കൊല്ലം : എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു. ഓസ്്ട്രേലിയയില്‍ കൊല്ലപ്പെട്ട സാമിന്റെ പിതാവിന്റെ വാക്കുകള്‍ ഇങ്ങനെ. എന്റെ കുഞ്ഞിനെ ആ കുടുംബത്തില്‍ നിര്‍ത്തുന്നതു സുരക്ഷിതമല്ല. അച്ഛനെ കൊന്നുകളഞ്ഞവരുടെയൊപ്പം അവനെങ്ങനെ നില്ക്കും? പത്തുവയസ്സാകാന്‍ പോകുന്നു അവന്. ആവശ്യത്തിനു മാനസിക പക്വതയുള്ള കുട്ടിയല്ലേ. അച്ഛനെ കൊലപ്പെടുത്തിയവരോട് അവന്റെയുള്ളില്‍ പക വളരില്ലേ. അതു തിരിച്ചറിയുമ്പോള്‍ ആ കുടുംബം അവനെക്കൂടി കൊന്നുകളയില്ലെന്ന് എന്താണുറപ്പ്?’ സാമുവല്‍ ചോദിക്കുന്നു. സോഫിയയുടെ മാതാപിതാക്കളും മെല്‍ബണിലാണ്.
കുട്ടിയെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു സാമുവല്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഓഫിസിനെ സമീപിച്ചിട്ടുണ്ട്. മന്ത്രിയുടെ ഓഫിസുമായി സുഹൃത്ത് തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനും പരമാവധി ശ്രമിക്കുന്നുണ്ടെന്നു കരവാളൂരിലെ വീട്ടിലിരുന്നു സാമുവല്‍ ഏബ്രഹാം പറഞ്ഞു.
Read Also : എബ്രഹാം കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്
കൊച്ചുമകനുമായി ആഗ്രഹിക്കുന്നതുപോലെ സംസാരിക്കാന്‍ സാധിക്കാത്തതിലാണു സാമുവലിന് ഏറെ വിഷമം. ‘മാസത്തിലൊരിക്കലാണു വിഡിയോ കോള്‍ ചെയ്യുക. പക്ഷേ, അവന് അധികമൊന്നും എന്നോടു സംസാരിക്കാന്‍ കഴിയാറില്ല. സോഫിയയുടെ കുടുംബാംഗങ്ങള്‍ അവന്റെ ചുറ്റിലുമുണ്ടാകും. സുഖമാണോ എന്നു ചോദിക്കുമ്പോള്‍ അതെയെന്ന് അവന് പറയും. അതെത്രത്തോളം സത്യമാണെന്ന് എനിക്കറിയില്ല. സോഫിയയുടെ സഹോദരിയോട് ഞാന്‍ സംസാരിക്കാറില്ല. സംസാരിക്കണമെന്നു തോന്നിയിട്ടേയില്ല. കുഞ്ഞിന്റെ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ അവരുടെ ഭര്‍ത്താവിനോടു സംസാരിച്ചിട്ടുണ്ട്.
എന്റെ മകന്റെ മരണത്തെക്കുറിച്ച് ഒരു വാക്കുപോലും ഇന്നേവരെ അവരോടു ചോദിച്ചിട്ടില്ല. പക്ഷേ, സോഫിയയുടെ അമ്മയ്ക്ക് എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു എന്നെനിക്കറിയാം.’ – സാമുവല്‍ പറയുന്നു. ‘അവര്‍ക്ക് എല്ലാം അറിയാമായിരുന്നു. പക്ഷേ, ഇപ്പോള്‍ അവര്‍ പറയുന്നതു മകളും കൂട്ടുപ്രതി അരുണും നിരപരാധികളാണെന്നാണ്. കെട്ടിച്ചമച്ച കേസാണെന്നാണ് അവരുടെ വാദം’.
സാമിന്റെയും സോഫിയയുടെയും സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചു തനിക്കൊന്നുമറിയില്ലായിരുന്നെന്നും സാമുവല്‍ പറഞ്ഞു. സാമിന്റെ മരണശേഷം, അവനോട് അടുപ്പമുണ്ടായിരുന്ന ബന്ധുക്കളിലും സുഹൃത്തുക്കളിലുംനിന്നാണു പലതും മനസ്സിലാക്കിയത്. അരുണ്‍ ഓസ്ട്രേലിയയിലെത്തിയശേഷം സാമും സോഫിയയും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. സോഫിയയാണ് അരുണിനെ ഓസ്ട്രേലിയയിലെത്തിച്ചത്. സാമിന് ഒമാനില്‍ നല്ല ജോലി ഉണ്ടായിരുന്നു. സോഫിയയെയും ഒമാനില്‍ ഒപ്പം നിര്‍ത്താനായിരുന്നു സാമിന്റെ ആഗ്രഹം. അവള് സമ്മതിക്കാതിരുന്നതുകൊണ്ട് സാം ഓസ്ട്രേലിയയിലേക്കു പോകുകയായിരുന്നു.
കോട്ടയത്തെ ഒരു കോളജില്‍ ഒരുമിച്ചു പഠിച്ചവരാണു സോഫിയയും അരുണും. സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്നതിനു തെളിവൊന്നുമില്ല. ഉണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നതെന്നും സാമുവല്‍ പറയുന്നു. സാമിനു ഭാര്യയെ സംശയമുണ്ടായിരുന്നില്ല എന്ന കാര്യത്തില്‍ ഉറപ്പുണ്ട്. അവര്‍ ഒരുമിച്ചു പുറത്തുപോകുമ്പോഴൊക്കെയും പഴയ സഹപാഠിയുമായുള്ള സൗഹൃദത്തിനപ്പുറം എന്തെങ്കിലുമുള്ളതായി സാം കരുതിയിരുന്നില്ല.
സോഫിയയെ ഇവിടെയെല്ലാവര്‍ക്കും ചെറുപ്പംതൊട്ടേ അറിയാം. പള്ളിയിലെ ഗായകസംഘത്തെ നയിച്ചിരുന്നതു സാം ആയിരുന്നു. ആ ഗായകസംഘത്തിലെ അംഗമായിരുന്നു സോഫിയയും. കുട്ടിക്കാലം തൊട്ടേ അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നെ പപ്പ എന്നാണു പണ്ടേ വിളിച്ചിരുന്നത്. നല്ല സ്നേഹമായിരുന്നു. നല്ല പെരുമാറ്റവും. പിടിയിലാകുന്നതിനു തൊട്ടുമുന്‍പത്തെ ദിവസങ്ങളില്‍വരെ അവള് ഞങ്ങളെ വിളിച്ചിരുന്നു – യാഥാര്‍ഥ്യത്തോട് ഇനിയും പൂര്‍ണമായി പൊരുത്തപ്പെടാകാതെ നിറഞ്ഞ കണ്ണുകളോടെ സാമുവല്‍ പറഞ്ഞുനിര്‍ത്തി.
Post Your Comments