India

വാടക നൽകിയില്ല ; ഉടമ പൂട്ടിയിട്ട മലയാളി കുടുംബത്തെ രക്ഷപ്പെടുത്തി

ന്യൂഡൽഹി : വാടക നൽകാത്തതിന് കെട്ടിട ഉടമ പൂട്ടിയിട്ട മലയാളിയെയും കുടുംബത്തെയും രക്ഷപ്പെടുത്തി. ജോലിക്കായി വിദേശത്തേക്ക് പോകാനുള്ള രേഖകള്‍ സമ്പാദിക്കാൻ ഡല്‍ഹിയിലെത്തിയതായിരുന്നു കുടുംബം. തിരുവനന്തപുരം ചിറയന്‍കീഴ്‌ അരയന്‍തുരുത്തി പുതുവല്‍ വീട്ടില്‍ അഖില്‍ അലോഷ്യസിനെയും ഭാര്യയെയും രണ്ടു കുട്ടികളെയുമാണു മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രക്ഷെപ്പടുത്തിയത്.

ഖാന്‍പൂരിലുള്ള ദുഗര്‍കോളനിയിലെ വീടിന്റെ മുറി ഓണ്‍ലൈനിലൂടെകണ്ടെത്തി ഒരു മാസത്തേക്ക്‌ ഇവർ വാടകയ്‌ക്കെടുത്തിരുന്നു. ഡല്‍ഹിയിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ ഇവരുടെ പാസ്‌പോര്‍ട്ടുകളും മറ്റു സാധനങ്ങളും നഷ്‌ടപ്പെട്ടു. ഇവരോപ്പം ചേര്‍ന്ന പരിചയക്കാരായ വയനാട്‌ സുല്‍ത്താൻബത്തേരി മലങ്കരവയല്‍ അബ്‌ദു റഹ്‌മാന്‍, മുഹമ്മദ്‌ അബ്‌ദുള്‍, മലപ്പുറം സ്വദേശി മുഹമ്മദ്‌ സെഫാന്‍ എന്നിവരും വിദേശത്തു പോകാനുള്ള ശ്രമങ്ങള്‍ക്കായി ഇതേ വീട്ടില്‍ മറ്റൊരു മുറിയുമെടുത്തു.

എന്നാൽ മുൻകൂറായി വാടക കൊടുക്കാൻ ഇവരുടെ കയ്യിൽ പണം ഉണ്ടായിരുന്നില്ല. 16 നായിരുന്നു വാടക നൽകേണ്ടത്. പണം ഇപ്പോഴില്ലെന്ന് അറിഞ്ഞതോടെ കെട്ടിട ഉടമ ഇവരെ പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. കൂടാതെ ഇവരുടെ കയ്യിലുണ്ടായിരുന്ന മൊബൈലും വാച്ചുമെല്ലാം ഉടമ കൊണ്ടുപോയി.

ഇതിനിടെ മുഹമ്മദ് സെഫാന്‍ രക്ഷപ്പെട്ട്‌ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി എംവി. ജയരാജനെ ഫോണില്‍ വിളിച്ച്‌ സഹായം തേടുകയായിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം കേരള ഹൗസ്‌ റെസിഡന്റ്‌ കമ്മിഷണര്‍ പുനീത്‌കുമാറിനെയും കണ്‍ട്രോളര്‍ ജോര്‍ജ്‌ മാത്യുവിനെയും വിളിച്ച്‌ അടിയന്തര നടപടിക്കു നിര്‍ദേശം നല്‍കി. ഡല്‍ഹി നോര്‍ക്ക ഡെവലപ്‌മെന്റ്‌ ഓഫീസര്‍ എസ്‌. ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എല്ലാവരെയും കണ്ടെത്തുകയായിരുന്നു.

തുടർന്ന് അഖിലിനെയും കുടുംബത്തെയും മറ്റു രണ്ടുപേരേയും രക്ഷപ്പെടുത്തി. അഖിലിന്റെ മക്കൾ ഭക്ഷണം ലഭിക്കാതെ അവശനിലയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button