Latest NewsNewsIndia

കോടതി വധശിക്ഷയ്ക്ക് വിധിച്ചാല്‍ വേട്ടക്കാരനെ ‘ഇരയാക്കി’ മാറ്റി രാഷ്ട്രീയ ലാഭം കൊയ്യുന്നവരുടെ നാട്ടില്‍,

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജനരോക്ഷം ആളി കത്തുകയാണ്. ഇന്ത്യ മുഴുവന്‍ സംഭവത്തിനെതിരെ രംഗത്തെത്തി. ഇതിനിടെ സംഭവത്തെ പലരും രാഷ്ട്രീയവത്കരിക്കാനും ശ്രമമുണ്ടായി. ഇപ്പോള്‍ സംഭവത്തില്‍ കേരള ബാര്‍ കൗണ്‍സില്‍ അഭിഭാഷകനായ ശങ്കു ടി ദാസ് പ്രതികരവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആസിഫയ്ക്ക് നീതി കൊടുക്കുക എന്നതൊക്കെ ഒരാലങ്കാരിക പ്രയോഗം മാത്രമാണ്.
അതിക്രൂരമായി ബലാത്സംഗവും കൊലയും ചെയ്യപ്പെട്ട ആ കുട്ടിയ്ക്ക് ഇനിയൊന്നും കൊടുക്കാന്‍ നമുക്കാര്‍ക്കും സാധ്യമല്ല. അവളനുഭവിച്ച വേദനയോ പീഡകളോ തിരിച്ചെടുക്കുവാനോ മായ്ച്ചു കളയുവാനോ സാധ്യമല്ല. അവളുടെ മാതാപിതാക്കള്‍ക്ക് നഷ്ട്ടപ്പെട്ട മകളെ മടക്കി കൊടുക്കുവാന്‍ സാധ്യമല്ല. ലോകത്തെ ഏത് നിയമ വ്യവസ്ഥയിലും എന്ന പോലെ ഇവിടെയും ആസിഫയ്ക്ക് ലഭിക്കേണ്ട നീതി എന്നത് അവളോട് പൊറുക്കാനാവാത്ത ക്രൂരത ചെയ്ത കുറ്റവാളികള്‍ ആരായാലുമവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുക എന്നതാണ്. ടി ശങ്കു പറയുന്നു.

ആസിഫയ്ക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുന്ന എത്ര പേരുണ്ട് ശരിക്കും നീതി എന്ന് വിലപിക്കുന്ന സംഘത്തില്‍? കമ്മ്യൂണിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും ഇടത് ലിബറലുകളെയും ഇക്കൂട്ടത്തില്‍ നിന്ന് ഒഴിവാക്കിക്കോളാന്‍ അദ്ദേഹം പറയുന്നു.

ഗോവിന്ദ ചാമിയുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് വിശദീകരിച്ചു കൊണ്ട് മാതൃഭൂമി പത്രത്തില്‍ ‘കൊല്ലരുത്’ എന്ന് ലേഖനം എഴുതിയത് പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബി ആയിരുന്നല്ലോ.. ഒരല്‍പ്പം കൂടി പുറകോട്ട് പോയാല്‍ ധനഞ്ജയ് ചാറ്റര്‍ജിയുടെ വധ ശിക്ഷയുടെ കാര്യത്തിലെ അവരുടെ നിലപാടും നമുക്ക് കാണാന്‍ പറ്റും. ഹീതല്‍ പരേഖിനെ ആര്‍ക്കും ഓര്‍മ്മയില്ലെങ്കിലും ധനഞ്ജയ് ചാറ്റര്‍ജിയെ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാവേണ്ടതാണ്. തീവ്രവാദവുമായി ബന്ധപ്പെട്ടതല്ലാത്തൊരു കേസില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വധ ശിക്ഷക്ക് വിധേയനായ ഏക വ്യക്തി അയാളാണല്ലോ. -ദാസ് ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദാസിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വികാരത്തിന്റെ വേലിയേറ്റത്തിനിടയ്ക്ക് എപ്പോളെങ്കിലും വിചാരത്തിന്റെ ഒരു നൂല്‍ പഴുത് തെളിയുമ്പോള്‍ ആ നൂലില്‍ പിടിച്ചു തൂങ്ങിയാ പഴുതില്‍ അള്ളിപ്പിടിച്ചിരിക്കണം.
മുകളിലും താഴെയും ഇടത്തും വലത്തുമൊക്കെയും അടിച്ചു തെറിപ്പിച്ചു കടലില്‍ മുക്കി കൊല്ലുന്ന ആവേശ തിരകളാണെന്ന ബോധ്യത്തോടെ തന്നെ, പരമാവധി സമചിത്തതയോടെ, ഏറ്റവും സൗമ്യമായി കൂടെ കരയുന്നവരോടൊന്ന് ചോദിച്ചു നോക്കണം.

‘ആസിഫയ്ക്ക് എങ്ങനെയാണ് നമ്മള്‍ നീതി കൊടുക്കേണ്ടത്??’

നീതി കൊടുക്കുക എന്നതൊക്കെ ഒരാലങ്കാരിക പ്രയോഗം മാത്രമാണ്. അതിക്രൂരമായി ബലാത്സംഗവും കൊലയും ചെയ്യപ്പെട്ട ആ കുട്ടിയ്ക്ക് ഇനിയൊന്നും കൊടുക്കാന്‍ നമുക്കാര്‍ക്കും സാധ്യമല്ല. അവളനുഭവിച്ച വേദനയോ പീഡകളോ തിരിച്ചെടുക്കുവാനോ മായ്ച്ചു കളയുവാനോ സാധ്യമല്ല. അവളുടെ മാതാപിതാക്കള്‍ക്ക് നഷ്ട്ടപ്പെട്ട മകളെ മടക്കി കൊടുക്കുവാന്‍ സാധ്യമല്ല. ലോകത്തെ ഏത് നിയമ വ്യവസ്ഥയിലും എന്ന പോലെ ഇവിടെയും ആസിഫയ്ക്ക് ലഭിക്കേണ്ട നീതി എന്നത് അവളോട് പൊറുക്കാനാവാത്ത ക്രൂരത ചെയ്ത കുറ്റവാളികള്‍ ആരായാലുമവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുക എന്നതാണ്. ഇനിയൊരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യാന്‍ അവര്‍ക്ക് സാധിക്കാതെയും അവരല്ലാത്തവര്‍ക്ക് ധൈര്യം വരാതെയും ഇരിക്കുന്ന വണ്ണം സമൂഹത്തിനാകെ സന്ദേശമാവുന്ന വിധത്തില്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ അവര്‍ക്ക് നല്‍കുക എന്നതാണ്.
ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ്. കുറ്റവാളിക്ക് ലഭിക്കുന്ന ശിക്ഷയെ ആണല്ലോ ഇരയ്ക്ക് ലഭിക്കുന്ന നീതി എന്ന് വിളിക്കുന്നത്.

അത്രയും മനസ്സില്‍ ഉറപ്പിച്ച ശേഷം ഇനിയൊരിക്കല്‍ കൂടിയൊന്ന് ചുറ്റും നോക്കൂ. ആസിഫയ്ക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുന്ന എത്ര പേരുണ്ട് ശരിക്കും നീതി എന്ന് വിലപിക്കുന്ന സംഘത്തില്‍? കമ്മ്യൂണിസ്റ്റുകളെ ഒഴിവാക്കിക്കോളൂ. ഇസ്ലാമിസ്റ്റുകളെ ഒഴിവാക്കിക്കോളൂ.. ഇടത് ലിബറലുകളെ ഒഴിവാക്കിക്കോളൂ. .ഇവരൊന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ എന്ന വ്യവസ്ഥയെ അനുകൂലിക്കുന്നവര്‍ അല്ല. സംശയമുണ്ടെങ്കില്‍ ചോദിച്ചു നോക്കൂ. ആസിഫയെ പീഡിപ്പിച്ചു കൊന്ന പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണം എന്നതിനോട് അവര്‍ യോജിക്കുന്നുണ്ടോ എന്ന്. ‘തൂക്കിലേറ്റുക എന്ന ശിക്ഷാ രീതിയോട് ഞങ്ങള്‍ക്ക് യോജിപ്പില്ല എന്നും, കുറ്റം ചെയ്തവരെ കൊന്നു കളയുക എന്ന വികസിത സമൂഹത്തിന് യോജിക്കാത്ത അപരിഷ്‌കൃത സമ്പ്രദായം ആണെന്നും, സമൂഹത്തിന്റെ പ്രതികാര ദാഹത്തെ ശമിപ്പിക്കാനും പൊതു മനഃസാക്ഷിയെ തൃപ്തിപ്പെടുത്താനുമായി ഒരാളുടെ ജീവനെടുക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ല’ എന്നുമൊക്കെയാവും അവരുടെ ഉത്തരം.. അതാണവര്‍ പറയുക. അവരങ്ങനെ മുമ്പും പറഞ്ഞിട്ടുണ്ട്.

നിരപരാധികളായ നൂറു കണക്കിന് പേരെ മതത്തിന്റെ പേരില്‍ കൂട്ട കുരുതി ചെയ്ത കൊടും തീവ്രാദികളുടെ കാര്യത്തില്‍ മുതല്‍ സൗമ്യയെന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ജീവനെടുത്ത ഗോവിന്ദ ചാമിയെന്ന ചാര്‍ളിയുടെ കാര്യത്തില്‍ വരെ തൂക്കിലേറ്റുന്നതിനോട് യോജിപ്പില്ലെന്നും, ജനങ്ങളുടെ നികുതി പണം മുടക്കിയാ മഹാനുഭാവന്മാരെ കാലാകാലം ജയിലറയില്‍ സംരക്ഷിച്ചു തീറ്റി പോറ്റുന്നതിനോടാണ് തങ്ങള്‍ക്ക് യോജിപ്പെന്നും, അതിന് സാധിക്കുന്ന വിധത്തില്‍ രാജ്യത്തെ നിയമങ്ങള്‍ മാറ്റിയെഴുതണമെന്നും അവര്‍ പറയുന്നത് നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്.

ഗോവിന്ദ ചാമിയുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് വിശദീകരിച്ചു കൊണ്ട് മാതൃഭൂമി പത്രത്തില്‍ ‘കൊല്ലരുത്’ എന്ന് ലേഖനം എഴുതിയത് പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബി ആയിരുന്നല്ലോ. ഒരല്‍പ്പം കൂടി പുറകോട്ട് പോയാല്‍ ധനഞ്ജയ് ചാറ്റര്‍ജിയുടെ വധ ശിക്ഷയുടെ കാര്യത്തിലെ അവരുടെ നിലപാടും നമുക്ക് കാണാന്‍ പറ്റും.
ഹീതല്‍ പരേഖിനെ ആര്‍ക്കും ഓര്‍മ്മയില്ലെങ്കിലും ധനഞ്ജയ് ചാറ്റര്‍ജിയെ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാവേണ്ടതാണ്. തീവ്രവാദവുമായി ബന്ധപ്പെട്ടതല്ലാത്തൊരു കേസില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വധ ശിക്ഷക്ക് വിധേയനായ ഏക വ്യക്തി അയാളാണല്ലോ..

എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് ധനഞ്ജയ് ചാറ്റര്‍ജിയെ തൂക്കിലേറ്റിയ ദിവസം. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അന്ന് ടി.വി നിറയെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളും ധനഞ്ജയ് ചാറ്റര്‍ജിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ആയിരുന്നു. ഏതാണീ അന്യായമായി കൊല ചെയ്യപ്പെടുന്ന സാധു വ്യക്തി എന്ന് വരെ സംശയിച്ചു പോയിരുന്നു.
പിന്നീടയാള്‍ ആരാണെന്ന് മനസിലാക്കിയപ്പോളാണ് സത്യത്തില്‍ ഞെട്ടലുണ്ടായത്. 1990ല്‍ കൊല്‍ക്കത്തയിലെ ഭവാനിപൂരിലുള്ള ആനന്ദ് അപ്പാര്‍ട്ട്‌മെന്റ്‌സിന്റെ മൂന്നാം നിലയിലുള്ള ഫ്ളാറ്റില്‍ വെച്ച് ഹീതല്‍ പരേഖ് എന്ന 14 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു 41കാരനായ ധനഞ്ജയ് ചാറ്റര്‍ജി. ഹീതളും കുടുംബവും ആ ഫ്ളാറ്റിലെ താമസക്കാരും ധനഞ്ജയ് ചാറ്റര്‍ജി ആനന്ദ് അപ്പാര്‍ട്ട്‌മെന്റിന്റെ സെക്യൂരിറ്റി ഗാര്‍ഡും ആയിരുന്നു.
കൃത്യം നടന്ന ദിവസം രാവിലെ ഹീതളിന് ഐ.സി.എസ്.സി ബോര്‍ഡ് എക്‌സാം ആയിരുന്നു. പരീക്ഷ കഴിഞ്ഞു ഉച്ചക്ക് വീട്ടില്‍ വന്ന ശേഷം തൊട്ടടുത്ത ദിവസത്തെ പരീക്ഷക്ക് പഠിക്കുകയായിരുന്നു അവള്‍. വീട്ടില്‍ അപ്പോള്‍ മറ്റാരും ഉണ്ടാവില്ലെന്ന് അറിയുമായിരുന്നു ധനഞ്ജയ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഫ്ളാറ്റില്‍ ചെന്ന് ഹീതളിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം സംഭവം പുറത്തറിയാതിരിക്കാനായി അവളെ കൊന്നു കളയുകയായിരുന്നു.

അവളെ സംരക്ഷിക്കേണ്ട ചുമതല ഉണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തന്നെ ഇത്രയും പൈശാചികമായ രീതിയില്‍ അവളെ ഇല്ലായ്മ ചെയ്തു എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യങ്ങളുടെ ശ്രേണിയിലേക്ക് ഈ സംഭവത്തെ ഉയര്‍ത്തുന്നുണ്ട് എന്ന് നിരീക്ഷിച്ചു കൊണ്ടാണ് പരമോന്നത നീതി പീഠം ധനഞ്ജയ് ചാറ്റര്‍ജിക്ക് വധ ശിക്ഷ വിധിക്കുന്നത്. പിന്നെ രാജ്യം കണ്ടത് അയാള്‍ക്ക് വേണ്ടിയുള്ള മനുഷ്യാവകാശ നിലവിളി പ്രതിഷേധങ്ങളാണ്. സുപ്രീം കോടതി വിധിയിലെ ഓരോ വരിയും ഇഴ പിരിച്ച് പരിശോധിച്ച് അതിനെ തെറ്റെന്ന് തെളിയിക്കാന്‍ നിയമജ്ഞര്‍ ഉണ്ടായി. ധനഞ്ജയ് ചാറ്റര്‍ജി എപ്രകാരം മീഡിയ ട്രയലിന്റെ ഇരയാണ് എന്നതിനെ സംബന്ധിച്ച് ഐ.എസ്.ഐ പ്രൊഫസര്‍മാരുടെ നേതൃത്വത്തില്‍ രണ്ടു ഗവേഷണ പ്രബന്ധങ്ങള്‍ തന്നെ രചിക്കപ്പെട്ടു. ഇരയായ ഹീതളിനെ വ്യക്തിഹത്യ ചെയ്തും, അവള്‍ക്ക് സ്വഭാവ ദൂഷ്യം ആരോപിച്ചും, ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക വേഴ്ചയാണ് നടന്നത് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പോലും നടന്നു.

രാഷ്ട്രപതിയുടെ മേശപുറത്ത് ദയാഹര്‍ജികള്‍ കൂമ്പാരം കൂടി. 1990ല്‍ ആലിപ്പൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധ ശിക്ഷ 2004ല്‍ രാഷ്ട്രപതി അവസാന ദയാഹര്‍ജിയും തള്ളുന്നത് വരെ, നീണ്ട പതിനാല് കൊല്ലം, സംഘടിത പരിശ്രമങ്ങളിലൂടെ നീട്ടി വെയ്ക്കപ്പെട്ടു. 2004ല്‍ ബംഗാളിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ അയാളുടെ വധ ശിക്ഷ ഉറപ്പാക്കാന്‍ വലിയൊരു കാമ്പയിന്‍ തന്നെ ആവശ്യമായി വന്നു. ഒടുവില്‍ 2004 ആഗസ്റ്റ് 14ന് ഇടത്-പുരോഗമന-ലിബറല്‍-മനുഷ്യാവകാശ പ്രതിഷേധങ്ങളെ മുഴുവന്‍ വെല്ലുവിളിച്ചു കൊണ്ടാണ് രാജ്യത്തെ നിയമ വ്യവസ്ഥ ധനഞ്ജയ് ചാറ്റര്‍ജിയെ തൂക്കിലേറ്റുന്നത്. ആ ദിവസം ഹീതള്‍ പഠിച്ചിരുന്ന ബൗബസാറിലെ വെല്ലാന്റ് ഗോള്‍ഡ്‌സ്മിത് സ്‌കൂളില്‍ അടക്കം അയാള്‍ക്ക് വേണ്ടി, അവള്‍ക്ക് വേണ്ടിയല്ല, മെഴുകുതിരി കത്തിച്ച് കൂട്ട പ്രാര്‍ത്ഥന നടന്നു. പിറ്റേ ദിവസത്തെ പത്രങ്ങള്‍ മുഴുവന്‍ ‘ഹാ.. ധനഞ്ജയ്’ എന്ന് കണ്ണീര്‍ വാര്‍ത്തു. പിന്നീട് ധനഞ്ജയ് ചാറ്റര്‍ജിയുടെ മഹോന്നത ജീവിതത്തെ ആസ്പദമാക്കി ബംഗാളി ഭാഷയില്‍ ‘ധനഞ്ജയ്’ എന്ന പേരില്‍ ഒരു സിനിമ പോലുമിറങ്ങി. അങ്ങനെയൊക്കെയാണ് ഹീതല്‍ പരേഖിന് നമ്മള്‍ നീതി വാങ്ങി കൊടുത്തത്. ആ കിട്ടിയ നീതിക്ക് നേരെ അവള്‍ കാര്‍ക്കിച്ചു തുപ്പിയിട്ടുണ്ടാവും.

അതേ നീതി തന്നെയാണ് ആസിഫയ്ക്കും നമ്മള്‍ വാങ്ങി കൊടുക്കാന്‍ പോവുന്നത് എന്നെനിക്കുറപ്പുണ്ട്. കാരണം അവളുടെ നീതിയ്ക്കായി നമ്മോടൊപ്പം ഇപ്പോള്‍ നില്‍ക്കുന്നവരുടെ മുക്കാലോഹരിയും കുറ്റവാളിയുടെ പക്ഷം ചേര്‍ന്ന് ഇരകളെ ഒറ്റു കൊടുത്തതിന്റെ ചരിത്രമുള്ളവരാണ്.

ഇവിടെ ആരാണ് ഇര എന്നത് സാഹചര്യത്തിനനുസരിച്ച് മാറുന്നതാണ് എന്ന് കാണണം. വിചാരണ നടക്കുമ്പോള്‍ മാത്രമാണ് പെണ്‍കുട്ടി ഇരയും പീഡകന്‍ വേട്ടക്കാരനും ആവുന്നത്.
വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളിക്ക് ശിക്ഷ വിധിക്കുന്നതോടെ ഇര എന്ന പദവിയിലേക്ക് അയാള്‍ മാറ്റപ്പെടുകയും ഒഴിവ് വന്ന വേട്ടക്കാരന്റെ തസ്തികയിലേക്ക് ഭരണകൂടം അവരോധിക്കപ്പെടുകയും ചെയ്യും. പിന്നീടുള്ള സംഘര്‍ഷം പുതു ഇരയുടെ തോളോട് തോള്‍ ചേര്‍ന്ന് നവ വേട്ടക്കാരനായ സ്റ്റേറ്റിന്റെ എതിരെയാകയാല്‍ സമര നാടക വേദിയില്‍ വേഷം ഒന്നും ആവശേഷിക്കാത്ത പഴയ ഇര പതുക്കെ തിരസ്‌കൃതയാകും. യഥാര്‍ഥത്തില്‍ ഒരു ഘട്ടത്തിലും ഇര പ്രസക്തയേ ആയിരുന്നില്ല എന്നതിലും യുദ്ധം ആദ്യം തൊട്ടേ സ്റ്റേറ്റിന് എതിരെ തന്നെ ആയിരുന്നു എന്നതിലുമാണ് നാടകത്തിന്റെ മര്‍മ്മം ഇരിക്കുന്നത്. കുറ്റവാളി എന്നത് സ്റ്റേറ്റിന്റെ പ്രോക്‌സിയും ഇര രോഷം ഉത്പാദിപ്പിക്കാനുള്ള ഇന്‍സ്ട്രുമെന്റും മാത്രമാണതില്‍.
അല്ലെങ്കില്‍ ഇവരില്‍ ആര്‍ക്കാണ് ഇവിടെ കുറ്റവാളികളോട് വിരോധമുള്ളത്? അവര്‍ക്ക് പരമാവധി ശിക്ഷ കിട്ടണം എന്ന് ഇവരൊന്നും ആഗ്രഹിക്കുന്നത് പോലുമില്ലല്ലോ?
കുറ്റവാളികളുടെ ജാതിയും മതവും പ്രത്യയശാസ്ത്രത്തിന്റെ സ്‌പെക്ട്രല്‍ പൊസിഷനും ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോഡിയേയും സംഘ പരിവാറിനെയും ഹിന്ദു മതത്തേയും ഒക്കെ പരമാവധി ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുക എന്നതില്‍ കവിഞ്ഞു എന്ത് താല്പര്യമാണ് അവര്‍ക്കീ വിഷയത്തിലുള്ളത്?
അത്തരം സാധ്യതകള്‍ ഒന്നുമില്ലാത്ത എത്രയോ സമാന സ്വഭാവമുള്ള സംഭവങ്ങള്‍ അവരൊന്നും അറിഞ്ഞതായി പോലും നടിക്കുന്നില്ലെന്നത് നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയല്ലേ?

എങ്ങനെയാണ് ആസിഫയ്ക്ക് നീതി ഉറപ്പാക്കേണ്ടത് എന്ന് അവരോടൊന്ന് ചോദിച്ചു നോക്കുക. നരേന്ദ്ര മോഡിയെ താഴെ ഇറക്കണം, ബിജെപി പിരിച്ചു വിടണം, സംഘ പരിവാറിനെ നിരോധിക്കണം, ഹിന്ദുത്വയെ പിഴുതെറിയണം, ബേട്ടി ബചാവോ നിര്‍ത്തലാക്കണം, കാശ്മീരിന് സ്വാതന്ത്ര്യം കൊടുക്കണം, ക്ഷേത്രങ്ങളൊക്കെ ഇടിച്ചു നിരത്തണം, ഹിന്ദു മതം നീചവും നികൃഷ്ടവും ആണെന്ന് വിജ്ഞാപനം ഇറക്കണം.. ഇങ്ങനെയൊരു പട്ടിക തന്നെ അവര്‍ നിങ്ങളെ വായിച്ചു കേള്‍പ്പിച്ചേക്കും. എന്നാല്‍ അതില്‍ എവിടെയും ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്ത കുറ്റവാളികളെ സമൂഹത്തിനാകെ പാഠമാവുന്നത് പോലെ പരമാവധി ശിക്ഷ വിധിച്ച് തൂക്കിലേറ്റണം എന്നൊരാവശ്യം ഉണ്ടാവില്ല. ആസിഫയ്ക്ക് നീതി കിട്ടുകയല്ല തങ്ങളുടെ പ്രശ്‌നം എന്ന് ഇതിനേക്കാള്‍ വ്യക്തമായി അവരെങ്ങനെയാണ് പറയുക??

അവരെ മുഴുവന്‍ ഒഴിവാക്കി നിര്‍ത്തി വേണം ആസിഫയ്ക്ക് നീതി വേണം എന്നാഗ്രഹിക്കുന്നവരുടെ എണ്ണമെടുക്കാന്‍. സത്യത്തില്‍ എത്ര ശുഷ്‌ക്കമായ ഒരാള്‍ക്കൂട്ടമാണ് നമ്മളിപ്പോള്‍ അല്ലേ? പക്ഷെ എണ്ണത്തില്‍ എത്ര കുറവാണെങ്കിലും, ഇവരൊക്കെയും ഒന്നിച്ച് എതിര്‍ത്തു നിന്നാലും, ഹീതല്‍ പരേഖിന്റെ കാര്യത്തില്‍ എന്ന പോലെ ആസിഫയോട് ക്രൂരത ചെയ്തവര്‍ക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കും എന്നത് നമ്മള്‍ ഉറാപ്പാക്കുക തന്നെ ചെയ്യും. ഒരു തരത്തിലുള്ള ജാതി മത സങ്കുചിതത്വവും നമുക്കവിടെ തടസ്സമാവുകയില്ല.

കാശ്മീരി പണ്ഡിറ്റുകളോട് അനീതി ചെയ്തു കൊണ്ടല്ല ആസിഫക്ക് നീതി ലഭ്യമാക്കേണ്ടത്. സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട, കശ്മീരിലെ തങ്ങളുടെ കുടിയിരുപ്പുകളില്‍ നിന്നും മത ഭീകരതയാല്‍ ആട്ടിയോടിക്കപ്പെട്ട, മൂന്ന് പതിറ്റാണ്ടോളമായി ജമ്മുവിലും ഡെല്‍ഹിയിലുമൊക്കെ അഭയാര്‍ത്ഥികളായി കഴിയുന്ന ജനതയാണവര്‍.
അവരോളം പീഡനങ്ങള്‍ നേരിട്ട മറ്റൊരു സമുദായവും സ്വതന്ത്ര ഭാരതത്തിലില്ല. കാഷ്മീരി ബ്രാഹ്മണരുടെ ക്രൂര സ്വഭാവത്തിന്റെ അടയാളമായി കത്വ സംഭവത്തെ ഉയര്‍ത്തി കാട്ടി അവര്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആയതില്‍ അത്ഭുതമില്ല എന്ന തരത്തിലുള്ള നറേറ്റിവ് സൃഷ്ടിക്കുന്നത് നീചമാണ്. നുണ പ്രചരണത്തിലൂടെ ആരെയെങ്കിലും കരിവാരി തേയ്ച്ചു കൊണ്ടും രാഷ്ട്രീയ മുതലെടുപ്പ് നടത്തി കൊണ്ടും നമുക്ക് ആസിഫയ്ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കില്ല. അന്വേഷണത്തിന് എന്ന പേരില്‍ ജമ്മുവില്‍ എത്തിയ കാശ്മീരി പോലീസ് സംഘം കത്വയിലെ മുഴുവന്‍ ബ്രാഹ്മണരെയും ചോദ്യം ചെയ്യല്‍ എന്ന പേരില്‍ പീഡിപ്പിക്കാന്‍ ആരംഭിച്ചതും, ഒടുവില്‍ അതിനെതിരെ അവിടുത്തെ സ്ത്രീകള്‍ തന്നെ സമരം ചെയ്തതും, എന്നിട്ടും രക്ഷയില്ലാതെ ഫെബ്രുവരിയോടെ കത്വയില്‍ നിന്ന് ഗ്രാമീണര്‍ മുഴുവന്‍ ഒഴിഞ്ഞു പോവാന്‍ തുടങ്ങിയതും ഒക്കെ നേരത്തേ തന്നെ വാര്‍ത്ത ആയിരുന്നതാണ്. ആ ഹിന്ദു വേട്ടയ്ക്കെതിരെയാണ് ഹൈന്ദവ സംഘടനകള്‍ക്ക് പ്രതിഷേധിക്കേണ്ടി വന്നത്. പോലീസ് അതിക്രമത്തിനെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും നടത്തിയ ജനകീയ മാര്‍ച്ചിനെ കുറ്റവാളികളെ സംരക്ഷിക്കാനുള്ള മാര്‍ച്ച് എന്ന് വിശേഷിപ്പിക്കുന്നതിന് നീതീകരണമില്ല. ഒരു സമുദായത്തെ ആക്ഷേപിച്ചും, വര്‍ഗ്ഗീയമായ ചേരിതിരിവുണ്ടാക്കിയും, ഹിന്ദു മുസ്ലിം വൈരം സൃഷ്ടിച്ചും ആസിഫക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കുകയില്ല. അത്തരം മതാധിഷ്ഠിത പ്രചാര വേലകള്‍ സമൂഹത്തില്‍ കൂടുതല്‍ അശാന്തിയും അതു വഴി കൂടുതല്‍ കൂടുതല്‍ ഇരകളേയുമാണ് സൃഷ്ടിക്കുക. വിഘടനവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം സൃഷ്ടിച്ചു കൊണ്ടും ആസിഫയ്ക്ക് നീതി ഉറപ്പാക്കാന്‍ സാധിക്കില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും പൗരന് ലഭിക്കേണ്ട നീതി പോലെ തന്നെ പരമ പ്രധാനമാണ്.

ആസിഫയ്ക്ക് നീതി ലഭിക്കേണ്ടത് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കി കൊണ്ടാണ്. ആസിഫയെ ഉപകരണമാക്കി കൊണ്ട് സ്വന്തം അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ആരുടേയും പിന്തുണ ഇല്ലാതെ, അവരെയൊക്കെയും എതിര്‍ത്ത് കൊണ്ട്, ഇന്ത്യന്‍ നീതി ന്യായ വ്യസ്ഥയുടെ മാത്രം പിന്‍ബലത്തോടെയാവും ആ നീതി നമ്മള്‍ ഒടുവില്‍ ഉറപ്പു വരുത്തുക.
അത്രയും ഭാഗം നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ ആദ്യത്തെ നൂലില്‍ നിന്ന് പിടിവിട്ട് അള്ളിപിടിച്ചിരിക്കുന്നയാ പഴുതില്‍ നിന്ന് നമുക്ക് പുറത്തു കടക്കാം.
ചുറ്റിലും ആഞ്ഞടിക്കുന്ന ആത്മാര്‍ത്ഥതയുടെ തരിമ്പു പോലുമില്ലാത്ത വികാര തിരകള്‍ ഒന്നും ഇനി നമ്മളെ ഒട്ടും നനയ്ക്കുകയില്ല.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button