ ഭരണാധികാരികളും രാഷ്ട്രീയ പാര്‍ട്ടികളും തന്നെയാണ്. നാളത്തെ തലമുറയെങ്കിലും ഈ ധൂര്‍ത്ത് കാണാതിരിക്കാന്‍ ഇടവരട്ടെ.
Post Your Comments