Latest NewsIndia

ഗ്രാമീണ ഭവന മേഖലയില്‍ നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമ്മിച്ചത് ഒരു കോടിയിലേറെ വീടുകള്‍: പ്രധാനമന്ത്രി

ഉഡാന്‍ പദ്ധതിക്ക് കീഴില്‍ ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളിലായി 23 വിമാനത്താവളങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

ന്യൂഡൽഹി: റോഡുകള്‍, പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി (പി.എം.ജി.എസ്.വൈ), ഗ്രാമീണ ഭവന നിര്‍മ്മാണം, നഗര പാര്‍പ്പിട മേഖല, റെയിവെ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നീ സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ പ്രവര്‍ത്തനം പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു. ഗ്രാമീണ ഭവന മേഖലയില്‍ 2014 മുതല്‍ 18 വരെയുള്ള കാലയളവില്‍ ഒരു കോടിയിലേറെ വീടുകള്‍ നിര്‍മ്മിച്ചതായി യോഗത്തില്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തൊട്ട് മുമ്പുള്ള നാല് വര്‍ഷം ഇത് 25 ലക്ഷം വീടുകളായിരുന്നു.

ഭവന മേഖലയിലും മറ്റ് നിര്‍മ്മാണ വ്യവസായ രംഗത്തും ഇത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഒരു സ്വതന്ത്ര പഠനമനുസരിച്ച് 2015-16 കാലഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എടുത്ത ശരാശരി സമയം 314 ദിവസം ആയിരുന്നത്, 2017-18 ല്‍ 114 ദിവസമായി കുറഞ്ഞു. ദുരന്ത പ്രതിരോധം, കുറഞ്ഞ ചെലവിലുള്ള ഭവന രൂപകല്‍പ്പനാ രീതികള്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്നു. നഗര പാര്‍പ്പിട മേഖലയില്‍ പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (നഗരം) കീഴില്‍ ഇതുവരെ 54 ലക്ഷം വീടുകള്‍ അനുവദിച്ചിട്ടുണ്ട്.

ഗതാഗത മേഖല:

ഗതാഗത മേഖലയിലെ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. റോഡ് നിര്‍മ്മാണത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായതായി നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് യോഗത്തില്‍ അറിയിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 26.93 കിലോ മീറ്റര്‍ റോഡാണ് നിര്‍മ്മിച്ചത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 11.67 കിലോ മീറ്റര്‍ ആയിരുന്നു.24 ലക്ഷത്തില്‍ കൂടുതല്‍ ആര്‍.എഫ്.ഐ.ഡി. ടാഗുകള്‍ ഇതുവരെ അനുവദിച്ചു. 23 ശതമാനത്തില്‍ കൂടുതല്‍ ടോള്‍ പിരിവും ഇലക്‌ട്രോണിക് ടോള്‍ കളക്ഷന്‍ വഴി ആയിക്കഴിഞ്ഞു.

റോഡ് സാഹചര്യങ്ങള്‍, പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ‘സുഖത് യാത്ര’ ആപ്ലിക്കേഷന്‍ ഇതുവരെ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇലക്‌ട്രോണിക് ടോള്‍ കളക്ഷന്റെ പുരോഗതി വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച ഗ്രാമീണ റോഡുകള്‍ 88 ശതമാനം ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 44,000 ത്തില്‍ കൂടുതല്‍ ഗ്രാമങ്ങളെ ഈ പദ്ധതി വഴി ബന്ധിപ്പിച്ചു.

ഇതിന് മുമ്പുള്ള നാല് വര്‍ഷം ഇത് 35,000 ആയിരുന്നു. റോഡുകളുടെ ജി.ഐ.എസ്. മാപ്പിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജിയോ സ്‌പേഷ്യല്‍ റൂറല്‍ റോഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (ജി.ആര്‍.ആര്‍.ഐ.എസ്) 20 സംസ്ഥാനങ്ങള്‍ ഇതിനകം പങ്കുചേര്‍ന്നു കഴിഞ്ഞു. ഗ്രാമീണ റോഡ് നിര്‍മ്മാണത്തിനായി ഹരിത സാങ്കേതിക വിദ്യകള്‍, പാരമ്പര്യേതര അസംസ്‌കൃത വസ്തുകളായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഫ്‌ളൈ ആഷ് എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യോമയാന മേഖലയില്‍ 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 62 ശതമാനം വര്‍ദ്ധനയുണ്ടായി. ഇതിന് തൊട്ട് മുമ്പുള്ള നാല് വര്‍ഷങ്ങളില്‍ ഇത് 18 ശതമാനമായിരുന്നു.

ഉഡാന്‍ പദ്ധതിക്ക് കീഴില്‍ ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളിലായി 23 വിമാനത്താവളങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെയില്‍വെ മേഖലയില്‍ ശേഷി വര്‍ദ്ധനവിലും റോളിഗ് സ്റ്റോക്കിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. 2014-2018 ല്‍ 9528 കിലോ മീറ്റര്‍ പുതിയ പാതകള്‍ നിര്‍മ്മിക്കപ്പെടുകയോ, ഇരട്ടിപ്പിക്കുകയോ, ഗേയ്ജ് മാറ്റം വരുത്തുകയോ ചെയ്തു. തൊട്ട് മുമ്പുള്ള നാല് വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനം അധികമാണിത്. 2014-18 ല്‍ പ്രധാന തുറമുഖങ്ങളിലെ ഗതാഗതത്തില്‍ 17 ശതമാനം വര്‍ദ്ധവുണ്ടായി.രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button