കുവൈറ്റ് സിറ്റി : 65 വയസ് പിന്നിട്ട പ്രവാസികളെ പിരിച്ചുവിടാന്‍ നിര്‍ദേശവുമായി കുവൈറ്റ് മന്ത്രാലയം. 65 വയസ് കഴിഞ്ഞ വിദേശികളുടെ ഇഖാമ (താമസാനുമതി) പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം. എന്നാല്‍ പഠനം നടത്താതെ അന്തിമ തീരുമാനമുണ്ടാകില്ലെന്ന് സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു.
ചേംബര്‍ ഓഫ് കൊമേഴ്സ്, മാന്‍പവര്‍ അതോറിറ്റി, പ്രമുഖ വ്യാപാര കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് വിദേശികളുടെ പ്രായം നിജപ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നത്. ഈ നിര്‍ദേശമാണ് ആസൂത്രണ വിഭാഗത്തിലെ നയരൂപീകരണ സമിതിയുടെ പഠനത്തിന് വിട്ടിട്ടുള്ളതെന്ന് മന്ത്രി ഹിന്ദ് അല്‍ സബീഹ് പ്രതികരിച്ചു.
വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള പ്രായനിര്‍ണയത്തെ ചൊല്ലി എംപിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായവും ഉയര്‍ന്നു. 65 വയസ്സ് നിര്‍ദേശം നല്ലതാണെന്നു സഫാ അല്‍ ഹാഷിം എംപി പറഞ്ഞു. കുവൈറ്റ് സമൂഹത്തില്‍ വിവിധ തലങ്ങളില്‍ വിദേശികള്‍ ആധിപത്യം നടത്തുന്നത് തടയാന്‍ അതുവഴി സാധിക്കും. പ്രായക്കൂടുതലുള്ളവരെ ഒഴിവാക്കുകവഴി തൊഴില്‍ വിപണിയില്‍ ഒരു പ്രത്യാഘാതവും ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. പരിചയ സമ്പത്തിനെക്കുറിച്ചുള്ള വാദം നിരര്‍ഥകമാണ്. വിദേശികളുടെ പരിചയസമ്പത്ത് എങ്ങനെയാണ് സ്വദേശികള്‍ക്ക് പ്രയോജനപ്പെടുന്നതെന്ന് അധികൃതര്‍ വിശദീകരിക്കണം.
സ്വദേശികളെ പരിശീലിപ്പിക്കാന്‍ ഒരു വിദേശിയും അവരുടെ പരിചയസമ്പത്ത് ഉപയോഗിക്കാറില്ല. പകരം ഇവിടെ ലഭിക്കുന്ന മികച്ച ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവും മാത്രമാണ് വിദേശികളുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. വിദേശികളുടെ എണ്ണം കുറയ്ക്കണമെന്നതും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കണമെന്നതും ജനപ്രിയ നിര്‍ദേശമാണെന്ന് പാര്‍ലമെന്റിലെ റിപ്ലെയ്സ്മെന്റ് സമിതി ചെയര്മാന് ഖലീല്‍ അല്‍ സാലെ പറഞ്ഞു.
യോഗ്യതയില്ലാത്ത വിദേശികളെ പിരിച്ചുവിടുന്നതും പ്രശ്നമല്ല. അതേസമയം എല്ലാ വിദേശികളെയും പ്രായം അടിസ്ഥാനമാക്കി പിരിച്ചുവിടണമെന്നത് പ്രായോഗിക നിര്‍ദേശമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ചില മേഖലകളില്‍ പരിചയസമ്പന്നരായ വിദേശികള്‍ക്ക് പകരം നിയോഗിക്കാന്‍ അത്രയും യോഗ്യതയുള്ള സ്വദേശികളെ ലഭിക്കില്ല എന്ന കാര്യവും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments