ശ്രീനഗര്‍: വീട്ടില്‍ ശുചിമുറി നിര്‍മിക്കാത്തതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. ജമ്മുകാഷ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ 616 ഉദ്യോഗസ്ഥരുടെ ശമ്പളമാണ് അധികൃതര്‍ തടഞ്ഞത്. കിഷ്ത്വാര്‍ ജില്ലാ ഡവലപ്മെന്റ് കമ്മീഷണര്‍ ആംഗ്രസ് സിംഗ് റാണയാണ് ഉത്തരവ് ഇറക്കിയത്. ജില്ലാ ഡവലപ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാര്‍ ചന്ദയ്ലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചന്ദയ്ലില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ജില്ലയില്‍ 616 ഉദ്യോഗസ്ഥരുടെ വീടുകളില്‍ ശൗചാലയം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
ഉദ്യോഗസ്ഥരുടെ വീടുകളില്‍ ശൗചാലയം ഇല്ലെന്നുള്ളത് സര്‍ക്കാരിനു നാണക്കേടാണ്. പൊതുസമൂഹത്തിനു ഇതിലൂടെ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ജീവിതരീതികളും മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ കഴിയുന്ന മാതൃകയായിരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി ജമ്മുകാഷ്മീരില്‍ 71.95 ശതമാനം വീടുകളിലും ശൗചാലയം നിര്‍മിക്കാന്‍ സാധിച്ചു. കിഷ്ത്വാറില്‍ 57.23 ശതമാനം വീടുകളിലും ശുചിമുറി ഉണ്ടായി. ലേ, കാര്‍ഗില്‍ എന്നീ ജില്ലകളും സൗത്ത് കാഷ്മീരിലെ ലഡാക്, ഷോപിയാന്‍ എന്നിവിടങ്ങളും ശ്രീനഗറും വെളിയിട വിസര്‍ജന വിമുക്ത കേന്ദ്രങ്ങളായി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അനന്ദ്നാഗും പുല്‍വാമയും ഏപ്രില്‍ അവസാനത്തോടെ ഈ ലക്ഷ്യം കൈവരിക്കും.
Post Your Comments