KeralaLatest NewsNews

എക്‌സൈസില്‍ വനിത ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക പീഡനം

കോഴിക്കോട്: എക്‌സൈസ് വകുപ്പില്‍ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി. റെയ്ഞ്ച് ഓഫീസുകളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റോ അത്യാവശ്യം വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. പലയിടത്തും ജോലി സമയത്ത് മദ്യപിക്കുന്ന പുരുഷ ഓഫീസര്‍മാര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നു. രാത്രി പലപ്പോഴും വിളിച്ചു വരുത്തുന്നു, എന്നാല്‍ ജോലി കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ സമ്മതിക്കാറില്ല. പുഴുക്കളെപ്പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നു കാണിച്ച് ഒരുകൂട്ടം ജീവനക്കാരാണ് മനുഷ്യാവകാശ കമ്മീഷന്‍, എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

വനിതാ ഓഫീസര്‍മാര്‍ നല്‍കുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണം. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഒരു വനിത തന്നെയാവണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ മുതല്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വരെ ദുഷ്ട ലാക്കോടെയാണ് തങ്ങളെ സമീപിക്കുന്നത്. വ്യാജ പരാതിയാണെന്നോ ഭ്രാന്തന്‍ ചിന്തയാണെന്നോ കരുതി മുഴുവന്‍ വായിക്കാതെ തള്ളിക്കളയരുതെന്നും ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുമെന്ന ഭയം കൊണ്ടാണ് പേരുപറയാന്‍ മടിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

സര്‍ക്കിള്‍ ഓഫീസുകള്‍ക്ക് കീഴില്‍ വനിതാ റെയ്ഞ്ച് ഓഫീസുകള്‍ തുടങ്ങണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. അവരുടെ ഇംഗിതത്തിന് വഴങ്ങുന്നവര്‍ക്ക് മാത്രമാണ് സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിയുന്നത് എന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതിയില്‍ എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാനാണ് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യണമെങ്കില്‍ അസോസിയേഷന്‍ ഭാരവാഹികളേയോ മേലുദ്യോഗസ്ഥരേയോ തൃപ്തിപ്പെടുത്തേണ്ട ഗതികേടിലാണെന്നും പരാതിപ്പെടുന്നു. 2014 മുതലാണ് എക്‌സൈസ് വകുപ്പില്‍ സ്ത്രീകളെ നിയമിച്ചു തുടങ്ങിയത്. ഇതുവരെ മൂന്നു ബാച്ചുകളിലാണ് സ്ത്രീകളെ നിയമിച്ചത്. അവസാന ബാച്ച് ഇപ്പോള്‍ ട്രെയിനിങ് പൂര്‍ത്തിയാക്കി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button