യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ഒരു സരിത വന്നതുപോലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അന്തകയായി ഒരു സ്വപ്ന സുരേഷ് വന്നിരിക്കുന്നു. പരിഹാസമായിട്ടാണ് പലരും ഇത് പറയുന്നത്. ഒറ്റ കേള്‍വിയില്‍ ഇത് കൗതുകകരമാണ്. ഇവര്‍ തമ്മില്‍ ചില സാദൃശ്യങ്ങളുണ്ട്. അതേസമയം വൈജാത്യങ്ങളുമുണ്ട്. ഒന്നാമത്, സരിത, ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ കരിനിഴല്‍ വീഴ്ത്തി എന്നതൊരു സത്യമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന് സരിത നായരുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളാണ്.
55 കൊല്ലം നീണ്ടുനിന്ന ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതത്തില്‍ കരിനിഴില്‍ വീഴ്ത്തി. അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ ഇതെല്ലാം ദുഷ്‌പേരുണ്ടാക്കി. അതുപോലെ തന്നെ പിണറായി വിജയന്റെ ഭരണം ഏതാണ്ട് അവസാന സമയത്തോട് അടുക്കുന്നു. ഏഷ്യാനെറ്റിന്റെ സര്‍വേയില്‍ ജനങ്ങള്‍ പിണറായിയെ തന്നെ മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നു. ഭരണത്തെക്കുറിച്ച് നല്ലത് പറയുന്നു. പ്രത്യേകിച്ചും കോവിഡുമായി ബന്ധപ്പെട്ട് സ്തുത്യര്‍ഹ്യമായ സേവനം നടത്തുന്നു എന്നൊരു ധാരണ നിലനില്‍ക്കുമ്ബോഴാണ് ഒരു സ്വപ്ന സുരേഷ് പ്രത്യക്ഷപ്പെടുന്നതും മറ്റെല്ലാ വാര്‍ത്തകളും പിന്തള്ളപ്പെടുന്നതും.
ഉമ്മന്‍ചാണ്ടിയുടെ ഭരണം നല്ലതുപോലെ നടക്കുമ്ബോഴാണ് പിറവത്തും നെയ്യാറ്റിന്‍കരയും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതും യുഡിഎഫ് വിജയിക്കുന്നതും. അതേസമയം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. സമരങ്ങള്‍ പരാജയപ്പെടുന്നു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന നേതാക്കള്‍ തന്നെ സംശയത്തിന്റെ നിഴലിലാകുന്നു. പാര്‍ട്ടി തന്നെ പ്രതിരോധത്തിലാകുന്നു. അങ്ങനെയൊരു അവസ്ഥയില്‍ നില്‍ക്കുമ്ബോഴാണ് അവരെ രക്ഷിക്കാന്‍ സരിത നായര്‍ പ്രത്യക്ഷപ്പെടുന്നത്.
സോളാര്‍ തട്ടിപ്പുമായി ബന്ധമുള്ള ഒരു സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം പുലര്‍ത്തുന്നു എന്ന വാര്‍ത്ത കൈരളി ചാനലാണ് ആദ്യം പുറത്തുവിടുന്നത്. വി.എസ്.അച്ചുതാനന്ദന്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുന്നു. അവിടേയും കാര്യമായ ചലനമുണ്ടായില്ല. മാധ്യമങ്ങള്‍ പലതും വാര്‍ത്ത തമസ്‌കരിച്ചു. പിന്നീടാണ് ജോപ്പന്‍, ഗണ്‍മാന്‍ മുതലായ കഥാപാത്രങ്ങള്‍ വരുന്നതും തുടര്‍ന്ന് കേരളം കണ്ട എക്കാലത്തേയും വലിയ അപവാദ കഥയായി മാറുന്നതും. ഉമ്മന്‍ ചാണ്ടി തുടക്കത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തെ കുറിച്ച് വ്യക്തിപരമായി പല കഥകളും പ്രചരിച്ചു. കുടുംബാംഗങ്ങളെക്കുറിച്ചും അപഖ്യാതികള്‍ പടര്‍ന്നുപിടിച്ചു. അത് അദ്ദേഹത്തിന്റെ പതനത്തില്‍ ചെന്നവസാനിച്ചു.
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതിനേക്കാള്‍ ഗുരുതരമാണ്. സരിത നായരുമായി ബന്ധപ്പെട്ട ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായി അവര്‍ക്കുണ്ടായിരുന്ന പരിചയം. അത് മുന്‍നിര്‍ത്തി അവര്‍ സ്വകാര്യ വ്യക്തികളെ വഞ്ചിച്ചു എന്നതാണ്. സോളാര്‍ വിവാദം കൊണ്ട് സര്‍ക്കാരിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടി എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു കാര്യമാണ്.
എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്ത് നടത്തുക എന്നത് നിസ്സാര കാര്യമല്ല. അതിന് പിന്നില്‍ വലിയ ആസൂത്രണവും മുന്‍കരുതലും പലരുടേയും സ്വാധീനവുമുണ്ട്, വലിയ തട്ടിപ്പുണ്ട്. രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കാവുന്ന പ്രശ്‌നമാണ്. രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകിടം മറിക്കുന്നതാണ് സ്വര്‍ണ്ണക്കള്ളക്കടത്ത്. ഇവിടെ നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധം പോലും തകര്‍ക്കാന്‍ പറ്റുന്ന ഒരു സമ്മര്‍ദ്ദം അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. കേന്ദ്രവുമായും കേരളവുമായും യുഎഇയ്ക്ക് നല്ല അടുപ്പമാണ്.
അവരുമായി നല്ല സൗഹാര്‍ദ്ദത്തിലും സാഹോദര്യത്തിലുമാണ് മുന്നോട്ട് പോകുന്നത്. എത്രയോ മലയാളികള്‍ അവിടെ ജോലി ചെയ്യുന്നു. കോവിഡ് കാലത്ത് അവരില്‍ പലര്‍ക്കും ഇവിടേക്ക് വരാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഒരു തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നു. ഈ തട്ടിപ്പുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി വളരെ അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ എം.ശിവശങ്കര്‍ ഐഎഎസുമായും അടുത്ത ബന്ധമുണ്ട്. ശിവശങ്കര്‍, സ്വപ്‌നയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഇത് ഇരുവരും നിഷേധിച്ചിട്ടുമില്ല. അതിലും ഉപരിയായി, ശിവശങ്കരന്റെ കൂടി താല്‍പര്യത്തില്‍ സ്വപ്‌ന, ഐടി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അവര്‍ 1,70,000 രൂപ ശമ്ബളം പറ്റുന്നു.
പത്താം ക്ലാസ് പാസാകാത്ത ഒരാള്‍ക്ക് ഈ നാട്ടില്‍ കിട്ടുന്ന ഏറ്റവും ഉയര്‍ന്ന ശമ്ബളമാണ്. ഗവ.സെക്രട്ടറിക്ക് കിട്ടുന്ന ശമ്ബളം. അതിനുള്ള വിദ്യാഭ്യാസ യോഗ്യത അവര്‍ക്കില്ല. പിഎസ്‌സി വഴി നിയമിച്ചതല്ല. കരാര്‍ നിയമനം ആണെന്നാണ് പറയുന്നത്. പിഎസ്‌സി വഴിയാണെങ്കില്‍ പരീക്ഷ എഴുതി ജയിക്കണം. വലിയ പോസ്റ്റിലേക്കാണെങ്കില്‍ അഭിമുഖമുണ്ട്. ഗവ. സെക്രട്ടറിയാവണമെങ്കില്‍ യുപിഎസ്‌സിയുടെ കോമ്ബറ്റേറ്റീവ് പരീക്ഷ എഴുതി പാസാവാണം. ഇത്ര വലിയ തുക ശമ്ബളം കൈപ്പറ്റുന്ന ഒരു മഹതിയുടെ പേരില്‍ സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ല. അവരെ മുഖ്യമന്ത്രിക്ക് അറിയില്ല. പക്ഷേ സെക്രട്ടറിക്ക് അറിയാം. അദ്ദേഹം ഒരു പ്രതാപശാലിയാണ്. നിയമ വകുപ്പിനോട് ആലോചിക്കാതെ, അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടാതെ, ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാതെ തന്നിഷ്ടപ്രകാരം സ്പ്രിങ്കഌറുമായി കരാര്‍ ഉണ്ടാക്കാന്‍ പോന്നത്രയും മഹാപ്രതിഭയാണ് ശിവശങ്കര്‍. കരാര്‍ ഉണ്ടാക്കുന്നതിന് ചില നടപടിക്രമങ്ങള്‍ ഉണ്ട്. അതൊന്നും പാ
ലിച്ചില്ല. പക്ഷേ ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അംഗീകരിച്ചു. അങ്ങനെയാണ് സ്പ്രിങ്കളറുമായി കരാര്‍ ഉണ്ടാക്കുന്നത്. അതില്‍ എന്തൊക്കെ അസംബന്ധ വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്. നമ്മുടെ ഡേറ്റ ദുരുപയോഗം ചെയ്യാനുള്ള എല്ലാ അവസരവും ഉണ്ടായിരുന്നു. ദുരുപയോഗം ചെയ്താല്‍ ന്യൂയോര്‍ക്കില്‍ പോയി കേസ് കൊടുക്കാനുള്ള വ്യവസ്ഥകള്‍ വരെ ഉണ്ടായിരുന്നു. ഇത്രയും രസകരമായ വ്യവസ്ഥകള്‍ ഉണ്ടാക്കിയ സെക്രട്ടറിയെ അന്ന് സെക്രട്ടേറിയറ്റില്‍ നിന്നും ചവിട്ടി പുറത്താക്കേണ്ടതായിരുന്നു. അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ അടുത്തുണ്ടായിരുന്ന സ്വാധീനം മുന്‍നിര്‍ത്തിയാണ് ആ സ്ഥാനത്ത് തുടര്‍ന്നത്. അപ്പോഴാണ് ഈ വിവാദം ഉയര്‍ന്നത്.
സ്വപ്‌ന സുരേഷുമൊത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ പ്രചരിക്കുന്നു. മുഖ്യമന്ത്രിക്ക് അവരെ അറിയില്ല എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ല. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയില്‍ ഭരണകേന്ദ്രങ്ങളില്‍ സ്വാധീനമുണ്ടായിരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തട്ടിപ്പുകാര്‍ എപ്പോഴും പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധം പുലര്‍ത്തും. അത് അവരുടെ മൂലധനമാണ്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടെന്ന് കരുതുന്നില്ല. സ്വപ്‌ന സുരേഷ്, സര്‍ക്കാര്‍ ചിഹ്നം ഉപയോഗിച്ച് വിസിറ്റിങ് കാര്‍ഡ് അടിച്ചു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ, എന്തും ചെയ്യാന്‍ ധൈര്യമുള്ള, അനുവാദമുള്ള ശിവശങ്കര്‍ സ്വപ്‌നയെ പരിപാലിക്കുന്നു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെക്കുറിച്ച്, അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ ഒരു പ്രസംഗമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുന്നു എന്നാണ് അന്ന് പറഞ്ഞത്.
എന്നാല്‍ ഇന്ന് സരിതയെപ്പോലുള്ള വെറും തട്ടിപ്പുകാരുടെ മാത്രമല്ല, സ്വപ്‌നയെപ്പോലുള്ള രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷിതത്വത്തെ അട്ടിമറിക്കുന്ന, വലിയ കൊള്ളക്കാരുടെ, രാജ്യദ്രോഹികളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ ആരും ഇതിനെ ന്യായീകരിച്ചിട്ടില്ല. ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. അതുതന്നെ പരോക്ഷമായ കുറ്റസമ്മതമാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് നീക്കം ചെയ്തത്. ഈ വിഷയത്തില്‍ നിയമപരമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് പറയാനാവില്ല. പക്ഷേ, ഇതിന്റെ രാഷ്ട്രീയവും ധാര്‍മികവുമായ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാവില്ല. അവിടെയാണ് സ്വപ്‌ന സുരേഷിന്റെ ചരിത്ര പ്രാധാന്യം.
ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ സരിത നായര്‍ വഹിച്ചതിനേക്കാള്‍ കൂടിയ പങ്ക് സ്വപ്‌ന സുരേഷ് വഹിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ കരിനിഴല്‍ വീണിരിക്കുന്നു. മുഖ്യമന്ത്രി നേരിടുന്നത് ധാര്‍മ്മികവും രാഷ്ട്രീയവുമായ പ്രതിസന്ധിയാണ്. ജനങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ നിലപാട് വിശ്വസനീയമല്ല. എന്നാല്‍ ഇത് രാഷ്ട്രീയ വിഷയത്തേക്കാള്‍ ഉപരി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യം കൂടിയാണ്.
അഡ്വ. എ. ജയശങ്കര്‍
(എബിസി മലയാളം ചാനലിലെ അഭിമുഖത്തില്‍ നിന്ന് )
Post Your Comments