കണ്ണൂര്‍: കേരളത്തെ നടുക്കിയ പിണറായി കൂട്ടക്കൊല കേസിലെ ഏക പ്രതി സൗമ്യയെ ജയിലില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വനിതാ സബ്ജയിലില്‍ തടവിലായിരുന്നു സൗമ്യയെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. രാവിലെ 9.30തോടെയായിരുന്നു സംഭവം. സൗമ്യയെ തൂങ്ങി നില്‍ക്കുന്നത് കണ്ട ഉടനെ കുരുക്ക് അഴിച്ച് ജയില്‍ അധികൃതര്‍ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മറണം സംഭവിച്ചിരുന്നു. മൃതദേഹം ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
സ്വന്തം മക്കളെയും മാതാപിതാക്കളെയും കുട്ടികളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്നു യുവതി.വിചാരണാ നടപടികള്‍ തുടങ്ങാനിരിക്കേയാണ് സൗമ്യയെ തൂങ്ങി മരിച്ചത്. രാവിലെ ജയില്‍ വളപ്പിലെ പുല്ലരിയാനായിരുന്നു ജയില്‍ അധികൃതര്‍ സൗമ്യയ്ക്ക് നല്‍കിയ ജോലി. ഇതിനിടെയാണ് അധികൃതരുടെ ശ്രദ്ധമാറിയപ്പോള്‍ യുവതി കഴുത്തില്‍ കുരുക്കിട്ട ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കേസില്‍ ഏക പ്രതിയായ സൗമ്യയ്‌ക്കെതിരെ ആദ്യ കുറ്റപത്രം കഴിഞ്ഞ മാസമാണ് സമര്‍പ്പിച്ചത്.
മാതാവ് കമലയെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എണ്ണൂറ് പേജുള്ള കുറ്റപത്രത്തില്‍ അൻപത്തിയൊമ്പത് സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആഹാരത്തില്‍ ഏലിവിഷം കലര്‍ത്തിയാണ് കമലയെ സൗമ്യ കൊലപ്പെടുത്തിയത്. സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണന്‍, മകള്‍ ഐശ്വര്യ എന്നിവരെ ഇതേ രീതിയില്‍ കൊലപ്പെടുത്തിയിരുന്നു.കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ നിരവധി കാമുകന്മാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍, കൊലപാതകത്തില്‍ ഇവരുടെ പങ്ക് അന്തിമമായി പരിശോധിക്കുന്നതിനായി സൗമ്യയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കേസില്‍ സൗമ്യക്ക് വേണ്ടി വാദിക്കാനും ആരും തയ്യാറായിരുന്നില്ല. നേരത്തെ വിചാരണാ വേളയില്‍ മുഴുവന്‍ സമയവും തലകുനിച്ചു നില്‍ക്കുകയായിരുന്ന സൗമ്യ മജിസ്‌ട്രേട്ടിനു മുന്‍പില്‍ കുറ്റസമ്മത മൊഴി നിഷേധിച്ചിട്ടുമില്ല. ഈ അവസരത്തിലാണ് ദുരൂഹതകൾ ബാക്കി വെച്ച് സൗമ്യയുടെ മരണം .
അതേസമയം ആത്മഹത്യാ പ്രവണതയുള്ള സൗമ്യയെ പോലൊരു പ്രതിയെ ഒറ്റയ്ക്ക് താമസിപ്പിച്ചിതിലും ആവശ്യമായ നിരീക്ഷണം ഉറപ്പാക്കത്തതിലും ജയില്‍ അധികൃതര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായേക്കും എന്നാണ് സൂചന.
Post Your Comments