Latest NewsTechnology

സെക്കന്‍ഡില്‍ ഒരു ജിബി വേഗതയുമായി ജിയോ ഗിഗാ ഫൈബര്‍ ആഗസ്റ്റ് 15 മുതല്‍

മുംബൈ :  ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് രംഗപ്രവേശം ചെയ്ത് റിലയന്‍സ് ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള റിലയന്‍സ് ജിയോയുടെ പുതിയ ഉദ്യമമായ ജിയോ ഗിഗാ ഫൈബര്‍ (Jio Giga Fiber) അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന കമ്പനിയുടെ 41 ാമത് വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് റിലയന്‍സ് ജിയോയുടെ ഈ സുപ്രധാന പ്രഖ്യാപനം. ജിയോഫോണിന്റെ പുതിയ പതിപ്പായ ജിയോ ഫോണ്‍ 2 വും വേദിയില്‍ അവതരിപ്പിച്ചു.

ഇന്ത്യയുടെ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ശൃഖലയെ അടിമുടി മാറ്റുന്നതായിരിക്കും ജിയോ ഗിഗാ ഫൈബര്‍ എന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി പറഞ്ഞു.

2,50,000 കോടി രൂപ ഇതിനോടകം ബ്രോഡ്ബാന്‍ഡ് ശൃഖലയ്ക്ക് വേണ്ടി കമ്പനി നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെക്കന്‍ഡില്‍ ഒരു ജിബി വേഗത ബ്രോഡ്ബാന്റ് നെറ്റ്വര്‍ക്കിനുണ്ടാകുമെന്ന് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. അപ്ലോഡ് സ്പീഡ് 100 എംബിപിഎസ് ആയിരിക്കും. വീടുകള്‍, ചെറു വ്യവസായങ്ങള്‍, വന്‍കിട സ്ഥാപനങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചാണ് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് ജിയോ ആവിഷ്‌കരിക്കുന്നത്.

വീടുകളില്‍ അള്‍ട്രാ എച്ച്ടി ഗുണമേന്മയില്‍ ടെലിവിഷന്‍ വഴിയുള്ള വിനോദം, വീഡിയോ കോള്‍ സൗകര്യം, വോയ്സ് ആക്റ്റിവേറ്റഡ് വിര്‍ച്വല്‍ അസിസ്റ്റന്റ്, വിര്‍ച്വല്‍ റിയാലിറ്റി ഗെയിമുകളും ഓണ്‍ലൈന്‍ ഷോപ്പിങും ഒപ്പം അതിവേഗ ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട് ഹോം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജിയോ ജിഗാ ഫൈബര്‍ സഹായിക്കും. ചെറുകിട വന്‍കിട സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായതും ആവശ്യമായതുമായ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി ഒരു ജിഗാ റൂട്ടറൂം ടെലിവിഷന്‍ അധിഷ്ടിത സേവനങ്ങള്‍ നല്‍കുന്നതിനായി ജിഗാ ടിവി സെറ്റ് ടോപ്പ് ബോക്സും ജിയോ നല്‍കുന്നുണ്ട്.

Read Also : കോള്‍ മുറിഞ്ഞ് പോകാതിരിക്കാൻ പുതിയ സംവിധാനവുമായി ജിയോ വരുന്നു

ജിയോ ടിവി സെറ്റ് ടോപ് ബോക്സ് വഴി സ്മാര്‍ട്ട് ടിവി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും ജിയോ ടിവി, ജിയോ സിനിമ, ജിയോ ചാറ്റ് പോലുള്ള ജിയോ ആപ്പുകളും ഇതില്‍ ലഭ്യമാവും. റിമോട്ടില്‍ നല്‍കിയിട്ടുള്ള ബട്ടന്‍ വഴി വോയ്സ് കമാന്റിലൂടെ സെറ്റ് ടോപ്പ് ബോക്സ് നിയന്ത്രിക്കാനും സാധിക്കും. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ വോയ്സ് കമാന്റ് സേവനം ലഭ്യമാണെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

ജിയോ ടിവി കോളിങ് സൗകര്യവും സെറ്റ് ടോപ് ബോക്സ് വഴി സാധ്യമാണ്. ഇത് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ് സാധ്യമാക്കുന്നു.

നിലവില്‍ ആയിരക്കണക്കിന് വീടുകളില്‍ ജിയോ ഗിഗാ ഫൈബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗത്തിലുണ്ട്. ആഗസ്റ്റ് 15 മുതല്‍ രാജ്യവ്യാപകമായി റിലയന്‍സി ഗിഗാ ഫൈബര്‍ ലഭ്യമാവും. താല്‍പര്യമുള്ളവര്‍ക്ക് മൈ ജിയോ ആപ്പ് വഴിയും ജിയോ ഡോട്ട് കോം വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button