KeralaIndia

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ: തോമസ് എെസക്കിന്റെ പ്രതികരണമിങ്ങനെ

തിരുവനന്തപുരം ; യെദിയൂരപ്പയുടെ സത്യപ്രതിജ്ഞക്കെതിരെ മന്ത്രി തോമസ് എെസക്. പണമെറിഞ്ഞ് ആധിയോ ഭീതിയോ ഇല്ലാതെ ജനപ്രതിനിധികളെ വിലയ്ക്കെടുക്കുമെന്ന വെല്ലുവിളിയാണ് യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ. കേവലഭൂരിപക്ഷമില്ലാത്ത കക്ഷിയുടെ നേതാവിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചതിലൂടെ ജനാധിപത്യത്തെ കുതിരക്കച്ചവടത്തിന്റെ അധാര്‍മ്മികതയിലേക്ക് തള്ളിയിടുകയാണ് ചെയ്‌തതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ ;

കര്‍ണാടകത്തിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ലഭിച്ച നിയമസാധുതയുടെ സന്ദേശം ആപല്‍ക്കരമാണ്. ആധിയോ ഭീതിയോ കൂടാതെ പണമെറിഞ്ഞ് ജനപ്രതിനിധികളെ വിലയ്ക്കെടുക്കുമെന്ന വെല്ലുവിളിയാണ് യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ. സംശയലേശമന്യേ പ്രഖ്യാപിക്കപ്പെട്ടത് ഖനി മാഫിയയുടെ ഖജനാവിനോടുള്ള നിര്‍വ്യാജമായ വിശ്വസ്‌തതയും കൂറും. സമീപകാല കീഴ്‌വഴക്കങ്ങളെല്ലാം എത്ര എളുപ്പമാണ് ഓര്‍ക്കേണ്ടവര്‍ മറന്നത്?

ഗോവയും മണിപ്പൂരും മേഘാലയയും എത്ര പെട്ടെന്നാണ് ഓര്‍ക്കേണ്ടവര്‍ മറന്നുപോയത്? ഈ സംസ്ഥാനങ്ങളിലെല്ലാം ഇന്ന് അധികാരത്തിലിരിക്കുന്നത് ഫലപ്രഖ്യാപനത്തിനുശേഷം രൂപപ്പെട്ട രാഷ്ട്രസഖ്യങ്ങളാണ്. എല്ലായിടത്തും നേതൃത്വം ബി.ജെ.പിയ്‌ക്ക്. മേഘാലയയില്‍ ആകെ 60 അംഗ നിയമസഭയില്‍ ബി.ജെ.പിയ്ക്ക് ലഭിച്ചത് വെറും രണ്ടു സീറ്റാണ്. കോണ്‍ഗ്രസിന് 21 സീറ്റും. എന്നിട്ടും ബി.ജെ.പിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട രാഷ്ട്രീയസഖ്യത്തെ അധികാരമേല്‍പ്പിക്കാന്‍ ഗവര്‍ണര്‍ക്ക് ഒരു മനസാക്ഷിക്കുത്തുമുണ്ടായില്ല.

ഇതേ യുക്തിയാണ് കര്‍ണാടകയിലെത്തുമ്ബോള്‍ കീഴ്മേല്‍ മറിഞ്ഞത്. തിരഞ്ഞെടുപ്പില്‍ ആവുംമട്ടും പണമെറിഞ്ഞിട്ടും ഭൂരിപക്ഷം വോട്ടോ കേവലഭൂരിപക്ഷമോ ബി.ജെ.പിയ്‌ക്കു നേടാനായില്ല. സമാനസാഹചര്യത്തില്‍ സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ച പരിഹാരം തന്നെയാണ് ഇവിടെയും സ്വീകരിക്കേണ്ടത്. അതിനുപകരം, പ്രഥമദൃഷ്ട്യാ കേവലഭൂരിപക്ഷമില്ലാത്ത കക്ഷിയുടെ നേതാവിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുക വഴി, കുതിരക്കച്ചവടത്തിന്റെ അധാര്‍മ്മികതയിലേയ്‌ക്ക് ജനാധിപത്യത്തെ തള്ളിയിടുകയാണ് ചെയ്‌തത്.

ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു വഴിയേ ബി.ജെ.പിയുടെ മുന്നിലുള്ളൂ. എതിര്‍ പക്ഷത്ത് നിന്ന് ആളെ അടര്‍ത്തിയെടുക്കുക. കൂറു മാറ്റാനാണെങ്കിലും രാജി വെയ്‌ക്കാനാണെങ്കിലും കോടികളെറിഞ്ഞല്ലാതെ ഇതു സാധ്യമാവില്ല. അധാര്‍മ്മികമായ ഈ വഴി പരീക്ഷിക്കാന്‍ പരമോന്നത നീതിപീഠത്തില്‍ നിന്നു ലഭിച്ച അനുവാദം രാജ്യത്തെ കാത്തിരിക്കുന്ന വിപല്‍ക്കരമായ ഭാവിയുടെ സൂചനയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button