ന്യൂഡല്‍ഹി: ഗോദ്ര കലാപം കാരണമാണ് 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരാജയപ്പെട്ടതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആത്മകഥയായ ‘ദി കൊയലിഷന്‍ ഇയേഴ്‌സി’ന്റെ മൂന്നാം വാള്യത്തിലാണ് മുന്‍രാഷ്ട്രപതി ഇക്കാര്യം പരാമര്‍ശിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയ്‌ക്കേറ്റ ഏറ്റവും വലിയ പ്രഹരവും 2002-ലെ ഗോദ്ര, ഗുജറാത്ത് കലാപങ്ങളായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ പ്രവചനങ്ങളെയും തകിടംമറിച്ചാണ് അന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം അട്ടിമറിജയം നേടിയതെന്നും മുന്‍രാഷ്ട്രപതി പറയുന്നു.
ഇന്ത്യ തിളങ്ങുന്നുവെന്ന പരസ്യവും എൻ ഡി എ യ്ക്ക് തിരിച്ചടിയായതായി അദ്ദേഹം സൂചിപ്പിക്കുന്നു.”വാജ്‌പേയിഭരണകാലം മുഴുവന്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അയോധ്യയില്‍നിന്ന് സബര്‍മതി എക്സ്പ്രസില്‍ തിരികെവരികയായിരുന്ന 58 ഹിന്ദു കുടുംബങ്ങളെ അഗ്നിക്കിരയാക്കിയതിലൂടെയാണ് സംഘര്‍ഷം തുടങ്ങുന്നത്.ഇത് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കലാപത്തിന് കാരണമായി. ഒരുപക്ഷേ, വാജ്‌പേയി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണത്.
അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ പരാജയകാരണവും ഗോധ്രയായി മാറി” -ഫസ്റ്റ് ഫുള്‍ടേം നോണ്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് എന്ന അധ്യായത്തിലാണ് പ്രണബിന്റെ ഈ പരാമർശം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ വിജയം ദേശീയവികാരമെന്ന് ചിലര്‍ എന്‍.ഡി.എ. നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതിനാൽ തെരഞ്ഞെടുപ്പ് ആറുമാസം നേരത്തെയാക്കിയതും എൻ ഡി എ യ്ക്ക് തിരിച്ചടിയായി.
കൂടാതെ വാജ്‌പേയിയെ അദ്ദേഹം ഈ പുസ്തകത്തിൽ പുകഴ്ത്തുന്നുമുണ്ട്. നന്നായി സംസാരിക്കുമായിരുന്ന വാജ്‌പേയി ഒരു സമ്പൂര്‍ണ പാര്‍ലമെന്റേറിയനായിരുന്നു. അദ്ദേഹത്തിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തിബന്ധങ്ങളിലേക്ക് കൊണ്ടുവരാതിരിക്കാനും വാജ്‌പേയിക്കായെന്നും പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു.
Post Your Comments