പട്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരോള്‍ അപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. ചികിത്സാ ആവശ്യങ്ങള്‍ക്കായി പരോള്‍ കാലാവധി നീട്ടി നല്‍കണമെന്ന ലാലുവിന്റെ അപേക്ഷയാണ് തള്ളിയത്. മൂന്നുമാസം പരോള്‍ നല്കി കഴിഞ്ഞെന്നും കൂടുതല്‍ അനുവദിക്കാന്‍ സാധ്യമല്ലെന്നും കോടതി പറഞ്ഞു. എത്രയും പെട്ടെന്ന് ലാലുവിനോട് ജയിലിലേക്കു തിരിച്ച് പോകാനും നിര്‍ദ്ദേശിച്ചു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ലാലുപ്രസാദ് യാദവ്. കിഡ്നി സ്റ്റോണ്‍, പ്രോസ്ട്രേറ്റ് വീക്കം എന്നീ അസുഖങ്ങളുളളതിനാല് ചികിത്സയ്ക്കായി പരോള്‍ കാലാവധി നീട്ടണമെന്നാണ് ലാലു പ്രസാദ് യാദവിനു വേണ്ടി ഹാജരായ അഭിഭാഷകന് മനു അഭിഷോക് സിംഗ്വി വാദിച്ചത്. എന്നാല്‍ മതിയായ ചികിത്സ നല്കാന് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയാണ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അര്പേഷ് കുമാര്‍ സിങ് ചെയ്തത്. കൂടാതെ പരോള്‍ തീരുന്ന ആഗസ്റ്റ് 30നു തന്നെ ജയിലിലേക്ക് തിരിച്ചു പോകാനും നിര്‍ദ്ദേശം.
ALSO READ:ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മൂന്നുമാസത്തില്‍ കൂടുതല്‍ കാലാവധി നീട്ടിനല്കേണ്ടതില്ലെന്നും, ആവശ്യമെങ്കില്‍ ചികിത്സക്കായി അദ്ദേഹത്തെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റാമെന്നും സിബിഐ കൗണ്‍സില്‍ രാജീവ് സിന്‍ഹ വാദിച്ചു.
ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ കാലിത്തീറ്റ കുംഭകോണത്തിന്റെ പേരിലാണ് ലാലു പ്രസാദ് യാദവിനെ കോടതി ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്.
Post Your Comments