KeralaLatest NewsNews

കല്യാണമണ്ഡപങ്ങളിലെ മോഷണ വീരന്‍ പിടിയില്‍ : മോഷണം നടത്തുന്നത്  വധുവിന്റെ അടുത്ത ബന്ധുവെന്ന് പരിചയപ്പെടുത്തി

തൃശൂര്‍: കല്യാണമണ്ഡപങ്ങളിലെ മോഷണ വീരന്‍ പിടിയില്‍. വിവാഹ ചടങ്ങില്‍ കയറിക്കൂടി പണവും സ്വര്‍ണാഭരണങ്ങളും മോഷണം നടത്തുന്ന തൃശൂര്‍ ചെറുവത്തേരി സ്വദേശി പെരുംപറമ്പില്‍ വീട്ടില്‍ സുമേഷ് (50) ആണ് പിടിയിലായത്. ചന്ദ്രന്‍, രാമകൃഷ്ണന്‍ എന്നീ പേരുകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. നിരവധി തട്ടിപ്പ്, കളവുകേസുകളില്‍ പ്രതിയാണ് ഇയാള്‍.

പാറമേക്കാവ് അമ്പലത്തിന്റെ കല്യാണമണ്ഡപത്തില്‍ മോഷണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തൃശൂര്‍ സ്വദേശിയായ വധുവിന്റെ ബന്ധുവാണെന്ന രീതിയില്‍ മുറിയില്‍കയറി വധുവിന്റെ ബാഗ് മോഷ്ടിച്ച് ബാഗില്‍ ഉണ്ടായിരുന്ന എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് നാല്‍പതിനായിരം രൂപ പിന്‍വലിക്കുകയായിരുന്നു. കാര്‍ഡുപയോഗിച്ച് തൃശൂരിലെ ജൂവലറിയില്‍നിന്ന് അമ്പതിനായിരം രൂപയ്ക്ക് സ്വര്‍ണാഭരണങ്ങളും ആയിരങ്ങള്‍ വിലമതിക്കുന്ന വാച്ചും വാങ്ങി. സ്വര്‍ണാഭരണങ്ങളും വാച്ചും പൊലീസ് കണ്ടെടുത്തു.
എല്ലാ ദിവസവും പത്രങ്ങള്‍ വായിച്ച് വിവാഹങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കണ്ടുപിടിച്ച് അവിടെയെത്തി മോഷ്ടിക്കുകയായിരുന്നു ഇയാളുടെ ശൈലി. നല്ല രീതിയില്‍ വസ്ത്രം ധരിച്ച് വധുവിന്റെ ബന്ധുവെന്ന രീതിയില്‍ ചടങ്ങില്‍ സജീവമാകും. താലികെട്ട് സമയത്താകും മോഷണം. അപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ കതിര്‍മണ്ഡപത്തിലാകും. കല്യാണ മണ്ഡപത്തിനോട് ചേര്‍ന്നുള്ള വധുവിന്റെ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ കയറി മോഷണം നടത്തും. സ്വര്‍ണപ്പണിക്കാരനായ സുമേഷ് വീടിനടുത്തുള്ള സ്വര്‍ണപണിശാലയില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച് 17 വര്‍ഷം മുമ്പ് നാടുവിട്ടതാണ്.

തൃശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ നിരവധി കല്യാണ സ്ഥലങ്ങളില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. തട്ടിയെടുത്ത ബാഗില്‍നിന്ന് കിട്ടിയ ബാഗിന്റെ ഉടമയുടെ തിരിച്ചറിയല്‍ രേഖയും ഒപ്പിട്ട ചെക്കു ബുക്കുകളും ഉപയോഗിച്ച് ബാങ്കില്‍നിന്നും പണം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

സുമേഷ് തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, ചേര്‍പ്പ്, വലപ്പാട്, അന്തിക്കാട്, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലെ പിടികിട്ടാപ്പുള്ളിയാണ്. പാറമേക്കാവിലെ കല്യാണമണ്ഡപത്തില്‍നിന്നും തട്ടിയെടുത്ത ബാഗില്‍നിന്ന് കിട്ടിയ ബാഗിന്റെ ഉടമയുടെ തിരിച്ചറിയല്‍ രേഖയും ഒപ്പിട്ട ചെക്കുബുക്കുകളും ഉപയോഗിച്ച് ബാങ്കില്‍നിന്നും പണം പിന്‍വലിച്ച കേസുമുണ്ട്.

കേസില്‍ പിടികൊടുക്കാതെ പല സ്ഥലങ്ങളില്‍ കറങ്ങിനടന്ന് മോഷണം നടത്തുകയായിരുന്നു. വാടകയ്ക്ക് പാത്രങ്ങളും കസേരകളും മേശകളും നല്‍കുന്ന കടകളില്‍ ചെന്ന് സഹോദരിയുടെ വിവാഹമാണെന്നു പറഞ്ഞ് വാടകയ്ക്ക് സാധനങ്ങള്‍ എടുത്ത് മറിച്ചുവില്‍ക്കുന്ന പതിവുമുണ്ട്്. ഇത്തരത്തില്‍ സാധനങ്ങള്‍ വാടകയ്‌ക്കെടുത്ത് വില്‍പ്പന നടത്തിയതിന് തൃശ്ശൂര്‍ ജില്ലയില്‍ നിരവധി കേസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button