മലപ്പുറം: ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ യാത്രക്കാരന്റെ മൂക്ക് ഇടിച്ച് പൊട്ടിച്ച് പൊലീസ്. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. ഇന്നലെ രാവിലെ പത്തുമണിയോടെ കോട്ടയ്ക്കല്‍ ബസ് സ്റ്റാന്‍ഡിന് സമീപം പൊന്നാനിയിലേക്കു പോകുകയായിരുന്ന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് പോകാന്‍ വഴിയൊരുക്കുന്നതിനിടെ കാര്‍ യാത്രക്കാരനായ കോട്ടയ്ക്ക്ല്‍ കൊളത്തുപ്പറമ്പ് ശ്രുതിയില്‍ കെ ആര്‍ ജനാര്‍ദ്ദനനെ ( 69) പൊലീസുകാരന്‍ മര്‍ദ്ദിക്കുകയായിരുന്നു.
കാര്‍ വേണ്ടത്ര ഒതുക്കിയില്ലെന്ന് പറഞ്ഞായിരുന്നു ജനാര്‍ദ്ദനനെ പോലീസ് മര്‍ദിച്ചത്. ഗവര്‍ണര്‍ക്ക് വഴിയൊരുക്കി കൊടുത്ത കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ യാണ് കാര്‍ യാത്രക്കാരന്റെ മൂക്കിന് ഇടിച്ചു പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ കാര്‍ ഡ്രൈവറും റിട്ട. റയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുമായ ജനാര്‍ദനനെ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീട്ടില്‍ നിന്ന് സ്വാഗതമാട്ടേക്ക് കാറുമായി പോകുന്നതിനിടെ ജനാര്‍ദനന്‍ ഗവര്‍ണറുടെ പൈലറ്റ് വാഹനത്തിന്റെ സൈറണ്‍ കേട്ട് കാര്‍ ഒതുക്കി. ഇതിനിടെ പൊലീസ് എന്തെടാ നിനക്ക് വണ്ടി സൈഡാക്കാനൊന്നും അറിയില്ലേ എന്ന് ചോദിച്ച് മുഷ്ടി ചുരുട്ടി മൂക്കിന് ഇടിക്കുകയായിരുന്നു എന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു.
സംഭവം കണ്ട് കച്ചവടക്കാരും നാട്ടുകാരും തടിച്ചുകൂടി. പ്രശ്നമാകുമെന്ന് മനസ്സിലായ പൊലീസ് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പിനില്ലെന്ന്് ജനാര്‍ദ്ദനന്‍ അറിയിക്കുകയായിരുന്നു. അകാരണമായി തന്നെ മര്‍ദ്ദിച്ച എഎസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനാര്‍ദ്ദനന്‍ എസ്.പിക്ക് പരാതി നല്‍കി. അതേസമയം ജനാര്‍ദ്ദനനെ മര്‍ദ്ദിച്ചിട്ടില്ലെന്നും, അറിയാതെ കൈ കൊണ്ടതാകാമെന്നാണ് പൊലീസിന്റെ വിശദീകരണം.
Post Your Comments