കോട്ടയം: പൊലീസ് കാവലിൽ വിഡിയോ കോള് ചെയ്ത് കെവിൻ കൊലക്കേസിലെ പ്രതി. ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പിൽ പൊലിസിന്റെ മുന്നിൽ വാഹനത്തിലിരുന്നാണ് പ്രതിയായ ഷെഫിൻ ബന്ധുവിന്റെ മൊബൈൽ ഫോണിലൂടെ വീട്ടുകാരെ കണ്ടുസംസാരിച്ചത്. ഇന്നലെ വൈകിട്ടു നാലരയ്ക്കാണ് പത്തു പ്രതികളെ കോടതിയിൽ എത്തിച്ചത്. കോടതി വളപ്പിൽ നിൽക്കുമ്പോൾ ബന്ധുവായ വനിത ഷെഫിനെ കാണാൻ എത്തിയിരുന്നു.
ഷെഫിനോടു സംസാരിച്ചു തുടങ്ങിയ വനിത സ്വന്തം ഫോണിൽ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. യുവതിയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തിൽ ഇരുന്നു ഷെഫിൻ സംസാരിച്ചു. വീഡിയോ കോൾ പൊലിസ് ഉദ്യോഗസ്ഥർ കണ്ടുനിൽപ്പുണ്ടായിരുന്നു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയിൽ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികൾ പറയുന്നതും കേൾക്കാമായിരുന്നു.
Post Your Comments