കൊച്ചി : സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിലാണെന്നും ചെലവു ചുരുക്കണമെന്നും ബജറ്റ് പ്രസംഗത്തില്‍ ആഹ്വാനം ചെയ്ത ധനമന്ത്രി തോമസ് ഐസക്കിന്റെ ആയുര്‍വേദ സുഖചികിത്സയ്ക്കായി ഖജനാവില്‍നിന്നു ചെലവഴിച്ചത് 1.20 ലക്ഷം രൂപ. ഇതിനിടെ വാങ്ങിയ 14 തോര്‍ത്തുകളുടെ വിലയായ 195 രൂപയും ബില്ലിനൊപ്പം എഴുതിവാങ്ങിയെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി. ബിനുവിനു ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.
ഇതോടേധാനമന്ത്രിക്കെതിരെയും ട്രോളുകൾ നിരന്നു.കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലായിരുന്നു ചികിത്സ. 15 ദിവസത്തെ ചികിത്സയുടെ മൊത്തം ചെലവ് 1,20,048 രൂപ. മരുന്നിനു ചെലവായത് 21,990 രൂപ. മുറിവാടക 79,200 രൂപ! ചികിത്സയ്ക്കായി ദിവസവും ഓരോ തോര്‍ത്ത് വീതം വാങ്ങിയെന്നു കണക്കിലുണ്ട്; വില 195 രൂപ. തലയിണയ്ക്കു ചെലവായത് 250 രൂപ. കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ 27 വരെയാണു തിരുമ്മലും പിഴിച്ചിലും കിഴികുത്തലുമൊക്കെയായി സുഖചികിത്സ നടത്തിയത്.
വലിയ ചന്ദനാദി തൈലവും കുഴമ്പുകളുമൊക്കെ സുഖചികിത്സയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഇതിനായും പണവും ഈടാക്കി. വെളിച്ചെണ്ണയ്ക്കായി എഴുതിവാങ്ങിയിരിക്കുന്നത് 1964 രൂപയാണ്. മന്ത്രിമാർ ചികിത്സാ ചെലവിനായി ലക്ഷങ്ങൾ എഴുതി എടുക്കുന്ന വിവാദം കത്തിനിൽക്കേയാണ് ധനമന്ത്രിയുടെ ചികിത്സാ ചിലവ് പുറത്ത് വരുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ 28,000 രൂപയുടെ കണ്ണടയും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അരലക്ഷത്തോളം വിലവരുന്ന കണ്ണടയുമൊക്കെ വിവാദമായിരിക്കുകയാണ്.
Post Your Comments