മലപ്പുറം: അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപമെത്തിയത് എങ്ങനെ ദുരൂഹത വിട്ടുമാറുന്നില്ല. ഹവാല ഇടപാടുകള്‍ക്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം. കോട്ടക്കല്‍ എസ്ബിഐ ബ്രാഞ്ചില്‍ അക്കൗണ്ട് ഉടമകള്‍ അറിയാതെയാണ് അവരുടെ അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപമെത്തിയത്. സംഭവത്തില്‍ ദുരൂഹത വിട്ടുമാറുന്നില്ല. കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരുടെ അക്കൗണ്ടുകളിലാണ് ലക്ഷങ്ങളുടെ നിക്ഷേപമെത്തിയത്. ഇരുപതോളം പേരുടെ അക്കൗണ്ടുകളിലായി 19 കോടി രൂപയാണ് എത്തിയത്. എന്നാല്‍ അക്കൗണ്ട് ഉടമകള്‍ക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലുമായി. വൈദ്യശാലയിലെ ഒരു ജീവനക്കാരന് ശമ്പളം അക്കൗണ്ടിലെത്തിയോ എന്ന് പരിശോധിക്കാനായി എടിഎമ്മില്‍ നിന്ന് സ്റ്റേറ്റ്മെന്റ്് എടുത്തപ്പോഴാണ് തന്റെ അക്കൗണ്ടില്‍ 97 ലക്ഷം രൂപ വന്നതായി കണ്ടെത്തിയത്. എന്നാല്‍ എടിഎമ്മില്‍ നിന്ന് ഒരു രൂപ പോലും പിന്‍വലിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞതുമില്ല. അക്കൗണ്ട് മരവിച്ച നിലയിലായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ കൂടുതല്‍ ജീവനക്കാര്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അവരുടെ അക്കൗണ്ടുകളിലും ലക്ഷങ്ങള്‍ എത്തിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക് അവധിയായതിനാല്‍ കൂടുതല്‍ അന്വേഷിക്കാനും സാധിച്ചിരുന്നില്ല.
ബാങ്ക് അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അത്തരത്തിലുള്ള അനധികൃത അക്കൗണ്ടുകള്‍ നടക്കില്ലെന്നായിരുന്നു വിശദീകരണം. ഇന്നലെ ബാങ്കിലെത്തിയ ഇടപാടുകാര്‍ക്കു വിശ്വസനീയമായ വിശദീകരണം നല്കാന് ബാങ്ക് മാനേജര്‍ക്ക് കഴിഞ്ഞിട്ടില്ല. കെവൈസി നിബന്ധനകള്‍ പാലിക്കാത്ത അക്കൗണ്ട് ഉടമകളുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിനു ബാങ്ക് ഹെഡ്ഓഫീസില്‍ നിന്നു മന:പൂര്‍വം ചെയ്തതാകാമെന്ന വിശദീകരണമാണ് ബാങ്ക് അധികൃതര്‍ നല്‍കിയത്. എന്നാല്‍ ഇത്തരത്തിലുള്ള നടപടി കേട്ടുകേള്‍വി പോലുമില്ലാത്തതിനാല്‍ ഇടപാടുകാര്‍ക്ക് വിശ്വാസമായിട്ടില്ല.
മാത്രമല്ല, ബാങ്കിന്റെവിശദീകരണം അവ്യക്തവുമാണ്. കെവൈസിയില്‍ (ഇടപാടുകാരനെ അറിയല്‍) ഇനിയും വിവരങ്ങള്‍ നല്‍കാനുള്ളവരെ ബാങ്കില്‍ വരുത്താനുള്ള തന്ത്രമാണ് കോടിയുടെ നിക്ഷേപം കാണിച്ചു അയച്ച മെസേജെന്നാണ് ഒരുവിശദീകരണം. എന്നാല്‍ സന്ദേശം കിട്ടിയവരെല്ലാം കെവൈസി വിവരങ്ങള്‍ നല്കിയവരാണ്. ബാങ്കിന്റെ വിചിത്രമായ വാദങ്ങളില്‍ ഇടപാടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.
തങ്ങളുടെ ഇടപാടുകള്‍ ആരെങ്കിലും ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് ഇടപാടുകാര്‍. അനധികൃതമായി എത്തിയ പണം സംബന്ധിച്ച് ബാങ്കിന്റെ മുഖ്യഓഫീസില്‍ നിന്നുള്ള തൃപ്തികരമായ വിശദീകരണം കാത്തിരിക്കുകയാണ് ഇവര്‍. അസാധാരണമായ ഇടപാടിന്റെ പശ്ചാത്തലത്തില്‍ അക്കൗണ്ട് മരവിപ്പിച്ചതോടെ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കഴിയാത്ത സ്ഥിതിയിലായിരുന്നു. തുടര്‍ന്ന് ഇവരുടെ വിരലടയാളം ഉള്‍പ്പെടെ ശേഖരിച്ചാണ് അത്യാവശ്യക്കാര്ക്ക്്്്്് പണം എടുക്കാന്‍ ബാങ്ക്് ഇന്നലെ അനുവദിച്ചത്.
ബാങ്കിന്റെ നടപടിയില്‍ ദൂരൂഹത നിലനില്‍ക്കുന്നതായി ഇടുപാടുകാര്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Post Your Comments